പുകവലിയും മദ്യപാനവും വേണ്ട, നന്നായി ഉറങ്ങണം; വാക്‌സിനേഷന് മുന്‍പും ശേഷവും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 10:38 AM |
Last Updated: 02nd February 2021 10:38 AM | A+A A- |
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വാക്‌സിനേഷനെ തന്നെയാണ് നാം ആശ്രയിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ വാക്‌സിനെടുത്തവര്‍ക്കാര്‍ക്കും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വാക്‌സിനേഷന് മുന്‍പും ശേഷവും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലി, മദ്യപാനം, കടുത്ത മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, വ്യായാമം എന്നിവ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുകയും വാക്‌സിനേഷന്‍ പ്രക്രിയയെ നിരര്‍ത്ഥകമാക്കുകയും ചെയ്യും.
"പുകവലി ആന്റിബോഡിയുടെ ഫലം കുറയ്ക്കാന്‍ കാരണമാകും. കൂടാതെ, വാക്‌സിനേഷനുശേഷം ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടാലും പുകവലിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിക്കാരില്‍ വളരെ പെട്ടെന്ന് അതിന്റെ സ്വാധീനം ക്ഷയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവയും ആന്റിബോഡി ഉത്പാദനം കുറയ്ക്കും. അതുകൊണ്ട് വാക്‌സിന്‍ എടുക്കുന്നതിന് മുമ്പുള്ള രണ്ട് രാത്രികള്‍ നന്നായി ഉറങ്ങുന്നത് ഉപകാരപ്രദമാകും", ഫിസിഷ്യന്‍ ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു. നല്ല ഉറക്കം, വ്യായാമം, പുകവലിയും മദ്യപാനവും മാറ്റിനിര്‍ത്തുന്നതും വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്നതിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും.
പ്രായമായവര്‍ പോസിറ്റീവ് മാനസികാവസ്ഥയില്‍ വാക്‌സിന്‍ എടുക്കുന്ന ദിവസം ചിലവിട്ടാല്‍ മരുന്ന് കൂടുതല്‍ ഫലം നല്‍കുമെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയില്‍ വാക്‌സിനേഷനോടുള്ള രോഗപ്രതിരോധ പ്രതികരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്ന പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനേഷന് വൈറസില്‍ നിന്ന് ഒരാളെ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ കഴിയുമോ എന്നും ഓരോ വ്യക്തിയുടെ രോഗപ്രതിരോധശേഷിയെ ആശ്രയിച്ച് ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡിയുടെ കാലാവധി വ്യത്യാസപ്പെടാമെന്നുമുള്ള ഘടകങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഓരോ വ്യക്തിയിലും ആന്റിബോഡിയുടെ പ്രവര്‍ത്തനം വ്യത്യാസപ്പെട്ടിരിക്കും. ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ നാലുമാസം മുതല്‍ ഒരു വര്‍ഷം വരെ മതിയായ ആന്റിബോഡികള്‍ നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തവരില്‍ ആന്റിബോഡിയുടെ അളവും കാലാവധി അപര്യാപ്തമായിരിക്കും, പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. അനുപ് ആര്‍ വാരിയര്‍ പറഞ്ഞു.