കോവിഡ് വാക്സിൻ നിങ്ങൾക്ക് എപ്പോൾ കിട്ടും? എങ്ങനെ രജിസ്റ്റർ ചെയ്യണം? അറിയേണ്ടതെല്ലാം 

ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള മുപ്പത് കോടി ആളുകൾക്കാണ് വാക്‌സിൻ ലഭിക്കുക. നിങ്ങൾ ചെയ്യേണ്ടത്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വാക്സിൻ രാജ്യത്ത് അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകികഴിഞ്ഞു. ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള മുപ്പത് കോടി ആളുകൾക്കാണ് വാക്‌സിൻ ലഭിക്കുക. ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും പ്രതിരോധ മരുന്ന് നൽകും. തുടർന്നാണ് അൻപതിന് മുകളിൽ പ്രായമുള്ളവർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും വാക്‌സിൻ നൽകുക. മറ്റ് രോഗങ്ങൾ ഉള്ളവരിൽ പ്രഥമ പരിഗണന നൽകേണ്ടവരുടെ വിവരങ്ങൾ തയ്യാറാക്കികൊണ്ടിരിക്കുകയാണ് സർക്കാർ. 

വാകസിനേഷൻ നടപടികളുമായി മുന്നോട്ട് നീങ്ങുമ്പോഴും നിരവധി വ്യാജ പ്രചരണങ്ങൾ ഉയരുന്നുണ്ട്. ഈ സമയത്ത് ഇത്തരം റൂമറുകളിൽ വിശ്വസിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

വാക്‌സിൻ ആദ്യം ലഭിക്കുന്നത് ആർക്ക്? നിങ്ങൾക്ക് എപ്പോൾ കിട്ടും?

ആരോഗ്യപ്രവർത്തകർ: ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ഒരു കോടിയോളം വരുന്ന ജീവനക്കാർക്കാണ് വാക്‌സിൻ ആദ്യം നൽകുക. ഡോക്ടർമാർ, നേഴ്‌സുമാർ തുടങ്ങി മെഡിക്കൽ വിദ്യാർത്ഥികൾക്ക് വരെ ഈ ഘട്ടത്തിൽ പ്രതിരോധ മരുന്ന് നൽകും. മെഡിക്കൽ സൂപ്പർവൈസർമാർക്കും ഓഫീസർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനുമെല്ലാം ആദ്യ ഘട്ടത്തിൽ തന്നെ വാക്‌സിൻ ലഭിക്കും. 

മുൻനിര പോരാളികൾ: ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ രണ്ട് കോടിയോളം വരുന്ന മുൻനിര പോരാളികൾക്കാണ് വാക്‌സിൻ ലഭിക്കുക. കേന്ദ്ര/സംസ്ഥാന പൊലീസ് സേന, സായുധ സേന, ഹോം ഗാർഡ്, ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ് ഓർഗനൈസേഷൻ, ജയിൽ ജീവനക്കാർ തുടങ്ങി കോവിഡ് ഡ്യൂട്ടിയിലുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് വരെ ഈ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കും. പ്രതിരോധ മന്ത്രാലയത്തിലെയും ഭവന, നഗരകാര്യ മന്ത്രാലയത്തിലെയും ജീവനക്കാർക്കും വാക്‌സിൻ ലഭിക്കും. 

അൻപതിന് മുകളിൽ പ്രായം: വാക്‌സിൻ വിതരണത്തിൽ മൂന്നാമതുള്ളത് അൻപതിന് മുകളിൽ പ്രായമുള്ളവരാണ്. ഏറ്റവും പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ഇത് കണ്ടെത്തും. 

തീവ്രബാധിത പ്രദേശങ്ങളിലെ ആളുകൾ: ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവരെ മുൻഗണനയനുസരിച്ച് സർക്കാരുകൾ ക്രമീകരിക്കും. കോവിഡ് വാക്‌സിൻ കാര്യനിർവ്വഹണ ചുമതലയുള്ള വിദഗ്ദ്ധ സംഘമാണ്(എൻഇജിവിഎസി) ഇത് തീരുമാനിക്കുക. 

മറ്റുള്ളവർ: ഈ വിഭാഗങ്ങളിലൊന്നും ഉൾപ്പെടാത്തവർക്ക് ഇത്രയും പേർ വാക്‌സിൻ സ്വീകരിച്ചതിന് ശേഷമായിരിക്കും ലഭിക്കുക. 

വാക്‌സിൻ ലഭിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യണം?

