വാക്സിൻ എടുത്താൽ 42 ദിവസം മദ്യം ഉപേക്ഷിക്കണോ? 'വൈറൽ' സംശയങ്ങളും മറുപടിയും

നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് വാക്സീൻ നൽകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം മദ്യം ഉപേക്ഷിക്കണം എന്നതരത്തിൽ നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാക്സിനെടുത്താൽ തുടർന്നുള്ള 42 ദിവസം മദ്യം കഴിക്കരുതെന്ന് ചിലർ പറയുമ്പോൾ മറ്റു ചില മെസേജുകളിൽ 31 ദിവസത്തേക്ക് മദ്യപാനം വേണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും സംബന്ധിച്ച് നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. എന്നാൽ, കോവിഡ് വാക്സിൻ സ്വീകരിക്കലും മദ്യപാനവും തമ്മിൽ ബന്ധപ്പെടുത്തി എന്തെങ്കിലും നിർദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആരോ​ഗ്യരം​ഗത്തെ ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇത്തരത്തിൽ നിരവധി സംശയങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. 

കോവിഡ് പോസിറ്റീവ് ആയ വ്യക്തി അതറിയാതെ വാക്സിൻ സ്വീകരിച്ചാൽ പ്രശ്നമുണ്ടോ എന്നാണ് സംശയങ്ങളിലൊന്ന്. രോ​ഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കോവിഡ് പരിശോധന നടത്താത്ത ആൾ പോസിറ്റീവ് ആണെങ്കിലും കോവിഡ് വാക്സിൻ എടുക്കുന്നതിൽ പ്രശ്നമില്ലെന്നാണ് ആരോ​ഗ്യ വകുപ്പ് അറിയിക്കുന്നത്. അതേസമയം പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചാൽ വാക്സിൻ നൽകില്ല.

നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. മൂന്നാം ഘട്ടത്തിലാണു പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാവുക. എന്നാൽ മൂന്നാംഘട്ട വാക്സിൻ വിതരണം സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ രജിസ്ട്രേഷൻ പോലുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല. വാക്സിൻ ആദ്യ ഡോസ് ലഭിച്ചവർക്കെല്ലാം രണ്ടാമത്തെ ഡോസും‌ കിട്ടുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്. ആകെ എത്തിയ ഡോസിന്റെ പകുതി എണ്ണം ആളുകൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. അതിനാൽ വാക്സിൻ പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിലും ഇപ്പോൾ എത്തിയതിൽ നിന്നു തന്നെ രണ്ടാം ഡോസ് നൽകാൻ കഴിയും.

 അര മില്ലി ലീറ്റർ ആണ് ഒരു ഡോസ്. ഒരു ബോട്ടിൽ തുറന്നാൽ അതിൽനിന്ന് പത്ത് പേർക്കാണ് കുത്തിവയ്പ്പെടുക്കാൻ കഴിയ‌ുക. ദിവസത്തെ അവസാനത്തെ ബോട്ടിൽ തുറക്കുമ്പോൾ 7 പേർ എങ്കിലും ഉണ്ടാവണം എന്നാണ് നിർദേശം നൽകിയിട്ടുള്ളത്. 4–5 മിനിറ്റ് വരെ ഒരാൾ‍ക്ക് കുത്തിവയ്പ് എടുക്കാൻ വേണ്ടിവരും. മണിക്കൂറിൽ 15 പേർക്കു കുത്തിവയ്പ് എടുക്കാനാവുമെന്നു കരുതുന്നത്. ഇതനുസരിച്ച് ദിവസം 100 പേർക്കാണ് ആദ്യഘട്ടത്തിൽ കുത്തിവയ്പ്പ് നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 

വാക്സിൻ വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു കുത്തിവയ്പ്പ്. 4 മുതൽ 12 ആഴ്ച വരെ ഇടവേളയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. കേരളത്തിൽ 4 ആഴ്ചത്തെ ഇടവേള കൊണ്ടു തന്നെ രണ്ടാം ഡോസ് വിതരണം നടത്താനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com