സൂചിപ്പേടി കൊണ്ടാണോ വാക്‌സിൻ എടുക്കാത്തത്? ഇതാ ചില പൊടിക്കൈകൾ 

 സൂചി പേടി മാറ്റി വാക്‌സിൻ കുത്തിവയ്പ്പ് പ്രക്രിയ സുഗമമാക്കാൻ ചില ശാസ്ത്രീയ വഴികളുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സൂചികണ്ടാൽ തന്നെ പേടിച്ചു മാറിനിൽക്കുന്നവർ ഒരുപാടുണ്ട്. നമ്മുടെ ചുറ്റുമുള്ളവരിൽ പത്തിൽ ഒരാൾ ഇത്തരത്തിൽ സൂചിപ്പേടി ഉള്ളവരാണ്. കോവിഡ് വാക്‌സിനെക്കുറിച്ചുള്ള അവബോധ പ്രവർത്തനങ്ങളിൽ ഇത് തിരിച്ചടിയായിട്ടുണ്ടുതാനും. എന്തിനെയെങ്കിലും കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാകുമ്പോൾ അത് ഒഴിവാക്കാനോ വൈകിപ്പിക്കാനോ ആയിരിക്കും ശ്രമം. ഭയവും സമ്മർദ്ദവും താങ്ങാനാവാതെ രക്ഷപെടാൻ ആയിരിക്കും പരിശ്രമിക്കുന്നത്. വാക്‌സിനെടുക്കാൻ ആളുകൾ മടിക്കുമെന്നതുകൊണ്ടുതന്നെയാണ് ഈ പേടി നിലവിലെ സാഹചര്യത്തിൽ സങ്കീർണ്ണമാകുന്നത്.

വാക്‌സിൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ദിവസം അറിയുമ്പോൾ മുതൽ മുന്നോട്ടുള്ള ഓരോ നിമിഷവും സൂചി കുത്തുന്ന നിമിഷം എങ്ങനെ താണ്ടുമെന്നോർത്ത് ഉറക്കം കളയുന്നവർ ഒരുപാടുണ്ട്. സൂചി പേടി മാറ്റി വാക്‌സിൻ കുത്തിവയ്പ്പ് പ്രക്രിയ സുഗമമാക്കാൻ ചില ശാസ്ത്രീയ വഴികളുണ്ട്. കാർഡ് (കംഫർട്ട്, ആസ്‌ക്, റിലാക്‌സ്, ഡിസ്ട്രാക്ട്) സിസ്റ്റം ഇതിന് ഏറെ സഹായകരമാണ്. 

സൂചി പേടി ഉണ്ടെന്ന് മുൻകൂട്ടി അറിയുന്നവർ ഇഞ്ചെക്ഷനെടുക്കാൻ പോകുന്നതിന് മുമ്പ് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. 

  • കുത്തിവയ്‌പ്പെടുക്കാനുള്ള കൈ പെട്ടെന്ന് കാണിച്ചുകൊടുക്കാൻ സഹായിക്കുന്ന തരത്തിലെ വസ്ത്രം തിരഞ്ഞെടുക്കുക. 
  • വാക്‌സിൻ സെന്ററിൽ ഊഴം കാത്തിരിക്കുമ്പോൾ എന്തുചെയ്യും? വായന, പാട്ടുകേൾക്കുക, വിഡിയോ ഗെയിം കളിക്കുക തുടങ്ങിയ ഇഷ്ട വിനോദങ്ങൾ ഇതിനായി തെരഞ്ഞെടുക്കാം. 
  • ഇഞ്ചെക്ഷൻ എടുക്കാൻ പോകുന്നു എന്ന് എടുക്കുന്നയാൾ എങ്ങനെ നിങ്ങളെ അറിയിക്കണം. 
  • ഇഞ്ചെക്ഷൻ എടുക്കുന്നത് നോക്കിയിരിക്കണോ എന്ന് നേരത്തെ തീരുമാനിച്ചുറപ്പിക്കുക. 
  • കുത്തിവയ്ക്കുമ്പോൾ ശ്രദ്ധതിരിക്കാൻ മറ്റെന്തെങ്കിലും കാര്യം സംസാരിക്കണോ, ഫോണിൽ കളിച്ചുകൊണ്ടിരിക്കണോ എന്ന് ആലോചിച്ച് തീരുമാനിക്കണം. 
  • ഇഞ്ചെക്ഷൻ എടുത്തതിന് ശേഷം സ്വയം എങ്ങനെ പ്രോത്സാഹിപ്പിക്കും. 

