കോവിഡ് വാക്‌സിന്‍ 2021 ന് മുമ്പ് ഉണ്ടാകില്ല : ലോകാരോഗ്യസംഘടന

അടുത്ത വര്‍ഷം ആദ്യത്തോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ലോകാരോഗ്യസംഘടന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ : ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുകയാണ്. അതിനിടെ മാരക വൈറസിനെ വരുതിയിലാക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. അമേരിക്ക, ചൈന, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങി നിരവധി ലോകരാജ്യങ്ങളാണ് വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

ഇതിനിടെ 2021 ന് മുമ്പ് വാക്‌സിന്‍ ലഭ്യമാകില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. വാക്‌സിന്‍ ഗവേഷണത്തില്‍ മികച്ച പുരോഗതിയാണുള്ളത്. പലതും അന്തിമഘട്ടത്തോട് അടുത്തെത്തിയിട്ടുണ്ട്. എങ്കിലും ഇത് അടുത്ത വര്‍ഷം ആദ്യത്തോടെയല്ലാതെ മനുഷ്യരില്‍ ഉപയോഗിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. 

അടുത്ത വര്‍ഷം ആദ്യത്തോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ലോകാരോഗ്യസംഘടന. രാജ്യങ്ങള്‍ക്ക് ഏറ്റവും കാര്യക്ഷമമമായ നിലയില്‍ വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടന ശ്രമിക്കുന്നതെന്നും മൈക്ക് റയാന്‍ പറഞ്ഞു. ഇന്ത്യയിലും കോവിഡ് വാക്‌സിന്‍ പരീക്ഷണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മാസത്തില്‍ കോവിഡ് വാക്‌സിന്‍ പ്രഖ്യാപിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

ലോകത്താകെ ഒന്നരക്കോടിയിലേറെ പേര്‍ കോവിഡ് ബാധിതരായിട്ടുണ്ട്. ഇതില്‍ 5,39,2797 പേര്‍ നിലവില്‍ ചികില്‍സയിലാണ്. ഇവരില്‍ 66,271 പേരുടെ ആരോഗ്യ നില അതീവ ഗുരുതരമാണ്. ലോകത്താകെ 6,30,782 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അമേരിക്കയിലാണ് സ്ഥിതി ഏറെ ഗുരുതരം. 41 ലക്ഷത്തിലേറെ പേരാണ് അമേരിക്കയില്‍ രോഗബാധിതര്‍. മരണം ഒന്നര ലക്ഷത്തിനടുത്തെത്തി. ബ്രസീലില്‍ 22 ലക്ഷവും ഇന്ത്യിയല്‍ 12 ലക്ഷവും കോവിഡ് രോഗികളാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com