തുള്ളിമരുന്ന് പോലെ മൂക്കിലൂടെ നൽകാം; പ്രധാനമന്ത്രി പറഞ്ഞ നേസൽ വാക്സിനെക്കുറിച്ച് അറിയാം 

കുത്തിവെപ്പിൻറെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ്​ നേസൽ വാക്സിന്റെ പ്രധാന ​ഗുണം
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡൽഹി: കോവിഡിൻറെ മൂന്നാംതരംഗത്തിന് മുമ്പ് വാക്​സിനേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് അധികൃതർ. വാക്സിൻ നിർമ്മാണം അതിവേ​ഗം നടത്താനും ചുരുങ്ങിയ സമയത്തിനുള്ളിൽ വിതരണം ചെയ്യാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ഇന്നലെ രാജ്യത്തിനെ അഭിസംബോധന ചെയ്​തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേസൽ സ്​പ്രേയുടെ (മൂക്കിൽ ഇറ്റിക്കുന്ന വാക്​സിൻ) ഗവേഷണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന്റെ പരീക്ഷണം വിജയിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. 

തുള്ളിമരുന്ന്​ രീതിയിൽ മൂക്കിലൂടെ നൽകുന്ന വാക്​സിനാണ്​ നേസൽ വാക്​സിൻ. മൂക്കി​ൽനിന്ന്​ നേരിട്ട്​ ശ്വസന പാതയിലേക്ക് മരുന്ന് എത്തും. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമില്ലാതെ ഈ വാക്​സിൻ സ്വീകരിക്കാൻ കഴിയും. കുത്തിവെപ്പിൻറെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ്​ നേസൽ വാക്സിന്റെ പ്രധാന ​ഗുണം. വൈറസ്​ ശരീരത്തിനകത്ത്​ പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെ ആയതിനാൽ ഇവിടെതന്നെ പ്രതിരോധ ശേഷി സൃഷ്​ടിക്കാൻ സഹായിക്കുന്നതാണ് നേസൽ വാക്സിൻ. പ്രവേശന കവാടത്തിൽതന്നെ തടയുന്നതിനാൽ വൈറസ് ശ്വാസകോശത്തിൽ പ്രവേശിക്കില്ല. 

ഭാരത്​ ബയോടെകിൻറെ നേസൽ വാക്​സിൻ (ബി.ബി.വി154) ഇപ്പോൽ  ഒന്നാംഘട്ട പരീക്ഷണത്തിലാണ്​. കൊവാക്സിൻ നിർമ്മാതാക്കളായ ഇവർ ഈ വർഷം അവസാനത്തോടെ 10കോടി കോവിഡ്​ ​നേസൽ വാക്​സിൻ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ. കഴിഞ്ഞവർഷമാണ് മൂക്കിലൂടെ നൽകാവുന്ന വാക്​സിൻ ശാസ്​ത്രജ്ഞർ ഗ​വേഷണങ്ങളിലൂടെ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്​സിൻ ഫലപ്രദമാണെന്ന്​ തെളിയിക്കുകയും ചെയ്​തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com