ഡെല്‍റ്റ രൂപം മാറിക്കൊണ്ടേയിരിക്കുന്നു;  അപകട സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് അതിന്റെ വ്യാപനം കൂടുതല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജനീവ: കോവിഡിന്റെ അതി വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് വീണ്ടും രൂപമാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). അപകടകരമായ കാലഘട്ടത്തിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ആധനം ഘെബ്രേയെസൂസ് പറഞ്ഞു.

വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സാഹചര്യം വീണ്ടും ഉണ്ടാവാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.

അതിവേഗമാണ് ഡെല്‍റ്റ കോവിഡിന്റെ മുഖ്യ വകഭേദമായി മാറിയത്. അതു വീണ്ടും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ അപകടകരമായ കാലത്തിലൂടെയാണ് ലോകം കടന്നുപോവുന്നത്- ഘബ്രേയെസൂസ് പറഞ്ഞു.

ഒരു രാജ്യവും ഈ ഭീഷണിയില്‍നിന്നു മുക്തമാണെന്നു പറയാനാവില്ല. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. അതു തീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലാണ് അതിന്റെ വ്യാപനം കൂടുതല്‍. 

നിരീക്ഷണം, പരിശോധന, രോഗബാധിതരെ നേരത്തേ കണ്ടെത്തല്‍, ഐസൊലേഷന്‍, ചികിത്സിക്കല്‍ എന്നിങ്ങനെയുള്ള രീതി തുടരുകയാണ് പുതിയൊരു തരംഗത്തെ ഒഴിവാക്കാനുള്ള മാര്‍ഗം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, കെട്ടിടങ്ങളുടെ അകത്ത് വായുസഞ്ചാരം ഉറപ്പാക്കല്‍ എന്നിവയൊക്കെ പ്രധാനമാണെന്ന് ഡ്ബ്ല്യൂഎച്ച്ഒ മേധാവി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com