അമിതപ്രതീക്ഷ വേണ്ട, ഈ വർഷവും കോവിഡിനെ തുരത്താൻ കഴിഞ്ഞേക്കില്ല; ലോകാരോഗ്യ സംഘടന
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2021 12:15 PM |
Last Updated: 30th January 2021 12:15 PM | A+A A- |
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
ഈ വർഷവും കോവിഡ് മഹാമാരിയെ പാടെ തുടച്ച് നീക്കാമെന്ന അമിതപ്രതീക്ഷ വേണ്ടെന്ന് ലോകാരോഗ്യ സംഘടന. പൂർണ്ണമായും കോവിഡിനെ നിർമാർജ്ജനം ചെയ്യുന്ന രീതിയിലേക്ക് വാക്‌സിനുകൾ ഈ വർഷം നമ്മെ നയിച്ചേക്കില്ലെന്നാണ് ഡബ്യുഎച്ച്ഒ പറഞ്ഞിരിക്കുന്നത്. കോവിഡ്–19 രോഗികൾക്കായുള്ള പുതിയ ആരോഗ്യ മാർഗനിർദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അൻപതിലധികം വാക്‌സിനുകൾ കോവിഡിനെതിരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും രോഗവ്യാപനം നിലയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മെച്ചപ്പെടില്ലെന്നാണ് ഡബ്യുഎച്ച്ഒ പറയുന്നത്. അതുകൊണ്ടുതന്നെ മാസ്‌ക് ധരിക്കൽ, കൈകഴുകൽ, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മുൻകരുതലുകൾ തുടരണമെന്നാണ് നിർദേശം.
കോവിഡ് രോഗികൾക്ക് പുറമേ, രോഗമുക്തിക്ക് ശേഷവും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കൂടി പരിഗണിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രക്തം കട്ട പിടിക്കുന്നത് നിയന്ത്രിക്കാൻ ആന്റികൊഗുലന്റ്‌സ് നേരിയ തോതിൽ ചില കോവിഡ് രോഗികൾക്ക് ഉപയോഗിക്കാമെന്നും ഡബ്യുഎച്ച്ഒ നിർദേശത്തിൽ പറയുന്നു.
വീട്ടിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ രക്തത്തിലെ ഓക്‌സിജൻ ലെവൽ അളക്കുന്നതിന് പൾസ് ഓക്‌സിമീറ്റർ ഉപയോഗിക്കണമെന്നാണ് നിർദേശം. ഇത് വഴി രോഗിയുടെ നില വഷളാകുന്നുണ്ടോ എന്നറിയാനും വൈദ്യ സഹായം ലഭ്യമാക്കാനും കഴിയും.