പുതിയ കോവിഡ് വകഭേദങ്ങൾക്കെതിരെ ചില വാക്സിനുകൾ ഫലപ്രദമല്ല, വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്നില്ലെന്ന് പഠനം 

ഫൈസർ, മോഡേണ വാക്സിനുകൾ നിർമ്മിക്കുന്ന ആന്റീബോഡികൾ പുതിയ കോവിഡ് വകഭേദത്തിനെതിരെ അത്ര ഫലപ്രദമല്ലെന്ന് ഗവേഷണത്തിൽ കണ്ടെത്തി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചില കോവിഡ് വാക്സിനുകൾ സൃഷ്ടിക്കുന്ന ആന്റിബോഡികൾ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ നിർവീര്യമാക്കുന്നതിന് ഫലപ്രദമല്ലെന്ന് പഠനം. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ ആദ്യം റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങൾക്കെതിരെ ആണ് ചില വാക്സിനുകൾ ഫലപ്രദമാകാത്തത്. ഫൈസർ, മോഡേണ വാക്സിനുകൾ നിർമ്മിക്കുന്ന ആന്റീബോഡികൾ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ആദ്യം പിടിമുറിക്കിയ കോവിഡ് വകഭേദത്തിനെതിരെ അത്ര ഫലപ്രദമല്ലെന്ന് സെൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. 

ആന്റിബോഡിയെ വൈറസുമായി ബന്ധിപ്പിച്ച് ഇവ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയുമ്പോഴാണ് അണുബാധയെ പ്രതിരോധിക്കാൻ സാധിക്കുക. ആന്റിബോഡിയുടെയും വൈറസിന്റെയും ആകൃതികൾ താഴും താക്കോലും പോലെ പരസ്പരം തികച്ചും പൊരുത്തപ്പെടുമ്പോൾ മാത്രമേ ഈ ബൈൻഡിംഗ് നടക്കൂ. എന്നാൽ, ആന്റിബോഡി ബന്ധിപ്പിക്കുന്നിടത്തെ വൈറസിന്റെ ആകൃതി മാറുകയാണെങ്കിൽ ആന്റിബോഡിക്ക് വൈറസിനെ തിരിച്ചറിയാനും നിർവീര്യമാക്കാനും കഴിയില്ലെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടി. 

യഥാർത്ഥ കൊറോണ വൈറസിനെതിരെയും ഇതിന്റെ പുതിയ വകഭേദങ്ങൾക്കെതിരെയും വാക്സിൻ എത്രമാത്രം ഫലപ്രദമായെന്ന് താരതമ്യം ചെയ്താണ് ​പഠനം നടത്തിയത്. ഇതിൽ ദക്ഷിണാഫ്രിക്കയിൽ പിടിമുറുക്കിയ ആദ്യ മൂന്ന് പുതിയ വകഭേദങ്ങൾ വാക്സിനെ 20-40 മടങ്ങ് കൂടുതൽ പ്രതിരോധിക്കുന്നതായി കണ്ടെത്തി. ബ്രസീലിലും ജപ്പാനിലും ആദ്യം വ്യാപിച്ച രണ്ട് വകഭേദങ്ങളും ചൈനയിലെ വുഹാനിൽ നിന്നുള്ള യഥാർത്ഥ SARS-CoV-2 വൈറസ് വംശവുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനെതിരെ അഞ്ച് മുതൽ ഏഴ് ഇരട്ടി വരെ പ്രതിരോധശേഷിയുള്ളവയായിരുന്നു.

അതേസമയം ആന്റിബോഡികളെ നിർവീര്യമാക്കാൻ ചില വൈറസ് വകഭേദങ്ങൾക്ക് കഴിവുണ്ടെന്ന കണ്ടെത്തൽ വാക്സിനുകൾ ഫലപ്രദമല്ലെന്ന് അർത്ഥമാക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ആന്റിബോഡികൾ കൂടാതെ ശരീരത്തിന് രോഗപ്രതിരോധ സംരക്ഷണത്തിനുള്ള മറ്റ് മാർഗ്ഗങ്ങളുണ്ടെന്നും തങ്ങളുടെ കണ്ടെത്തലുകൾ വാക്സിനുകൾ കോവിഡിനെ തടയില്ലെന്ന് അർത്ഥമാക്കുന്നില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com