കോവിഡ് വാക്‌സിനുകൾ ഇത്ര പെട്ടെന്നൊ?

കോവിഡ് വാക്‌സിനുകൾ ഇത്ര പെട്ടെന്നൊ?
കോവിഡ് വാക്‌സിനുകൾ ഇത്ര പെട്ടെന്നൊ?

ടുത്തിടെ വന്ന റിപ്പോർട്ടുകളനുസരിച്ച്   കോവിഡ് മൂലം മരണമടഞ്ഞവരുടെ പോസ്റ്റ്മോർട്ടം പരിശോധനകളിൽ മിക്കവാറും എല്ലാ അന്തരാവയവങ്ങളിലും ബ്ലഡ്‌ ക്ലോട്ടുകൾ കണ്ടെത്തപ്പെട്ടിരിക്കുന്നു. ഇമ്മ്യൂൺ റിയാക്ഷൻ കാരണം രോഗം മാറിയവരുടെ പോലും  ആന്തരാവയവങ്ങൾ  തകരാറിലാവുന്നുണ്ട്.
രോഗം ഭേദമായി വീട്ടിലേയ്ക്ക് മടങ്ങിയവർ ഹ്ര്യദ്രോഗവും സ്‌ട്രോക്കും ത്രോംബോസിസുമായി തിരിച്ച് ആശുപത്രിയിലേക്ക്  തന്നെ വരുന്നു.
കുറഞ്ഞു വരുന്നു എന്ന് തോന്നിച്ചിരുന്ന കോവിഡ്  രോഗനിരക്ക് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഭയാനകമായ തോതിൽ വർധിക്കുകയാണ്.  രോഗ കാരിയായ വൈറസിനെ നിർമാർജനം ചെയ്യാൻ കൃത്യമായ ഒരു ചികിത്സ ഇല്ലാത്ത നിലയ്ക്ക്  ഫലപ്രദമായ ഒരു വാക്‌സിൻ തന്നെയാണ് ലോകത്തിനു മുഴുവൻ ഇപ്പോൾ  ഏറ്റവും ആവശ്യം.
 ഈ വിഷമാവസ്ഥയിൽ ഒരു കച്ചിത്തുരുമ്പെന്നോണം പ്രതീക്ഷാജനകമാണ്  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യിലെ പ്രൊഫസർ സാറാ ഗിൽബെർട്ടും സംഘവും നിർമ്മിച്ചെടുത്ത കോവിഡ് വാക്‌സിൻ.
ഈവാക്‌സിന്റെ ക്ലിനിക്കൽ ട്രയലിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഇമ്മ്യൂണിറ്റി ഉണ്ടാകുന്നുണ്ട് എന്ന  ഫലം ഏതാനും ദിവസങ്ങൾക്കുമുൻപാണ് പുറത്തു വന്നത്.   ഇൻഫ്ലുൻസ, MERS തുടങ്ങിയ മറ്റു ചില കൊറോണവൈറസുകളുടെ വാക്‌സിൻ പദ്ധതികൾക്കും   നേതൃത്വം നൽകിയിട്ടുള്ള  വാക്‌സിൻ ഗവേഷണ വിദഗ്ധയാണ് സാറാ ഗിൽബെർട്.   അവരുടെ ഇരുപത്തൊന്നു വയസ്സുകാരായ ട്രിപ്ലെറ്റ്‌ മക്കളടക്കം ഒരു സംഘം വോളണ്ടീയേഴ്സിലാണ്  ഈ ക്ലിനിക്കൽ ട്രയൽ നടത്തിയിട്ടുള്ളത്.

