ഒരാളില്‍ നിന്ന് ഒരു മാസം കൊണ്ട് എത്രപേരിലേക്ക് പകരാം?; സാമൂഹ്യ അകലം പാലിക്കല്‍ എന്തിന്?
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2020 03:11 PM |
Last Updated: 20th March 2020 03:11 PM | A+A A- |

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഊര്‍ജ്ജിതമായി തുടരുകയാണ്. രോഗബാധ തടയുന്നതിന് എല്ലാവരും പാലിക്കേണ്ട പൊതു നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂഹ്യ അകലം പാലിക്കല്‍. എല്ലാവരും പരസ്പരം സാമൂഹ്യ അകലം പാലിക്കാന്‍ തീരുമാനിച്ചാല്‍ രോഗം പടരുന്നതിന്റെ തീവ്രത കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
രോഗബാധ സ്ഥിരീകരിച്ച ഒരാള്‍ സാധാരണനിലയില്‍ മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അഞ്ചു ദിവസം കൊണ്ട് രണ്ടര ആളുകളിലേക്ക് രോഗം പകരാം. വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍, അതായത് സാമൂഹ്യ വ്യാപനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ലായെങ്കില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു മാസം കൊണ്ട് 406 ആളുകളായി ഉയരാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇനി രോഗം ബാധിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളുടെ എണ്ണത്തില്‍ 50 ശതമാനം കുറവ് സംഭവിച്ചാലോ, സ്ഥിതി മാറും. ഇത്തരത്തില്‍ ഒരു പരിധി വരെ മുന്‍കരുതല്‍ എടുത്തയാളുമായുളള സമ്പര്‍ക്കം മൂലം അഞ്ചു ദിവസം കൊണ്ട് രോഗം പകരുന്നവരുടെ എണ്ണം 1.25 ആളുകളായി കുറയും. അതായത് സാമൂഹ്യ അകലത്തില്‍ 50 ശതമാനം വരെ നിഷ്‌കര്‍ഷ പുലര്‍ത്തിയാല്‍ രോഗ വ്യാപനത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 30 ദിവസം കൊണ്ട് 15 ആയി ചുരുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നു.
ഇനി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ 75 ശതമാനം നിയന്ത്രണം പാലിച്ചാല്‍, ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കുളള രോഗവ്യാപനം ഗണ്യമായി കുറയ്ക്കാം. അതായത് ഇത്തരത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചയാളുമായുളള സമ്പര്‍ക്കം മൂലം അഞ്ചു ദിവസം കൊണ്ട് രോഗം പകരുന്നവരുടെ എണ്ണം ഒന്നില്‍ താഴെയാകും. 30 ദിവസം കൊണ്ട് ഇത് 2.5 ആളുകള്‍ മാത്രമായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.