കാലാവസ്ഥയ്ക്ക് അനുസരിച്ച് എല്ലാ വര്‍ഷവും കോവിഡ് പൊട്ടിപ്പുറപ്പെടും ; സംക്രമണ നിരക്ക് ഉയര്‍ന്ന തോതില്‍, പഠനം

പ്രതിരോധശേഷി കൈവരിക്കുന്നതു വരെ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ഏറ്റവും ഉചിതമായ മാര്‍ഗം
കാലാവസ്ഥയ്ക്ക് അനുസരിച്ച് എല്ലാ വര്‍ഷവും കോവിഡ് പൊട്ടിപ്പുറപ്പെടും ; സംക്രമണ നിരക്ക് ഉയര്‍ന്ന തോതില്‍, പഠനം

വാഷിങ്ടണ്‍ : കോവിഡ് വൈറസ് ബാധ ഇനി ലോകരാജ്യങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍. കാലാവസ്ഥ മാറ്റം, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം തുടങ്ങിയ അവസ്ഥകളില്‍ രോഗപ്പകര്‍ച്ച വീണ്ടും പ്രകടമാകുമെന്നാണ് ലെബനനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂട്ടിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. 

സമൂഹം ആര്‍ജ്ജിത രോഗപ്രതിരോധശേഷി കൈവരിക്കുന്നതുവരെ ഇതു തുടരുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹസ്സൻ സരാകാത് പറയുന്നു. കൊറോണ വൈറസ് നമ്മോടൊപ്പമുണ്ട്. അത് തുടരുകയും ചെയ്യും. സമൂഹം ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കുന്നതു വരെ ഓരോ വര്‍ഷവും മഹാമാരിയായി പൊട്ടിപ്പുറപ്പെടുകയും ചെയ്യും. പഠനം വ്യക്തമാക്കുന്നു. 

കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി കൈവരിക്കുന്നതു വരെ സമൂഹം വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ഏറ്റവും ഉചിതമായ മാര്‍ഗം. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം ചേരല്‍ ഒഴിവാക്കല്‍ എന്നിവ തുടരണമെന്നും ഡോ. ഹസ്സന്‍ നിര്‍ദേശിച്ചു. 

സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ, കോവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക. ഇപ്പോള്‍ തന്നെ കോവിഡിന് പലതരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള മറ്റ് ശ്വാസകോശ വൈറസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഡ് 19 ന് ഉയര്‍ന്ന തോതിലുള്ള സംക്രമണ നിരക്ക് ഉണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com