ഇരുന്നൂറിൽ പരം കോവിഡ് വാക്‌സിനുകളിൽ ശാസ്ത്രലോകം ഉറക്കമില്ലാതെ ഗവേഷണം നടത്തുമ്പോൾ വാക്‌സിൻ എന്ന പ്രതിരോധമാർഗ്ഗം ഒരിക്കൽ കൂടി ചർച്ചാ വിഷയമാവുന്നു.  പതിനേഴാം നൂറ്റാണ്ടിലെ ബുദ്ധസന്യാസിമാർ പാമ്പ് വിഷത്തെ പ്രതിരോധിക്കാൻ അതേ വിഷം കഴിച്ചതായി പരാമർശങ്ങളുണ്ട്. 1796 ൽ എഡ്വേർഡ് ജെന്നർ എന്ന ബ്രിട്ടീഷ് ശാസ്ത്രസജ്ഞനാണ് ആദ്യമായി വാക്‌സിനേഷൻ എന്ന സമ്പ്രദായം കണ്ടുപിടിച്ചത്. വസൂരി രോഗം ബാധിച്ച് നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചുപോയിരുന്നു. അങ്ങനെയിരിക്കെയാണ് വൈദ്യശാസ്ത്ര വിദ്യാർത്ഥിയായിരുന്ന ജെന്നർ ഗോവസൂരി ബാധിച്ച പശുക്കളെ പരിചരിച്ച പാൽക്കാരികൾക്ക് കൈകളിൽ ചെറിയ വസൂരിക്കുമിളകൾ വരുന്നതായും പിന്നീട് അവർക്ക് വസൂരി ബാധിക്കാതിരിക്കുന്നതായും നിരീക്ഷിച്ചത്.  പിന്നീട് അദ്ദേഹം ഉറപ്പോടെ ജോൺ ഫെപ്സ് എന്ന എട്ടുവയസുകാരന് ആദ്യം ഗോ വസൂരിയിൽ നിന്നുള്ള സ്രവം തൊലിയിൽ പുരട്ടി.  അതുകാരണം വളരെ തീവ്രത കുറഞ്ഞ കുറച്ചു വസൂരി കുമിളകൾ അവന്റെ കയ്യിൽ ഉണ്ടായി. രണ്ട് മാസങ്ങൾക്കു ശേഷം വസൂരി അഥവാ സ്മാൾ പോക്സ് അണുക്കൾ ആ കുട്ടിയുടെ ത്വക്കിൽ പുരട്ടി. ജെന്നറുടെ അനുമാനം പോലെ തന്നെ ആ കുട്ടിയ്ക്ക് വസൂരി പിടിപെട്ടില്ല. അവൻ വസൂരിയ്ക്ക്  ഇമ്മ്യൂണിറ്റി അഥവാ പ്രതിരോധം കൈവരിച്ചിരുന്നു.  ഈ  പരീക്ഷണമാണ് വാക്‌സിനേഷന്  അടിസ്ഥാനം ആയി തീർന്നിട്ടുള്ളത്. വാക്ക എന്ന ലാറ്റിൻ പദത്തിന് പശു എന്നാണ് അർത്ഥം.  പശുവിന്റെ വസൂരിയ്ക്ക്.കാരണമായ വൈറസിന്റെ പേരാണ് വാക്‌സിനിയ.  വാക്‌സിനിയ ഉപയോഗിച്ച് ഉള്ള പ്രതിരോധ പ്രക്രിയയിൽ നിന്നാണ് വാക്‌സിൻ എന്ന പ്രയോഗം ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് റാബീസ് എന്ന പേപ്പട്ടി വിഷബാധയിൽ നിന്ന്  ലൂയി പാസ്റ്റർ,  ജോസഫ് എന്ന ബാലനെ അത്ഭുതകരമായി വാക്‌സിനേഷൻ കൊണ്ട് രക്ഷപ്പെടുത്തുകയുണ്ടായി. ക്ഷയം, ഡിഫ്ത്തീരിയ വില്ലൻ ചുമ, ടെറ്റനസ് തുടങ്ങി സാർസ്,  ഇബോള, നിപ്പ വൈറസ്
എന്നിങ്ങനെ ഇന്ന് അസംഖ്യം രോഗങ്ങൾക്ക് ഫലപ്രദമായ വാക്‌സിനേഷൻ ഉണ്ടെന്ന് നമുക്കറിയാം.

