കൊറോണ വേനല്‍ക്കാലം കൊണ്ട് അവസാനിക്കില്ല, ശൈത്യകാലത്ത് കൂടുതല്‍ രൂക്ഷമായേക്കാം ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വേനല്‍ക്കാലം കൊണ്ട് അവസാനിക്കില്ല, ശൈത്യകാലത്ത് കൂടുതല്‍ രൂക്ഷമായേക്കാം ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ന്യൂഡല്‍ഹി :  ഇന്ത്യയില്‍ വേനല്‍ക്കാലത്തെ അതിജീവിച്ച് കൊറോണ വൈറസ് അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനും ചികില്‍സയ്ക്കുമുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരാണ് ഈ നിരീക്ഷണം നടത്തിയത്. 

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൊറോണ വൈറസ് വ്യാപനം തുടരുമെന്ന് ലോകാരോഗ്യ സംഘടനയും വൈറസിനെപ്പറ്റി പഠനം നടത്തുന്ന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. സാര്‍സിനും മെര്‍സിനും ശേഷം ഏറ്റവുമധികം പേരെ ബാധിക്കുന്ന വൈറസാവും സാര്‍സ്‌കോവ്-2 എന്നും അവര്‍ വിശദീകരിക്കുന്നു. 

നിലവില്‍ പുതിയ വൈറസിനെ ചെറുക്കാന്‍ മനുഷ്യരില്‍ സ്വാഭാവിക രോഗപ്രതിരോധ ശേഷിയില്ല. രോഗബാധിതരുടെ സ്രവങ്ങളില്‍നിന്നാണ് വൈറസ് പടരുന്നത്. ഏപ്രില്‍, മേയ് മാസത്തെ ചൂടില്‍ ഈ സ്രവങ്ങളിലെ വൈറസ് അധികസമയം നിലനില്‍ക്കില്ലെന്നും വിദഗ്ധര്‍ പറയുന്നു.

അതേസമയം വേനല്‍ക്കാലത്ത് വൈറസിന്റെ വീര്യം നഷ്ടപ്പെട്ടാലും ശൈത്യത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍സ്  പ്രഫസര്‍ അന്നെലിസ് വില്‍ഡര്‍ സ്മിത് ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് വൈറസ് വ്യാപനം ത്വരിതഗതിയിലാവില്ല.അതുകൊണ്ടു തന്നെ പരിശോധിച്ചു കണ്ടെത്തുന്നതിലും ക്വാറന്റീന്‍ ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. 

തണുപ്പുള്ള കാലാവസ്ഥയില്‍ വൈറസിന്റെ വ്യാപനം കുറയുമെന്നാണ് ചിലര്‍ പ്രത്യാശിക്കുന്നത്. അത് ആഗ്രഹം മാത്രമാണ്, സത്യമല്ലെന്ന് പകര്‍ച്ചവ്യാധി രോഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന റുട്ട്‌ഗേഴ്‌സ് ന്യൂ ജഴ്‌സി മെഡിക്കല്‍ സ്‌കൂളിലെ ഡോവിഡ് സെന്നിമോ പറഞ്ഞു. 2009 ല്‍ വ്യാപിച്ച എച്ച് വണ്‍ എന്‍ വണ്‍ ഇപ്പോഴും പലരാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇതുപോലെ കോവിഡ്-19 ഉം അടുത്ത ശൈത്യകാലത്തും പ്രതീക്ഷിക്കാമെന്ന് സെന്നിമോ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com