പെട്ടന്നൊരു ദിവസം എല്ലാ മദ്യശാലകളും അടച്ചാല്‍ സംഭവിക്കുന്നത്; 'കൊറോണയേക്കാള്‍ കൂടുതല്‍ രോഗികള്‍ വരാം'; ഡോാക്ടറുടെ കുറിപ്പ് 

മാളുകളോ സിനിമാ തിയറ്ററുകളോ അടയ്ക്കുന്ന ലാഘവത്തില്‍ മദ്യശാലകളടയ്ക്കാന്‍ കേരളത്തിലെ സാഹചര്യത്തില്‍ പ്രയാസമാണ്
പെട്ടന്നൊരു ദിവസം എല്ലാ മദ്യശാലകളും അടച്ചാല്‍ സംഭവിക്കുന്നത്; 'കൊറോണയേക്കാള്‍ കൂടുതല്‍ രോഗികള്‍ വരാം'; ഡോാക്ടറുടെ കുറിപ്പ് 


കൊച്ചി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബാറുകളും ബിവറേജസും തുറന്ന് വച്ചിട്ട്, മറ്റാള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആശങ്ക ഉയരുന്നു. ഇത് അടച്ചിട്ടാല്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ വ്യക്തമാക്കി ഡോ. മനോജ് വെള്ളനാട് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് ഏറെ ചര്‍ച്ചയാകുന്നു. മദ്യപാനം കൊണ്ടൊരുപാട് ദോഷങ്ങളുണ്ട്. ദീര്‍ഘകാലത്തെ മദ്യപാനം കൊണ്ട് കരള്‍ രോഗങ്ങളും, കാന്‍സറും, മാനസികരോഗങ്ങളും വന്ന് മരിക്കുന്നവര്‍ ധാരാളമാണിവിടെ. മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം. പക്ഷെ, ശീലിച്ചുവന്ന മദ്യപാനം പെട്ടെന്നൊരു ദിവസം നിര്‍ത്തിയാലും ദോഷമാകാറുണ്ട്. ശരീരം ചിലപ്പോള്‍ അതിരൂക്ഷമായി പ്രതികരിക്കുമെന്ന് ഡോക്ടര്‍ പറയുന്നു.

അങ്ങനെ ആള്‍ക്കഹോള്‍ വിത്ഡ്രാവല്‍ സിന്‍ഡ്രോമെന്ന അവസ്ഥ വരാം. വളരെ പ്രയാസമേറിയ ഈ അവസ്ഥ ആശുപത്രിയില്‍ കിടത്തി വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള ഒന്നാണ്. ഗുരുതരമായ ഡെലീറിയം ട്രെമന്‍സ് എന്ന അവസ്ഥയിലേക്കും മരണത്തിലേക്കും വരെ ഇത് നയിക്കാം. ചികിത്സിക്കാന്‍ പ്രയാസമുള്ളതും ചെലവേറിയതും കഇഡ അഡ്മിഷനും വെന്റിലേറ്റര്‍ സഹായവുമുള്‍പ്പെടെ വേണ്ടതുമായ അവസ്ഥയാണിതെന്നും ഡോക്ടര്‍ പറയുന്നു.

മനോജ് വെള്ളനാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


ബാറുകളും ബിവറേജസും തുറന്ന് വച്ചിട്ട്, മറ്റാള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പലരും ആശങ്ക പ്രകടിപ്പിച്ചു കണ്ടു. അതില്‍ കുറേ പേരുടേതെങ്കിലും ആത്മാര്‍ത്ഥമായ സംശയമാണ്. മദ്യശാലകളില്‍ വരുന്നവരിലാര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അവിടുന്നത് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുമുണ്ട്.

സോഷ്യല്‍ ഡ്രിങ്കിംഗ്, റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംഗ് തുടങ്ങിയ വാക്കുകളോ അതെന്താണെന്നോ അറിയാത്തവരാണ് ഭൂരിഭാഗം മലയാളികളും. പരമാവധി മദ്യം അകത്താക്കുമ്പോള്‍ കിട്ടുന്ന അര്‍ദ്ധഅബോധാവസ്ഥകളാണ് മലയാളിയെ സംബന്ധിച്ച് മദ്യപാനം. സ്ഥിരമായി അങ്ങനെ തന്നെ കുടിച്ച് ശീലിച്ചവര്‍ ധാരാളമാണ് നമ്മുടെ നാട്ടില്‍. വെറുതേയൊന്ന് ചുറ്റുപാടുമുള്ള മദ്യപാനികളെ മനസിലോര്‍ത്താലറിയാന്‍ പറ്റും, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍.

മദ്യപാനം കൊണ്ടൊരുപാട് ദോഷങ്ങളുണ്ട്. ദീര്‍ഘകാലത്തെ മദ്യപാനം കൊണ്ട് കരള്‍ രോഗങ്ങളും, കാന്‍സറും, മാനസികരോഗങ്ങളും വന്ന് മരിക്കുന്നവര്‍ ധാരാളമാണിവിടെ. മദ്യപാനം ഒഴിവാക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം. പക്ഷെ, ശീലിച്ചുവന്ന മദ്യപാനം പെട്ടെന്നൊരു ദിവസം നിര്‍ത്തിയാലും ദോഷമാകാറുണ്ട്. ശരീരം ചിലപ്പോള്‍ അതിരൂക്ഷമായി പ്രതികരിക്കും.