മേൽപറഞ്ഞ കാര്യങ്ങളും വിഡിയോയായി സൂക്ഷിച്ചാൽ അടുത്ത തവണ ഇഞ്ചെക്ഷൻ എടുക്കുന്നതിന് മുമ്പ് എന്തുചെയ്യണമെന്ന് കൂടുതൽ വ്യക്തത ലഭിക്കും. ഇത്തരം നീക്കങ്ങളിലൂടെ സൂചിയോടുള്ള സാമാന്യം പേടി മാറ്റിയെടുക്കാമെങ്കിലും അങ്ങേയറ്റം ഭയമുള്ള ആളാണ് നിങ്ങളെങ്കിൽ ഇത്തരം സ്ട്രാറ്റജികൾക്കപ്പുറമുള്ള തയ്യാറെടുപ്പുകൾ വേണ്ടിവരും. പ്രധാനമായും ആത്മവിശ്വാസം നേടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എക്‌സ്‌പോഷർ ബേസ്ഡ് തെറാപ്പി എന്നാണ് ഇതിനെ പറയുക. സ്വാഭാവികമായി സംഭവിക്കുന്നതോ ഒരു ഭയപ്പെടുത്തുന്ന സാഹചര്യത്തെക്കുറിച്ച് സങ്കൽപ്പിച്ചുകൊണ്ടിരിക്കുന്നത് വഴിയോ എക്‌സ്‌പോഷർ തെറാപ്പി സംഭവിക്കാം. 

സൂചി കാണുമ്പോൾ പേടി തോന്നുന്നത് എന്തുകൊണ്ടാണെന്ന് വിശകലനം ചെയ്ത് ഓരോ കാര്യവും എഴുതുന്നതാണ് ആദ്യ പടി. രക്തം കാണുമെന്ന് ചിന്തിച്ചിട്ടാണോ, സൂചി കുത്തുന്നകാര്യം ചിന്തിച്ചുകൊണ്ടിരുന്നിട്ടാണോ, വേദന, തലകറക്കം അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന് പരിശോധിച്ച് സ്വയം കണ്ടെത്തണം. ഇവ ഒരു ലിസ്റ്റ് ആയി തയ്യാറാക്കുകയാണ് ചെയ്യേണ്ടത്. ഈ കാരണങ്ങളെ ഏറ്റവും കുറവ് പേടിപ്പിക്കുന്ന സാഹചര്യം മുതൽ ഏറ്റവും കൂടുതൽ എന്ന ക്രമത്തിൽ തരംതിരിക്കണം. സൂചിയുടെ പടം കാണുമ്പോൾ തോന്നുന്ന പേടി അടക്കമുള്ളവ ഇതിൽ ഉൾപ്പെടുത്താം. 

ചില ആളുകൾ സൂചി കാണുമ്പോഴേ തലകറങ്ങി വീഴും, അമിത പേടി ഉള്ളവരിലാണ് ഇത്തരം അവസ്ഥകൾ കണ്ടുവരുന്നത്. മസിൽ ടെൻഷൻ ഇത്തരം ആളുകൾക്ക് പരീക്ഷിക്കാവുന്നതാണ്. മസിൽ മുറുക്കുകയും റിലാക്‌സ് ചെയ്യിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. ഏതൊരു പേടിയെയും അഭിമുഖീകരിക്കാനും തരണം ചെയ്യാനും ആത്മവിശ്വാസം അനിവാര്യമാണ്.  പേടിയെ നേരിടാൻ കഴിഞ്ഞാൽ ഇതിൽ നിന്ന് കൂടുതൽ ആത്മവിശ്വാസം നേടിയെടുക്കാനാകും. അതേസമയം എങ്ങനെയെങ്കിലും അതിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് തീരുമാനമെങ്കിൽ പേടി കൂടുതൽ രൂക്ഷമായി തുടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com