എന്താണ് രോഗ പ്രതിരോധം?

വൈറസ്,  ബാക്ടീരിയ തുടങ്ങിയ  രോഗാണുക്കൾ നമ്മുടെ ശരീരത്തെ ബാധിക്കുമ്പോൾ ഒരു സൈറൺ കേട്ടാൽ എന്നപോലെ നമ്മുടെ പ്രതിരോധ വ്യവസ്ഥ എന്ന സൈന്യം  യുദ്ധസന്നദ്ധമാവുന്നു.  ശ്വേത രക്താണുക്കളാണ് ഈ സൈന്യത്തിൽ ഏറിയ പങ്കും. അതിൽ തന്നെ ബി ലിംഫോസൈറ്റ്സ് എന്നും ടി  ലിംഫോസൈറ്റ്സ് എന്നും രണ്ടു വിഭാഗങ്ങളുണ്ട്.
 ബി ലിംഫോസൈറ്റ്സ് രോഗാണുവിന്റെ പ്രോട്ടീൻ  തന്മാത്രകളെ(ആന്റിജൻ ) ഘടനാപരമായി നിർവീര്യമാക്കാൻ പോന്ന ആന്റിബോഡി എന്ന മറു തന്മാത്ര പുറപ്പെടുവിച്ച് നേരിടുന്നു. ആഗ്നേയാസ്ത്രത്തെ വരുണാസ്ത്രം കൊണ്ട് നേരിടുന്ന പോലെ ഒക്കെ ഒരു സീൻ ആണ് അത്  !

എന്നാൽ  ടി  ലിംഫോസൈറ്റ്സ് എന്ന മറ്റേ വിഭാഗം ശ്വേതരക്താണുക്കൾ കുറച്ചുകൂടെ കൈയ്യൂക്കു കാരാണ്. രോഗാണു അല്ലെങ്കിൽ വൈറസ് ബാധിച്ച് ക്ഷയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കോശങ്ങളെ വൈറസോടെ തന്നെ നശിപ്പിച്ച് മറ്റുകോശങ്ങളിലേക്കുള്ള രോഗവ്യാപനം തടയുക ആണ് അവരുടെ രീതി.  
ഈ രണ്ടു കൂട്ടരുടെയും മറ്റുചില സഹായക പ്ലറ്റൂണുകളുടെയും പരിശ്രമഫലമായി ഒരു ഘട്ടത്തിൽ വൈറസ് രോഗിയുടെ ശരീരത്തിൽ നിന്ന് മുഴുവനായി പുറത്താക്കപ്പെടുമ്പോൾ രോഗി സുഖം പ്രാപിക്കുന്നു. ഇതാണ് രോഗബാധയിൽ സംഭവിക്കുന്നത്.
തീർന്നില്ല, ഇതേ രോഗിയെ ഇതേ വൈറസ് ഒരിക്കൽ കൂടി ആക്രമിച്ചാൽ രണ്ടു തരം ലിംഫോസൈറ്റുകളും കൃത്യമായ മുൻപരിചയം കൊണ്ട് ഉടനടി പ്രതിരോധിച്ചു വൈറസിനെ നാമാവശേഷമാക്കും.

വാക്‌സിൻ എന്താണ്?

