ഒരിക്കൽ കോവിഡ് വന്നാൽ അടുത്ത പത്ത് മാസത്തേക്ക് രോഗപ്രതിരോധ ശേഷി; പുതിയ പഠനം 

കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ ആൻ്റിബോഡി ഉണ്ടാകുമെന്നാണ് പഠനത്തിൽ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രിക്കൽ കോവിഡ് 19 വന്നവർക്ക് പിന്നീടുള്ള പത്ത് മാസത്തേക്ക് വീണ്ടും കൊറോണ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ വൈറസിനെതിരെയുള്ള ആൻ്റിബോഡികള്‍ ഉണ്ടാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും കോവിഡ് ബാധിച്ചവരെ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 

ഇംഗ്ലണ്ടിലെ 2000ത്തോളം കെയര്‍ ഹോം ജീവനക്കാരെയാണ് യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ഗവേഷകർ പഠനത്തിന് വിധേയരാക്കിയത്. ഒരിക്കൽ കോവിഡ് ബാധിച്ച കെയർ ഹോം താമസക്കാർക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജീവനക്കാരുടെ കാര്യത്തിൽ ഇത് 60 ശതമാനം കുറവാണ്. മെഡിക്കൽ ജേണലായ ലാൻസറ്റിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്. 

ഒരാൾക്ക് രണ്ടു തവണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഇത് അസാധ്യമല്ലെന്ന് പഠനം ചൂണ്ടികാണിക്കുന്നുണ്ട്. കെയർ ഹോമുകളിലെ ശരാശരി 86 വയസ്സ്പ്രായമുള്ള താമസക്കാരെയും 1429 ജീവനക്കാരെയുമാണ് ആൻ്റിബോഡി പരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ വർഷം ജൂണിലും ജൂലൈയിലും ഇവരുടെ രക്തപരിശോധന നടത്തി. പരിശോധിച്ചവരിൽ മൂന്നിലൊന്നു പേരിലും പോസിറ്റീവ് റിസൾട്ടാണ് ലഭിച്ചത്. ഇത് ഇവർ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു. ഒരിക്കൽ രോ​ഗം വന്ന 634 പേരിൽ 4 താമസക്കാർക്കും 10 ജീവനക്കാർക്കും മാത്രമാണ് വീണ്ടും കോവിഡ് അണുബാധ ഉണ്ടായത്. ഇതിൽ നിന്നാണ് രോഗപ്രതിരോധശേഷി പത്ത് മാസത്തോളം നിലനിൽക്കുമെന്ന് വ്യക്തമായത്. കോവിഡ് ബാധിതരല്ലാതിരുന്ന 1477 പേരിൽ 93 താമസക്കാർക്കും 111 ജീവനക്കാർക്കും പിന്നീട് രോഗബാധയുണ്ടായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com