വാക്‌സിന്‍ എടുത്താല്‍ പരിരക്ഷ എത്ര നാള്‍? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

വാക്‌സിന്‍ എടുത്താല്‍ സംരക്ഷണം എത്ര നാള്‍? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
ചിത്രം പിടിഐ
ചിത്രം പിടിഐ


കോവിഡിന് എതിരായ വിശ്രമമില്ലാത്ത പ്രതിരോധത്തിലാണ് ലോകമെങ്ങും ആരോഗ്യ പ്രവര്‍ത്തകര്‍. മാസ്‌കും കൈകളുടെ ശുചിത്വവും സാമൂഹ്യ അകലവും തന്നെയാണ് കോവിഡിനെ അകറ്റിനിര്‍ത്തുന്നതിനുള്ള വഴികള്‍ എന്ന് ആവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ലഭ്യമാവുന്ന ആദ്യ അവസരത്തില്‍തന്നെ വാക്‌സിന്‍ എടുക്കാനും നിര്‍ദേശിക്കുന്നുണ്ട്.

കോവിഡ് വാക്‌സിനില്‍ ഇപ്പോഴും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്ന മെഡിക്കല്‍ രംഗം. വാക്‌സിന്റെ ഇടവേളയില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന മാറ്റമെല്ലാം ഇതിന്റെ ഭാഗമാണെന്ന് അവര്‍ പറയുന്നു. ഏറ്റവും നല്ല ഫലം നല്‍കുന്നത് ഏത് എന്നതിലേക്ക് എത്താനുള്ള വഴികളാണ് ഈ മാറ്റങ്ങളെല്ലാം. 

എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതുകൊണ്ട് എത്രനാള്‍ കോവിഡില്‍നിന്നു സംരക്ഷണം ലഭിക്കും? ഇതിന് ഇനിയും വ്യക്തമായ ഉത്തരം ആയിട്ടില്ലെന്നതാണ് വസ്തുത. വാക്‌സിന്‍ എടുത്ത കൂറെപ്പേരെ നിരീക്ഷിച്ചതിലൂടെയേ ഇതിന് കൂടുതല്‍ വ്യക്തമായ ഉത്തരം കണ്ടെത്താനാവൂ എന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു. 

ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ കോവിഡിനെതിരെ പ്രതിരോധം രൂപപ്പെടും. എന്നാല്‍ ഇതു ഭാഗികമായ പ്രതിരോധം മാത്രമാണ്. രണ്ടാം ഡോസും എടുത്താലേ പ്രതിരോധം ശക്തിപ്പെടൂ. ഇതും പൂര്‍ണമാണെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നില്ല. കോവിഷീല്‍ഡ് വാക്‌സിന്റെ ഒറ്റ വാക്‌സിന്‍ കൊണ്ടുതന്നെ മെച്ചപ്പെട്ട പ്രതിരോധം ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. ഇതിന്റെ വിവരങ്ങള്‍ വിശകലനം ചെയ്ത് വാക്‌സിന്‍ ഒറ്റ ഡോസ് മതിയോ എന്നതില്‍ തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയില്‍ വിതരണത്തിനുള്ള മൂന്നു വാക്‌സിനുകളും രണ്ടു ഡോസാണ് എടുക്കേണ്ടത്. കോവിഷീല്‍ഡും കോവാക്‌സിനും എഴുപതു ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തി അവകാശപ്പെടുമ്പോള്‍ റഷ്യന്‍ നിര്‍മിത സ്പുട്‌നിക്കിന് തൊണ്ണൂറു ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ വിതരണം ചെയ്യുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഒറ്റ ഡോസ് മാത്രമാണ് നിര്‍ദേശിക്കുന്നത്. 

വാക്‌സിന്‍ രണ്ടു ഡോസ് എടുത്തതിനു ശേഷവും കോവിഡ് പിടിപെടുന്ന ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ വാക്‌സിനിലൂടെ ശരീരത്തില്‍ ആന്റിബോഡി സൃഷ്ടിക്കപ്പെട്ട ശേഷം വൈറസ് ബാധ ഉണ്ടായാലും രൂക്ഷമാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com