വൈറസും ഇമ്മ്യൂൺ സിസ്റ്റവും ആയി  യുദ്ധം  അല്ലെങ്കിൽ പ്രതി പ്രവർത്തനം  നടക്കുമ്പോൾ രോഗബാധയും (viral infection) രോഗലക്ഷണങ്ങളും  ഉണ്ടാകും.
വാക്‌സിനേഷൻ എന്നാൽ  നിർവീരീകരിച്ച  രോഗാണുവോ അതിന്റെ ആന്റിജനുകളോ രോഗ പ്രതിരോധം ഉണ്ടാക്കാൻ വേണ്ടി മനുഷ്യർക്കോ മൃഗങ്ങൾക്കോ നല്കുക എന്നതാണ്. അവിടെ രോഗബാധ ഇല്ല. എന്നാൽ പ്രതിരോധ പ്രവർത്തനം ഉണ്ട്.   പിന്നൊരവസരത്തിൽ വാക്‌സിനേഷൻ എടുത്തിട്ടുള്ള ആൾ അതേ രോഗാണുവിനെ നേരിടേണ്ടിവന്നാൽ മേല്പറഞ്ഞ മുഴുവൻ പ്രതിരോധ വ്യൂഹവും സജ്ജമായിരിക്കും,  വൈറസ് വന്നു പതുക്കെ താമസമാക്കാൻ തുടങ്ങുമ്പോഴേക്ക് പ്രതിരോധിച്ചു നശിപ്പിച്ചിരിക്കും.

ഇത്ര കൃത്യമായി ഒരു പ്രോട്ടോകോൾ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് കോവിഡ് വാക്‌സിനുകൾ ഇത്രയും വൈകുന്നത്..?

സാധാരണ ഗതിയിൽ നിർവീരീകരിച്ച വൈറസോ, വൈറസിന്റെ  ഒന്നോ അതിൽ കൂടുതലോ  പ്രോട്ടീനുകളെ (ആന്റിജനുകളെ) തിരഞ്ഞെടുത്തതോ  സുരക്ഷിതമായി നമ്മുടെ ശരീരത്തിൽ എത്തിയ്ക്കുകയാണ് വാക്‌സിൻ ചെയ്യുന്നത്.ഈ പ്രക്രിയ തന്നെ സ്വീകർത്താവിന്റെ സ്വാഭാവിക ജൈവപ്രക്രിയകൾക്കു യാതൊരു കോട്ടവും തട്ടാത്ത വിധം  ചെയ്യേണ്ടതാണ്.  മേല്പറഞ്ഞ  ആന്റിജനുകൾക്കെതിരായ ആന്റിബോഡികൾ നിർമിച്ചുകൊണ്ട് നമ്മുടെ ശരീരത്തിലെ ഡിഫെൻസ് ഡിപ്പാർട്മെൻറ്, ശരിക്കുമൊരു വൈറൽ ഇൻഫെക്ഷൻ എന്ന ആംബുഷ്  നേരിടാൻ വേണ്ടി പരിശീലിക്കുന്നു.  ഡോസ് ,ടോക്സിസിറ്റി, സേഫ്റ്റി ,എഫിക്കസി  തുടങ്ങി ഒരുപാടു കൃത്യതകൾ പാലിച്ചു വേണം വാക്‌സിൻ മൃഗങ്ങളിലുള്ള ട്രയൽ പരീക്ഷണത്തിലും  പിന്നീട് ക്ലിനിക്കൽ ട്രയലിലും എത്താൻ. അതിനൊപ്പം  പ്രതിരോധ തന്മാത്രയുടെ   രൂപീകരണവും അളവും  ഒക്കെ രേഖപ്പെടുത്തുകയും ക്രമപ്പെടുത്തുകയും വേണം. എന്നിട്ട് മൂന്നു ഘട്ടം ക്ലിനിക്കൽ ട്രയലുകൾ അതായത് സ്വയം തയ്യാറായി മുന്നോട്ടു വരുന്ന മനുഷ്യരിൽ വാക്‌സിൻ പരീക്ഷിക്കൽ , കഴിഞ്ഞാലേ സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സിന് വിപണിയിലേക്കുള്ള ലൈസൻസ് കിട്ടുകയുള്ളു . സാധാരണ ഗതിയിൽ മൂന്നുനാലു വർഷങ്ങൾ എടുക്കുന്ന ഒരു  തുടർ പ്രക്രിയയാണ് ഇത് .
(വാക്‌സിനുകൾ കൊണ്ടുണ്ടായത് എന്നപേരിൽ ഉള്ളതും ഇല്ലാത്തതുമായ പ്രശ്നങ്ങളെ കുറിച്ചുള്ള മുറവിളികളും ഓർക്കേണ്ടതാണ്).
മേല്പറഞ്ഞ പ്രക്രിയകളൊക്കെ ഏറ്റവും സുരക്ഷിതമായി   വെട്ടിച്ചുരുക്കി ഒരു വർഷത്തിനുള്ളിൽ വാക്‌സിൻ ഇറക്കി എന്നിരിക്കട്ടെ .കോവിഡിന്റെ കാര്യത്തിൽ എന്നാലും കടമ്പകളുണ്ട്.   

