കൊറോണയുടെ മറ്റൊരു വകഭേ​ദം കൂടി, ഇത് 'യുഎസ്എ വേരിയന്റ്'; ബ്രിട്ടൻ വൈറസിനേക്കാൾ 50 ശതമാനം അധിക വ്യാപനശേഷി, മുന്നറിയിപ്പ്

കോവിഡ് 19ന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വ്യാപന ശേഷി കൂടിയ കോവിഡ് 19ന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന്  വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ്. ബ്രിട്ടനിൽ കണ്ടെത്തിയ അതിതീവ്ര വൈറസിന് പുറമേ 50ശതമാനം അധിക വ്യാപന ശേഷിയുള്ള മറ്റൊരു വേരിയന്റിനെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. 

വസന്തകാലത്തും വേനൽകാലത്തും കണ്ടിരുന്നതിന്റെ രണ്ടിരട്ടി വൈറസ് ബാധയാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും നിയുക്ത സംഘം പറഞ്ഞു. ഇത് വൈറസിന്റെ 'യുഎസ്എ വേരിയന്റ്' രൂപപ്പെട്ടിരിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ് നി​ഗമനം. ബ്രിട്ടനിൽ വ്യാപിക്കുന്ന കൊറോണ വൈറസ് വകഭേദം പോലെയാണ് അമേരിക്കയിലെ ഈ പുതിയ വേരിയന്റ് പെരുമാറുന്നതെന്ന് മുൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ സ്കോട്ട് ഗോട്‌ലീബ് പറഞ്ഞു. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം അമേരിക്കയിൽ 52 പേർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്  പുതിയ വകഭേദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. 

വാക്സിൻ ജനങ്ങളിലേക്കെത്തേണ്ട സമയമാണ് ഇതെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഫേസ് മാസ്ക്കും സാമൂഹിക അകലവും കൃത്യമായി പാലിച്ചില്ലെങ്കിൽ മഹാമാരി കൂടുതൽ മോശമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കോവിഡ് ബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട ഇമേരിക്കയിൽ ഇതുവരെ 21,857,293 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 368,736 പേർക്ക് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com