ഡെല്‍റ്റയ്ക്ക് പിന്നാലെ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് കൂടി, രോഗം പിടിപെടുന്നത് കൂടുതലും കുട്ടികളില്‍; അമേരിക്കയില്‍ ആശങ്ക

മഞ്ഞുകാലത്ത് ചികിത്സ തേടി രോഗികള്‍ കൂട്ടത്തോടെ എത്തിയ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തില്‍ പകച്ചുനില്‍ക്കേ, അമേരിക്കയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടര്‍ന്നുപിടിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അതിവേഗം പടരുന്ന ആര്‍എസ് വി( respiratory syncytial virus) കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ, അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഡെല്‍റ്റ വകഭേദമാണ് കോവിഡ് വ്യാപനത്തിന് കാരണമായത്. അതിനിടെയാണ് ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസിന്റെ സാന്നിധ്യം വ്യാപകമായി കണ്ടത്. ആര്‍എസ് വി ബാധിച്ചവര്‍ക്ക് പനിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ജൂണ്‍ മുതലാണ് ആര്‍എസ് വി ബാധിച്ച കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ മാസം കേസുകളിൽ വലിയ വര്‍ധന ഉണ്ടായതായി സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂക്കൊലിപ്പ്, ചുമ, തുമ്മല്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തണുപ്പ് സമയത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് രോഗം പടരുന്നത് ആദ്യമായാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  അതിനിടെ കുട്ടികളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. കോവിഡ് ബാധിച്ച് നിരവധി കുട്ടികളും കൗമാരക്കാരുമാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്. 

മഞ്ഞുകാലത്ത്് ചികിത്സ തേടി രോഗികള്‍ കൂട്ടത്തോടെ എത്തിയ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ് വി ബാധിച്ച നിരവധി കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. രോഗം പടര്‍ന്നുപിടിക്കുന്നത് മൂലം ആശുപത്രിയില്‍ കിടക്കകള്‍ കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നതായി ടെക്‌സാസിലെ കുട്ടികളുടെ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഹെതര്‍ ഹഖ് പറയുന്നു. രണ്ടാഴ്ചക്കിടെ പുതിയ അണുബാധയില്‍ 148 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ 73 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ടെക്‌സാസ്, ഫ്‌ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആര്‍എസ് വി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com