കോവിഡ് വാക്‌സിൻ നേരിടുന്ന പ്രതിബന്ധങ്ങൾ :

ഒന്ന്) ഉദാഹരണത്തിന്  സ്മാൾ പോക്സ് രോഗം വരികയോ  പോക്സ് വാക്‌സിൻ എടുക്കുകയോ ചെയ്ത ആൾക്ക് ജീവിതകാലം മുഴുവനും പോക്സ്  രോഗ പ്രതിരോധശേഷി ഉണ്ടാകും. എന്നാൽ കോവിഡ് രോഗമോ , വാക്‌സിനോ കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡികൾ മൂന്നോ    നാലോ  മാസങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളു. പിന്നീട്  അപ്രത്യക്ഷമാകുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ   ചക്കിനു വച്ചതു കൊക്കിനു കൊണ്ടു എന്ന് പറയുന്നത്    പോലെ ചില ആന്റിബോഡി കൾ  വൈറസ്സ് ബാധയ്ക്ക് ആക്കം കൂട്ടാറുമുണ്ട്. (വാക്‌സിൻ കണ്ട് പിടിച്ചാൽ തന്നെ അത് രോഗത്തെക്കാൾ കൂടുതൽ കുഴപ്പമാകാതെ നോക്കണം എന്ന് വൈറ്റ്  ഹൌസ്  മെഡിക്കൽ  ഉപദേഷ്ടാവായ ഡോക്ടർ ആന്റണി ഫൗച്ചി മുന്നറിയിപ്പായി പറഞ്ഞതോർക്കുന്നു).

ഇങ്ങിനെ  പറയുമ്പോൾ രോഗം വന്നു പോകുന്നത് ഒരു പ്രതിവിധി അല്ല എന്നും ദീർഘ കാല ഇമ്മ്യൂണിറ്റി ഉണ്ടാവില്ല എന്നും മനസ്സിലാകുമല്ലോ. അതോടെ ഹേർഡ് ഇമ്മ്യൂണിറ്റി യെ കുറിച്ചുള്ള പ്രതീക്ഷകളും സിദ്ധാന്തങ്ങളും തകിടം മറിയുന്നു . ഇൻഫ്ലുവെൻസ വാക്‌സിനുകളും ഇതുപോലെയാണ് .
1995 ഇൽ ചിക്കൻ പോക്സിനുള്ള വെരിസെല്ല വാക്‌സിൻ നിലവിൽ വരുന്നതിനു മുൻപ് അമേരിക്കയിൽ ചിക്കൻ പോക്സ് പാർട്ടി,  ഫ്ലൂ പാർട്ടി ഒക്കെ   ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.  ഈ അസുഖങ്ങൾ ഉള്ള ആളുകളിൽ നിന്ന് മനഃപൂർവം കുട്ടികളിലേയ്ക്കും മറ്റും പകരാൻ വേണ്ടി  സമ്പർക്കം ഉണ്ടാക്കുകയാണ് ഈ പറഞ്ഞ 'ആഘോഷ' ത്തിന്റെ താല്പര്യം. അതുകൊണ്ട് കുട്ടികൾക്ക് രോഗം വന്നു പോവുകയും ആജീവനാന്ത ഇമ്മ്യൂണിറ്റി ലഭിക്കുകയും ചെയ്യും എന്ന ചിന്തയിൽ നിന്നാണ് ഇത് . ഇതൊക്കെ വാക്‌സിനുകൾ നിലവിൽ വരുന്നത് വരെയേ ഉണ്ടായിരുന്നുള്ളു കേട്ടോ. ഇതിന്റെ ചുവടു പിടിച്ചാവും ഈയിടെ നോർത്ത് അമേരിക്കയിൽ "കോവിഡ് പാർട്ടി" കൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . തികച്ചും അപകടകരമായ ബുദ്ധിമോശമാണ് അത് എന്ന് അതിൽ പങ്കെടുത്തവർ തന്നെരോഗം ബാധിച്ച്  ശ്വാസം മുട്ടലോടെ ചികിത്സയ്ക്ക് വേണ്ടി കഷ്ടപ്പെട്ടുകൊണ്ട് പറയുകയും ചെയ്‌തു.  അസുഖം ഒരിക്കൽ വന്നാലും മൂന്നാലു മാസത്തിനകം വീണ്ടും വൈറസുമായി സമ്പർക്കമുണ്ടായാൽ വീണ്ടും കോവിഡ് പിടിപെടാം എന്ന് ഓർക്കേണ്ടതാണ്. അനന്തര ഫലങ്ങൾ നമുക്ക് അറിയാവുന്നതുമാണ്.

