ആസ്ട്രാ സെനക്ക വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിച്ചെന്ന റിപ്പോർട്ട്; വിശദമായ അന്വേഷണത്തിന് ലോകാരോഗ്യ സംഘടന
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2021 10:51 AM |
Last Updated: 13th March 2021 10:51 AM | A+A A- |
ചിത്രം: പിടിഐ
ജനീവ: ആസ്ട്രാ സെനക്കയുടെ കോവിഡ് വാക്സിൻ കുത്തിവച്ച ചിലരിൽ രക്തം കട്ടപിടിച്ചതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം യുഎൻ ആരോഗ്യ ഏജൻസി ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി. രണ്ട് ബാച്ചുകളിൽ നിന്ന് വാക്സിൻ ഡോസ് സ്വീകരിച്ച ചില ആളുകളിൽ രക്തം കട്ടപിടിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചില രാജ്യങ്ങൾ ആസ്ട്രാ സെനക്ക വാക്സിന്റെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്ന് സംഘടനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സമ്പൂർണ വിലയിരുത്തൽ ഉണ്ടാകുന്നതിന് മുമ്പ് മുൻകരുതൽ നടപടിയായിട്ടാണ് ഇത്തരം നടപടികളെന്ന് ഡബ്ലൂ എച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വാക്സിൻ കുത്തിവച്ച ചിലരിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് യൂറോപ്പിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങളിൽ ആസ്ട്രാ സെനക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച വാക്സിൻ താൽക്കാലികമായി നിർത്തിവച്ചു. ഡെൻമാർക്ക്, നോർവേ, ഐസ്‌ലാന്റ്, റൊമാനിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ആസ്ട്രാ സെനക്ക / ഓക്സ്ഫോർഡ് വാക്സിൻ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. അതേസമയം ഓസ്ട്രിയയും ഫ്രാൻസും വാക്സിൻ വിതരണം തുടരാൻ തീരുമാനിച്ചു.
“വാക്സിനും രക്തം കട്ടപിടിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറഞ്ഞിരിക്കുന്നത്, അതുകൊണ്ട് അന്വേഷണം നടക്കുമ്പോൾതന്നെ വാക്സിൻ തുടർന്നും ഉപയോഗിക്കാൻ കഴിയും,” ടെഡ്രോസ് അദാനോം പറഞ്ഞു. ഇതേക്കുറിച്ച് പൂർണ്ണമായ ധാരണ ലഭിച്ചാലുടൻ പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.