അങ്ങനെ ആള്‍ക്കഹോള്‍ വിത്ഡ്രാവല്‍ സിന്‍ഡ്രോമെന്ന അവസ്ഥ വരാം. വളരെ പ്രയാസമേറിയ ഈ അവസ്ഥ ആശുപത്രിയില്‍ കിടത്തി വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള ഒന്നാണ്. ഗുരുതരമായ ഡെലീറിയം ട്രെമന്‍സ് എന്ന അവസ്ഥയിലേക്കും മരണത്തിലേക്കും വരെ ഇത് നയിക്കാം. ചികിത്സിക്കാന്‍ പ്രയാസമുള്ളതും ചെലവേറിയതും ICU അഡ്മിഷനും വെന്റിലേറ്റര്‍ സഹായവുമുള്‍പ്പെടെ വേണ്ടതുമായ അവസ്ഥയാണിത്.

കേരളത്തെ സംബന്ധിച്ച്, പെട്ടന്നൊരു ദിവസം എല്ലാ മദ്യശാലകളും അടച്ചാല്‍ സംഭവിക്കാന്‍ പോകുന്നത്,

1. മേല്‍പ്പറഞ്ഞ പോലെ, ആള്‍ക്കഹോള്‍ വിത്‌ഡ്രോവല്‍ വരുന്ന രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയാം. ഒരുപക്ഷേ കൊറോണയേക്കാള്‍ കൂടുതല്‍ രോഗികള്‍ വരാം.

2. വ്യാജമദ്യത്തിന്റെ ഉപയോഗവും അതുകാരണമുള്ള ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങളും ചിലപ്പോള്‍ വന്‍ ദുരന്തങ്ങളും വരെയുണ്ടാവാം.

3. മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കാം.

അതുകൊണ്ട് തന്നെ, മാളുകളോ സിനിമാ തിയറ്ററുകളോ അടയ്ക്കുന്ന ലാഘവത്തില്‍ മദ്യശാലകളടയ്ക്കാന്‍ കേരളത്തിലെ സാഹചര്യത്തില്‍ പ്രയാസമാണ്. കൊറോണ പ്രതിരോധം പോലെ തന്നെ, സര്‍ക്കാര്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. പൊതുജനങ്ങളും കരുതലോടെ തന്നെ ഈ വിഷയത്തില്‍ ഇടപെടണം.

1.മദ്യശാലകള്‍ വൈറസ് പകരുന്ന ഇടമായിരിക്കാമെന്ന ധാരണ എല്ലാവര്‍ക്കും വേണം. സ്ഥിരമായി മദ്യപാനശീലമില്ലാത്തവര്‍ ബിവറേജസില്‍ പോയി ക്യൂ നില്‍ക്കാതിരിക്കുന്നതാണ് ഉചിതം. പകരം വായന, സിനിമ, ചെസ്, കാരംസ് പോലുള്ള കളികള്‍, പേപ്പര്‍ ബാഗ്, തുണി സഞ്ചി നിര്‍മ്മാണം തുടങ്ങി നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും കാര്യങ്ങളില്‍ മുഴുകാന്‍ ശ്രമിക്കുക. സന്തോഷമുള്ള മറ്റുകാര്യങ്ങളില്‍ ലഹരി കണ്ടെത്താന്‍ ശ്രമിക്കുക.

2.മദ്യപിച്ചു ശീലിച്ചു പോയവര്‍ മദ്യം വാങ്ങാന്‍ പോവുകയാണെങ്കില്‍ അവിടെ തിരക്കൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തുള്ളയാളെ സ്പര്‍ശിക്കാതെ പരമാവധി അകലം പാലിക്കുക.

3. തിരികെ വീട്ടില്‍ വന്നാലുടന്‍ കൈകള്‍ സോപ്പിട്ട് കഴുകണം.

4. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുക, അംഗീകൃത ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്കാരുമായി സഹകരിച്ച് ഹോം ഡെലിവറി പറ്റുമോ എന്നാലോചിക്കുക ഒക്കെ സര്‍ക്കാരിന് ചെയ്യാവുന്നതാണ്.

5.അഥവാ എല്ലാ ഔട്ട്‌ലെറ്റുകളും അടയ്‌ക്കേണ്ടി വന്നാല്‍, വാങ്ങി സൂക്ഷിക്കാന്‍ സമയം അനുവദിച്ചശേഷം ചെയ്യുക. അപ്പോഴും തിരക്കൊഴിവാക്കാനുള്ള മുന്‍കരുതലുകള്‍ തീര്‍ച്ചയായും വേണ്ടിവരും.

6.ഊതിയുള്ള പരിശോധനയില്ലെന്ന് കരുതി ആരും മദ്യപിച്ച് വാഹനമോടിക്കരുത്. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തരുത്.

7. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും നിയമങ്ങളും നിര്‍ബന്ധമായും പാലിക്കുക.

ഇത് മദ്യപാനത്തെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കുന്ന കുറിപ്പല്ലാ. നിലവിലെ സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണിതെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാത്രമെഴുതിയതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com