രണ്ട് : പ്രതിരോധ പ്രക്രിയ പ്രധാനമായും ബി ലിംഫോസൈറ്റുകൾ നിർമ്മിക്കുന്ന ആന്റിബോഡികൾ കാരണവും   വൈറസ് ബാധിത കോശങ്ങളെ  ടി ലിംഫോസൈറ്റുകൾ നശിപ്പിച്ചു കളയുന്നത് കൊണ്ടുമാണല്ലോ പൂർത്തിയാകുന്നത് . അതായത്  ഈ രണ്ടു തരം പ്രതിരോധത്തിന്റെയും  സംതുലനം ഉള്ളപ്പോഴാണ് രോഗി സുഖം പ്രാപിക്കുന്നത്.
എന്നാൽ മിക്കവാറും വാക്‌സിനുകൾ ടി ലിംഫോ സൈറ്റുകൾ വഴിയായ പ്രതിരോധം ഉണ്ടാക്കാറില്ല . അതായത് വൈറസിനെ  നിർമാർജനം ചെയ്യാൻ ആവശ്യത്തിനുള്ള അത്രയും  പ്രതിരോധം പല  വാക്‌സിനുകൾ ക്കും ഉണ്ടാവില്ല.
അത് ഒരു വലിയ പോരായ്മ തന്നെയാണ്.
ഓക്സ് ഫോർഡിലെ പ്രൊഫസർ ഗിൽബെർട്ടും ടീമും നിർമ്മിച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ഈ രണ്ടു തരം  ഇമ്മ്യൂണിറ്റിയും ഉളവാക്കുന്നു എന്നതാണ് ഈ വാക്‌സിനെ  മറ്റു കോവിഡ് വാക്‌സിനുകളെ ക്കാൾ പ്രതീക്ഷാജനകമാക്കുന്നത്.  

അടുത്ത ഘട്ടം ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തിയാകുന്നതോടെ ഓക്സ്ഫോർഡ് വാക്‌സിൻ വിപണിയിൽ എത്തേണ്ടതാണ്. കൂടുതൽ കാലം പ്രതിരോധം നിലനിൽക്കാത്തതു കൊണ്ട് ഫ്ലൂ  വാക്‌സിൻ പോലെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇത്തരം വാക്‌സിനും  എടുക്കേണ്ടിവരും.

