നേരിയ തോതില്‍ കോവിഡ് വന്നുപോയാലും പ്രതിരോധശേഷി ഉണ്ടാകും, വൈറസ് ബാധിച്ചിട്ടില്ലാത്തവരിലും ആന്റീബോഡി സാന്നിധ്യം; കണ്ടെത്തല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2020 10:41 AM |
Last Updated: 25th November 2020 10:43 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊറോണ വൈറസ് നേരിയ തോതില്‍ വന്നുപോയവര്‍ക്കും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗപ്രതിരോധ ഘടകങ്ങള്‍ ഉണ്ടാകുമെന്ന് പഠനം. ഇതുവരെ രോഗം ബാധിക്കാത്തവര്‍ മുന്‍കൂട്ടി രോഗപ്രതിരോധശേഷി കൈവരിച്ചിട്ടുണ്ടാകുമെന്ന സാധ്യതയും ഇന്ത്യയില്‍ നിന്നുള്ള പഠനത്തില്‍ പറയുന്നു.
സാധാരണ ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകളുമായുള്ള പ്രവര്‍ത്തനം വഴിയാണ് സാര്‍സ് കോവ് 2 ബാധിച്ചിട്ടില്ലാത്തവരില്‍ പ്രതിരോധ ഘടകങ്ങള്‍ ഉണ്ടാകുന്നത് (ക്രോസ് റിയാക്ടിവിറ്റി ഇമ്മ്യൂണിറ്റി). സിംഗപ്പൂരില്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ചിട്ടില്ലാത്ത 70ശതമാനം ആളുകളില്‍ ക്രോസ് റിയാക്ടിവിറ്റി ഇമ്മ്യൂണിറ്റി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സിംഗപ്പൂരില്‍ ഇത് 45 ശതമാനവും അമേരിക്കയില്‍ 50 ശതമാനവുമാണ്. ഇന്ത്യയില്‍ കോവിഡ് മരണസംഘ്യ കുറയാനുള്ള ഒരു കാരണമായി കരുതുന്നതും ഇതാണ്.
ആന്റിബോഡികള്‍ക്കൊപ്പമുള്ള ടി സെല്ലുകള്‍ വൈറല്‍ അണുബാധകള്‍ക്കെതിരായ പ്രതിരോധത്തിന്റെ അവിഭാജ്യ ഘടകമാണ്. കോശങ്ങളെ നേരിട്ട് ലക്ഷ്യംവയ്ക്കാനും ഇല്ലാതാക്കാനുമുള്ള കഴിവ് തന്നെയാണ് കാരണം. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയ ആളുകളില്‍ നിര്‍ദ്ദിഷ്ട ടി സെല്‍ പ്രതിരോധശേഷി ഉണ്ടെന്ന് സിംഗപ്പൂര്‍ പഠനം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെയും എയിംസ് ഡല്‍ഹിയിലെയും ഗവേഷകരും അമേരിക്കയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ചേര്‍ന്ന് ഇത് ഇന്ത്യയിലും കണ്ടെത്തി. മറ്റ് രാജ്യങ്ങളില്‍ കണ്ടതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ രോഗപ്രതിരോധ ഘടകങ്ങള്‍ ഇന്ത്യയിലെ ആളുകളില്‍ ഉണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
കോവിഡ് രോഗികളില്‍ വൈറസ് ബാധ കണ്ടെത്തിയതിന് ശേഷമുള്ള നാല് മുതല്‍ അഞ്ച് മാസം വരെ സാര്‍സ്-കോവ്-2നെതിരെ പ്രവര്‍ത്തിക്കുന്ന ആന്റീബോഡിക്ക് കുറവുണ്ടാകുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.ഈ പഠനത്തിലെ കണ്ടെത്തല്‍ കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനും ഗുണകരമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.