ശ്വാസകോശം അല്ല, കോവിഡ് ഏറ്റവും ബാധിക്കുന്ന അവയവം; പുതിയ പഠനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th January 2021 11:05 AM |
Last Updated: 28th January 2021 01:11 PM | A+A A- |
പ്രതീകാത്മക ചിത്രം
കോവിഡ് ബാധ ശരീരത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കുന്നത് തലച്ചോറില്‍ എന്നു പഠനം. ശ്വാസകോശമാണ് കൊറോണയുടെ ആക്രമണത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത് എന്ന ധാരണ തിരുത്തുന്നതാണ്, ജോര്‍ജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരുടെ പഠനം.
കോവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പഠനഫലങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരും. വൈറസസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
എലികളിലാണ് സംഘം പഠനം നടത്തിയത്. ഒരു കൂട്ടം എലികളില്‍ കൊറോണ വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി. പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച് 56 ദിവസമായിട്ടും ഇവയുടെ തലച്ചോറിലെ വൈറസ് തോത് കുറഞ്ഞില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ 1000 മടങ്ങ് അധികമായിരുന്നു തലച്ചോറിലെ വൈറസിന്റെ തോതെന്നും പഠനം കണ്ടെത്തി.
എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരിലെ വൈറസ് ബാധയെക്കുറിച്ചു കൂടുതല്‍ ഗവേഷണം വേണമെന്നാണ ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കോവിഡ് രോഗമുക്തി നേടി ശ്വാസകോശ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആയതിനു ശേഷവും ചില രോഗികള്‍ പെട്ടെന്ന് രോഗഗ്രസ്തരായി മരിക്കാറുണ്ട്. ഇതിന് പിന്നില്‍ ഇത്തരത്തില്‍ തലച്ചോറുമായി ബന്ധപ്പെട്ട വൈറസ് തോതാണെന്ന് ഗവേഷകര്‍ സംശയിക്കുന്നു.