ഈ രോഗത്തിന്റെ വ്യാപന രീതി അനുസരിച്ച്,     രോഗത്തെ  മുഴുവനായി തടയുവാനാവില്ല. രോഗതീവ്രതയും അതുകൊണ്ടു നീണ്ടു നിൽക്കാവുന്ന  ദൂഷ്യഫലങ്ങളും കാര്യമായി കുറയ്ക്കാനാകും.  
 ശരിക്കും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ശാസ്ത്രജ്ഞർ ഈ വൈറസിനെ പഠിച്ചു  കൊണ്ടിരിക്കുകയാണ്.  പ്രായ ലിംഗ ജനിതക വ്യത്യാസങ്ങളനുസരിച്ച് ഓരോ രോഗിയുടെ ശരീര വ്യവസ്ഥയും  വ്യത്യസ്തമായാണ്   ഈ രോഗബാധയോട് പ്രതികരിക്കുന്നത്  എന്ന (ഹോസ്റ്റ് ഫാക്ടർസ്) വസ്തുതയും വളരെ പ്രധാനമാണ്. അതായത് പഠനമർഹിക്കുന്നുണ്ട്,  ഗവേഷണം നടക്കുന്നുമുണ്ട്.  അതുകൊണ്ടു തന്നെ കോവിഡ്
വാക്‌സിനെയോ ചികിത്സയെയോ കുറിച്ചുള്ള അവസാനവാക്കിന് ഒട്ടും സമയമായിട്ടില്ല

ഓക്സ്ഫോർഡിനൊപ്പം ആസ്ട്ര സെനക്ക എന്ന  ഫാർമസ്യൂട്ടിക്കൽ കമ്പനിയും  മേല്പറഞ്ഞ  വാക്‌സിൻ ഗവേഷണത്തിൽ ഭാഗഭാക്കാണ്. ഇത് കൂടാതെ മോഡേണ എന്ന കമ്പനി പുറത്തിറക്കുന്ന RNA  വാക്‌സിനും ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ ഭേദപ്പെട്ട രോഗ പ്രതിരോധം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  നാനോടെക്നോളജി, സിന്തറ്റിക് പെപ്റ്റൈഡ് എന്നീ സങ്കേതങ്ങൾ ഉപയോഗിച്ചും വാക്‌സിൻ ഗവേഷണം പുരോഗമിക്കുന്നുണ്ട്. റഷ്യ ചൈന എന്നീ രാജ്യങ്ങളിൽ കോവിഡ് വാക്‌സിൻ ക്ലിനിക്കൽ ട്രയൽ അവസാന ഘട്ടത്തിൽ എത്തിയതായി റിപോർട്ടുകൾ ഉണ്ട്.  ഭാരത് ബയോ ടെക്,  സൈഡസ് കാഡില,  റിലയൻസ് ലൈഫ് സയൻസ് തുടങ്ങിയ  ഇന്ത്യൻ കമ്പനികളും കോവിഡ് വാക്‌സിൻ ഗവേഷണത്തിൽ മുന്നേറുന്നുണ്ട്.   ഏറ്റവും ഫലപ്രദമായ കോവിഡ് വാക്‌സിൻ കണ്ടെത്തിക്കഴിഞ്ഞാൽ അടുത്ത വെല്ലുവിളിയുണ്ട്. ഭീമമായ അളവിൽ വാക്‌സിൻ നിർമ്മിക്കുകയും ലോകത്തിന്റെ മുക്കിലും മൂലയിലും   എല്ലാം കോൾഡ് ചെയിൻ നിബന്ധനകളോടെ  കൊണ്ടെത്തിക്കുകയും ചെയ്യുക എന്നത്.  ഇത്രയും ആകാമെങ്കിൽ അതും മനുഷ്യൻ ചെയ്യും.  കാരണം ലോകത്തെല്ലാവർക്കും തന്നെ ആ വാക്‌സിൻ വേണം !

കളമശ്ശേരി എസ്‌സിഎംഎസ് ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com