വാക്സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ 86 ശതമാനത്തിനും ഡെല്‍റ്റ വകഭേദം ; ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട്

വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : വാക്‌സിന്‍ സ്വീകരിച്ചശേഷം കോവിഡ് പോസിറ്റീവായവരില്‍ ബഹുഭൂരിപക്ഷത്തിനും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം. ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും സ്വീകരിച്ചശേഷം കോവിഡ് ബാധിതരായവരില്‍ 86 ശതമാനത്തിനും രോഗകാരണമായത് ഡെല്‍റ്റ വകഭേദമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

വാക്‌സിനേഷന് ശേഷമുള്ള കോവിഡ് ബാധയെക്കുറിച്ച് നടത്തുന്ന ആദ്യ പഠനമാണ് ഐസിഎംആറിന്റേത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചശേഷം രോഗബാധിതരായ 677 പേരിലാണ് പഠനം നടത്തിയത്. 

ഇവരില്‍ 71 പേര്‍ കോവാക്‌സിനാണ് സ്വീകരിച്ചത്. 604 പേര്‍ കോവിഷീല്‍ഡും. രണ്ടുപേര്‍ ചൈനീസ് വാക്‌സിന്‍ സിനോഫോമും സ്വീകരിച്ചു. വാക്‌സിന്‍ സ്വീകരിച്ചശേഷം രോഗബാധിതരായ മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പഠനം നടത്തിയവരിൽ വാക്സിൻ സ്വീകരിച്ചശേഷം ഡെൽറ്റ വകഭേദം ബാധിച്ചത് 86.09 ശതമാനം പേർക്കാണ്. വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് ആയതില്‍ 9.8% പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുള്ളൂ. 0.4 ശതമാനം മാത്രമാണ് മരണനിരക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെയും മരണനിരക്കിനെയും കുറയ്ക്കാന്‍ വാക്‌സിനേഷന്‍ സഹായിക്കുന്നു.

ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള 677 പേരെയാണ് പഠനവിധേയമാക്കിയത്. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മണിപ്പുര്‍, അസം, ജമ്മു കശ്മീര്‍, ചണ്ഡീഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്,  പഞ്ചാബ്, പുതുച്ചേരി, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. 

71% അല്ലെങ്കില്‍ 482 കേസുകളില്‍ ഒന്നോ അതില്‍ അധികമോ ലക്ഷണങ്ങളുണ്ടായിരുന്നു. അതേസമയം 29 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പനിയാണ് കൂടുതല്‍ പേരിലും പ്രത്യക്ഷപ്പെട്ട ലക്ഷണം. 69 ശതമാനം പേർക്കാണ് പനിയുണ്ടായത്. ശരീരവേദന, തലവേദന, ഛര്‍ദി തുടങ്ങിയവ 56 ശതമാനം പേർക്കും 45 ശതമാനം പേർക്ക് ചുമയും അനുഭവപ്പെട്ടെന്നും റിപ്പോർട്ട് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com