കോവിഡിനൊപ്പം വില്ലനായി 'സൈലന്റ് ഹൈപ്പോക്‌സിയ'യും ; നിശബ്ദ കൊലയാളിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

നിശബ്ദനായ ഈ കൊലയാളിയെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി
കോവിഡിനൊപ്പം വില്ലനായി 'സൈലന്റ് ഹൈപ്പോക്‌സിയ'യും ; നിശബ്ദ കൊലയാളിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കോവിഡ് മഹാമാരി സംസ്ഥാനത്ത് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വില്ലനായി സൈലന്റ് ഹൈപ്പോക്‌സിയയും എത്തുന്നു. നിശബ്ദനായ ഈ കൊലയാളിയെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കോവിഡ് രോഗികളുടെ ശരീരത്തിലെ രക്തത്തിലെയും കോശങ്ങളിലെയും ഓക്‌സിജന്റെ അളവ്, യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് താഴുന്നതാണ് സൈലന്റ് ഹൈപ്പോക്‌സിയ. ഇത് മരണകാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ നിരവധി പേര്‍ക്ക് സൈലന്റ് ഹൈപ്പോക്‌സിയ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കോവിഡ് മരണങ്ങളില്‍ ഈ അവസ്ഥ ഇതുവരെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും കരുതിയിരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

സാധാരണ ഗതിയില്‍ ഓക്‌സിജന്‍ ലെവല്‍ താഴുമ്പോള്‍ ശരീരം അതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ശ്വസന ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് കൂടല്‍, പെട്ടെന്നുള്ള ശ്വാസമെടുക്കല്‍, വിയര്‍ക്കല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്. എന്നാല്‍ സൈലന്റ് ഹൈപ്പോക്‌സിയയില്‍ ഈ ലക്ഷണങ്ങള്‍ ഒന്നുമുണ്ടാകില്ല. സാധാരണ ശ്വസിക്കുന്നതുപോലെ തോന്നും. വളരെ അപകടകാരിയാണ് ഈ രോഗാവസ്ഥയെന്ന് അക്കാദമി ഓഫ് പള്‍മനറി ആന്റ് ക്രിട്ടിക്കല്‍ മെഡിസിനിലെ ഡോ. പി എസ് ഷാജഹാന്‍ പറയുന്നു.

യന്ത്രസംവിധാനങ്ങള്‍ വഴി മാത്രമേ സൈലന്റ് ഹൈപ്പോക്‌സിയയെ തിരിച്ചറിയാനാകൂ. പള്‍സ് ഓക്‌സിമീറ്റര്‍ വഴിയാണ് രോഗിയുടെ ഓക്‌സിജന്‍ നില വിലയിരുത്തുന്നത്. കോവിഡ് രോഗികളില്‍ നിരന്തരം ഓക്‌സിജന്‍ നില പരിശോധിച്ചുകൊണ്ടിരിക്കണമെന്നാണ് ആരോഗ്യവകുപ്പ് മെയ് 25 ന് പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി 600 പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ഓര്‍ഡര്‍ നല്‍കി. 2.04 കോടിയാണ് ഇതിനായി അനുവദിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ പറഞ്ഞു. സംസ്ഥാനത്ത് 32 കോവിഡ് ആശുപത്രികളിലായി 1112 ബെഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടേക്ക് പരമാവധി പള്‍സ് ഓക്‌സിമീറ്ററുകള്‍ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുകയും മരണം സംഭവിക്കുന്നതുമാണ് ഇത്തരക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കോവിഡ് രോഗികള്‍ വീടുകളില്‍ നിരീക്ഷമത്തില്‍ കഴിയുമ്പോള്‍, ഇത്തരമൊരു അവസ്ഥ വന്നാല്‍ യഥാസമയം വിദഗ്ധ ചികില്‍സ നല്‍കുന്നത് തടസ്സമാകുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com