കോവിഡ് വാക്‌സിൻ ലഭിക്കുന്നതിനുവേണ്ടി രജിസ്റ്റർ ചെയ്യാനായി കേന്ദ്രം പുതിയൊരു മൊബൈൽ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. കോവിൻ ആപ്പ് (CoWIN App) ആണ് ഉപയോഗിക്കേണ്ടത്. അധികം താമസിക്കാതെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 

ആപ്പിൽ ആഞ്ച് ഭാഗങ്ങളാണുള്ളത്. അഡ്മിനിസ്‌ട്രേഷൻ മൊഡ്യൂൾ, രജിസ്‌ട്രേഷൻ മൊഡ്യൂൾ, വാക്‌സിനേഷൻ മൊഡ്യൂൾ, ബനഫിഷ്യറി അക്‌നോളഡ്ജ്‌മെന്റ് മൊഡ്യൂൾ, റിപ്പോർട്ട് മൊഡ്യൂൾ എന്നിവയാണ് അത്. അഡ്മിനിസ്‌ട്രേഷൻ ഭാഗം വാക്‌സിനേഷൻ നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ളതാണ്. രജിസ്‌ട്രേഷൻ ഭാഗത്തിലാണ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ വിവരങ്ങൾ അടങ്ങുക. തദ്ദേശ ഭരണാധികാരികൾ നൽകുന്ന വിവരങ്ങളും മറ്റ് രോഗ വിവരങ്ങളും ഈ ഭാഗത്ത് ഉൾപ്പെടുത്തും. വാക്‌സിനേഷൻ മൊഡ്യൂളിൽ വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ ഉറപ്പുവരുത്തുകയും അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും.  ബനഫിഷ്യറി അക്‌നോളഡ്ജ്‌മെന്റ് ഭാഗത്താണ് എസ്എംഎസ് സേവനങ്ങൾ ലഭിക്കുക. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റിനുള്ള ക്യൂആർ കോഡും ഇവിടെയാണ് ജനറേറ്റ് ചെയ്യുന്നത്. റിപ്പോർട്ട് മൊഡ്യൂളിൽ എത്ര വാകിസിനേഷൻ സെഷൻ എടുത്തു, എത്ര ആളുകൾ വാക്‌സിൻ സ്വീകരിച്ചു തുടങ്ങിയ വിവരങ്ങളാണ് അടങ്ങുക. 

നിങ്ങൾ ചെയ്യേണ്ടത്

  • കോവിൻ ആപ്പിൽ സ്വന്തമായി രജിസ്റ്റർ ചെയ്യുക. 
  • ആധാർ അഥവാ സർക്കാർ നൽകിയിട്ടുള്ള മറ്റേതെങ്കിലും രേഖ തിരിച്ചറിയലിനായി അപ്ലോഡ് ചെയ്യാം. 
  • ബയോമെട്രിക്, ഒടിപി തുടങ്ങിയ രീതികളിൽ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തും. 
  • ഒരിക്കൽ രജിസ്റ്റർ ചെയ്താൽ വാക്‌സിനേഷനുള്ള ദിവസവും സമയവും ലഭിക്കും. ജില്ല അധികാരികളാണ് രജിസ്‌ട്രേഷൻ അംഗീകരിക്കുന്നത്. 
  • വാക്‌സിനേഷന് ശേഷം ക്യൂആർ മുഖേന സർട്ടിഫിക്കറ്റ് കോവിൻ ആപ്പിൽ ലഭിക്കും. 

എവിടെ നിന്നാണ് വാക്‌സിൻ എടുക്കുക?

  • സർക്കാർ/സ്വകാര്യ ആരോഗ്യ സേവന കേന്ദ്രങ്ങൾ - ഇവിടെ ആരോഗ്യ പ്രവർത്തകരോ ഡോക്ടർമാരോ ഉണ്ടാകും. 
  • സ്‌കൂളുകളും കമ്മ്യൂണിറ്റി ഹോളുകളും വാക്‌സിൻ വിതരണത്തിന് ഉപയോഗിക്കും. 
  • എത്തിപ്പെടാൻ പ്രയാസമുള്ള റിമോട്ട് ഇടങ്ങളുൽ മൊബൈൽ സേവനങ്ങളും ഉണ്ടാകും. 

എങ്ങനെയാണ് വാക്‌സിനേഷൻ പ്രക്രിയ?

വാക്‌സിൻ എടുക്കുന്നതിന് മുമ്പായി കാത്തിരിപ്പ് മുറിയിൽ ഇരിക്കണം. വാക്‌സിൻ എടുക്കുന്നതിനായി പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ടാകും. വാക്‌സിൻ എടുത്തശേഷം അരമണിക്കൂർ ഒബ്‌സർവേഷനിൽ ഇരിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com