ചുമയും ശ്വാസമുട്ടലും ഉണ്ടാകണമെന്നില്ല, ദഹനത്തകരാര്‍ പോലും കുട്ടികളില്‍ കോവിഡ് ലക്ഷണമാകാം; പഠനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th May 2020 01:02 PM |
Last Updated: 12th May 2020 01:02 PM | A+A A- |

പനി, വയറിളക്കം തുടങ്ങിയ ശ്വാസകോശ സംബന്ധമല്ലാത രോഗങ്ങള്‍ ഉള്ള കുട്ടികള്‍ക്കും കോവിഡ് സാധ്യത ഉണ്ടെന്ന് പുതിയ പഠനം. കുട്ടികള്‍ ശ്വാസകോശ സംബന്ധമല്ലാത്ത ലക്ഷണങ്ങള്‍ കാണിക്കുകയോ മറ്റ് രോഗങ്ങള്‍ അലട്ടുകയോ ചെയ്യുമ്പോള്‍ രോഗബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തുക ദുഷ്‌കരമായിരിക്കും. അതുകൊണ്ടുതന്നെ പനി, ദഹനേന്ത്രീയ തകരാര്‍ എന്നീ ബുദ്ധിമുട്ടുകള്‍ അലട്ടുന്ന കുട്ടികളും കോവിഡ് ബാധിതരായിരിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.
ശ്വാസകോശ സംബന്ധമല്ലാത്ത ലക്ഷണങ്ങള്‍ ഉപയോഗിച്ച് കോവിഡ് 19ന്റെ ക്ലിനിക്കല്‍ സൂചനകള്‍ വിശദീകരിക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ട് ആണിത്. ശ്വാസകോശത്തില്‍ വൈറസ് ലക്ഷ്യമിടുന്ന വാഹകരെ ആമാശയത്തിലും കാണാന്‍ സാധിക്കുന്നതുകൊണ്ടാണ് ഗാസ്‌ട്രോഇന്റസ്‌റ്റെനല്‍ ലക്ഷണങ്ങള്‍ വിവരിച്ചിരിക്കുന്നത്.
ശ്വാസകോശ അസുഖങ്ങള്‍ മൂലമല്ലാതെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പിന്നീട് ന്യൂമോണിയയും കോവിഡും സ്ഥിരീകരിച്ച സാഹചര്യങ്ങളും ഗവേഷകര്‍ പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ചില കുട്ടികളെ കിഡ്‌നി സ്‌റ്റോണ്‍ മൂലവും മറ്റുചിലരെ ബ്രെയിന്‍ ഇഞ്ചുറി മൂലവും ഒക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌സ്‌റേ സ്‌ക്കാനില്‍ ഈ കുട്ടികള്‍ക്ക് ന്യുമോണിയ ബാധ കണ്ടെത്തിയിരുന്നെന്നും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നെന്നും പഠനത്തില്‍ പറയുന്നുണ്ട്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും രോഗം സ്ഥിരീകരിക്കുന്ന അഞ്ചില്‍ നാല് കുട്ടികളിലും ദഹനേന്ത്രീയ തകരാര്‍ കാണപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.