പ്ലാസ്റ്റിക്കില്‍ കൊറോണ വൈറസിനെ മൂന്ന് ദിവസത്തോളം പേടിക്കണം, സ്റ്റെയിന്‍ലെസ് സ്റ്റീലിലും കാര്‍ഡ് ബോര്‍ഡിലും മണിക്കൂറുകള്‍; വീട്ടിലെത്തുന്ന മരുന്ന് പെട്ടി വരെ വില്ലന്‍ 

പ്ലാസ്റ്റിക്കിലും സ്റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് ദിവസങ്ങളോളും നിലനില്‍ക്കുമെന്നും കാര്‍ഡ് ബോര്‍ഡ് പ്രതലങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ഇവയ്ക്ക് നിലനില്‍ക്കാനാകുമെന്നും പഠനം
പ്ലാസ്റ്റിക്കില്‍ കൊറോണ വൈറസിനെ മൂന്ന് ദിവസത്തോളം പേടിക്കണം, സ്റ്റെയിന്‍ലെസ് സ്റ്റീലിലും കാര്‍ഡ് ബോര്‍ഡിലും മണിക്കൂറുകള്‍; വീട്ടിലെത്തുന്ന മരുന്ന് പെട്ടി വരെ വില്ലന്‍ 

ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് പുറത്തുവരുന്ന ഓരോ വാര്‍ത്തയും സൂചിപ്പിക്കുന്നത്. രോഗ വ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് എല്ലാവരും. കൈകള്‍ ഇടയ്ക്കിടെ കഴുകിയും മുഖം പൊത്തിയുമെല്ലാം വൈറസിനെ ചെറുക്കുമ്പോള്‍ ഇവയ്ക്ക് കടന്നുകൂടാന്‍ മറ്റു ചില വഴികള്‍ ചൂണ്ടിക്കാട്ടുകയാണ് പുതിയ പഠനം. വീട്ടിലേക്ക് വാങ്ങുന്ന പച്ചക്കറിയുടെ  കവര്‍ മുതല്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നത്തിന്റെ കാര്‍ഡ്‌ബോര്‍ഡ് പാക്കിങ്ങില്‍ വരെ കോവിഡ് 19 പരത്തുന്ന സാര്‍സ് കോവ് 2 വൈറസ് മണിക്കൂറുകളോളം നിലനില്‍ക്കും.

പ്ലാസ്റ്റിക്കിലും സ്റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് ദിവസങ്ങളോളും നിലനില്‍ക്കുമെന്നും കാര്‍ഡ് ബോര്‍ഡ് പ്രതലങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ഇവയ്ക്ക് നിലനില്‍ക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടി. 'എയ്‌റോസേളില്‍ (വാതകത്തില്‍ തങ്ങി നില്‍ക്കുന്ന സൂക്ഷ്മകണികകള്‍) മൂന്ന് മണിക്കൂര്‍ വരെ വൈറസ് കണ്ടുപിടിക്കാന്‍ സാധിക്കും. കോപ്പറില്‍ നാല് മണിക്കൂര്‍ വരെയും കാര്‍ഡ്‌ബോര്‍ഡില്‍ 24 മണിക്കൂറും വൈറസ് നിലനില്‍ക്കും. പ്ലാസ്റ്റിക്കിലും സറ്റെയിന്‍ലെസ് സ്റ്റീലിലുമാകട്ടെ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ വൈറസ് സജീവമായിരിക്കും', പഠനത്തില്‍ കണ്ടെത്തി.  

വീട്ടാവശ്യങ്ങള്‍ക്കായി വാങ്ങുന്ന സാധനങ്ങളുടെ പാക്കിങ്ങിനും ലേബലിങ്ങിനുമെല്ലാം പതിവായി ഉപയോഗിക്കുന്നവയാണ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പോളിപ്രൊപ്പൈലിന്‍ തുടങ്ങിയവ. മരുന്നുകള്‍ വിതരണം ചെയ്യുമ്പോഴും വസ്ത്രവ്യാപാരത്തിലുമെല്ലാം പതിവായി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കള്‍ കൊറോണയ്ക്ക് അനുയോജ്യമായ പ്രതലങ്ങളാണ്. 

2002-2003 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച സാര്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറോണ പരത്തുന്ന സാര്‍സ് കോവ് 2 ഇത്തരം പ്രതലങ്ങളില്‍ നിലനില്‍ക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ് പഠനം പറയുന്നത്. സാര്‍സ് ബാധയ്ക്ക് കാരണമായ വൈറസ് എട്ട് മണിക്കൂര്‍ വരെ മാത്രമേ ഇത്തരം പ്രതലങ്ങളില്‍ നിലനില്‍ക്കുമായിരുന്നൊള്ളു. 

മറ്റ് പ്രതലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോപ്പറിലാണ് വൈറസ് ഏറ്റവും കുറവ് സമയം നിലനില്‍ക്കുന്നത്. നാല് മണിക്കൂറില്‍ കുറവ് മാത്രമേ ഇവയെ കോപ്പര്‍ ഉത്പന്നങ്ങളില്‍ കണ്ടെത്താന്‍ കഴിയുകയൊള്ളു.  സ്റ്റീലില്‍ 13ഉം പ്ലാസ്റ്റിക്കില്‍ 16ഉം മണിക്കൂര്‍ പിന്നിട്ടുകഴിയുമ്പോള്‍ വൈറസിന്റെ ശക്തി നേര്‍പകുതിയായി കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെയും മൊണ്ടാന എന്‍ഐഎച്ച് വൈറോളജി ലാബിലെയും ഗവേഷകരാണ് ഈ പുതിയ പഠനത്തിന് പിന്നില്‍. പഠനം സ്ഥായിയി നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ നടത്തിയിട്ടുള്ളതാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com