കെന്റില്‍ കണ്ടെത്തിയ കൊറോണ വൈറസ് ലോകം നിറയും; വാക്‌സിനേയും മറികടന്നേക്കാം; മുന്നറിയിപ്പ്‌

കോവിഡ് വാക്‌സിൻ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാൻ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷൻ) സംഭവിച്ച വൈറസെന്നാണ് വിലയിരുത്തപ്പെടുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ലണ്ടൻ: യുകെയിലെ കെന്റിൽ കണ്ടെത്തിയ ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണ വൈറസ് ലോകത്തിനു ഭീഷണി ഉയർത്തിയേക്കുമെന്ന് മുന്നറിയിപ്പ്. കോവിഡ് വാക്‌സിൻ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാൻ കഴിവുള്ളതായിരിക്കും ജനിതക ഭേദഗതി (മ്യൂട്ടേഷൻ) സംഭവിച്ച വൈറസെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരൺ പീകോക്ക് ആണ് മുന്നറിയിപ്പുമായി എത്തുന്നത്. 

നിലവിൽ യുകെയിലെമ്പാടും വൈറസ് വകഭേദം ശക്തിപ്രാപിച്ചു കഴിഞ്ഞു. ലോകം മുഴുവൻ ഇതു പടരാനാണ് സാധ്യത. വാക്സിനേഷന് തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവർ പറയുന്നു. യഥാർഥ വൈറസിനെ കൂടാതെ ജനിതക പരിവർത്തനം സംഭവിച്ച ഒട്ടേറെ വകഭേദങ്ങളും പലയിടത്തും കണ്ടെത്തിയിരുന്നു. അതിൽ യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെയാണ് ലോകം ആശങ്കയോടെ കണ്ടത്. 

പെട്ടെന്നു പടരാനുള്ള ശേഷിയാണ് ഇവയെ അപകടകാരിയാക്കിയത്.  ഫൈസറും, ആസ്ട്രാസെനകയും വികസിപ്പിച്ചെടുത്ത വാക്സീനുകൾ ജനിതക പരിവർത്തനം സംഭവിച്ച യുകെ വൈറസുകൾക്കെതിരെ ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ നിലവിൽ ജനിതക പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന കെന്റ് വൈറസുകൾക്കെതിരെ വാക്സീൻ വഴി ആർജിക്കുന്ന രോഗപ്രതിരോധ ശേഷി പോരാതെ വരുമെന്നാണ് മുന്നറിയിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com