കൊറോണ വൈറസിനെ കൃത്യതയോടെ മണത്ത് കണ്ടുപിടിക്കും, നായ്ക്കള്‍ മണിക്കൂറില്‍ നൂറോളം പേരെ പരിശോധിക്കുമെന്ന് ശാസ്ത്രജ്ഞര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2020 02:56 PM |
Last Updated: 24th November 2020 02:56 PM | A+A A- |

കൊറോണ വൈറസ് നായ്ക്കള്‍ കൃത്യതയോടെ മണത്ത് കണ്ടുപിടിക്കുമെന്ന് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ ഘ്രാണ ശേഷി പ്രയോജനപ്പെടുത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിമാനത്താവളം, മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതിലൂടെ മണിക്കുറില്‍ നുറോളം ആളുകളെ നിരീക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും ഇതായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
വൈറസിനെ കണ്ടെത്താനുള്ള പരിശീലനം ലോകമെമ്പാടും നായ്ക്കള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതെല്ലാം മികച്ച ഫലം കാണിക്കുന്നുണ്ടെണ് പരിശീലകര്‍ പറയുന്നത്. അതേസമയം നായ്ക്കള്‍ കൊറോണ വൈറസ് കണ്ടെത്തുമെന്നതില്‍ വിശദമായ അവലോകനങ്ങള്‍ നടത്താത്തതിനാല്‍ പരിശീലനം ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട്. ചില ഗവേഷണ സംഘങ്ങള്‍ നായ്ക്കളിലെ ഈ സവിശേഷത സംബന്ധിച്ച ഗൗരവമായ പഠനം നടത്തുന്നുണ്ട്. എന്നാല്‍ പിസിആര്‍ മെഷിനുകള്‍ക്ക് പകരം എന്ന നിലയിലേക്ക് നായ്ക്കളെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
അമേരിക്ക, ഫിന്‍ലാന്‍ഡ്, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളും ഗള്‍ഫ് നാടുകളും വിമാനത്താവളങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് വൈറസ് ബാധിതരെ അറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ലെബനനില്‍ 1680 യാത്രികരെ പരിശോധിച്ച നായ്ക്കള്‍ 158 പേര്‍ക്ക് വൈറസ് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് പിസിആര്‍ ടെസ്റ്റില്‍ സ്ഥിരീകരിക്കുകയും ചെയ്തു.