മരുന്നുകളെ ചെറുക്കും; അതിമാരകം 'സൂപ്പർബഗ്'- അപകടകാരിയായ ഫം​ഗസിനെ കണ്ടെത്തി

മരുന്നുകളെ ചെറുക്കും; അതിമാരകം 'സൂപ്പർബഗ്'- അപകടകാരിയായ ഫം​ഗസിനെ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെട്ടെന്ന് പടരുന്ന അപകടകാരിയായ ഫംഗസിനെ തെക്കൻ ആൻഡമാൻ ദ്വീപുകളിലെ തീരത്തു നിന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു ആന്റി ഫം​ഗൽ മരുന്നകളോടും പ്രതികരിക്കാത്ത കാൻഡിഡ ഓറിസ് എന്നു പേരുള്ള ഫംഗസിനെയാണ് ആൻഡമാൻ ദ്വീപിൽ നിന്ന് കെണ്ടെത്തിയത്. മരുന്നുകളെ ചെറുക്കാനുള്ള ഈ ശേഷി മൂലം സൂപ്പർബഗ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ അനൗദ്യോഗികമായി വിശേഷിപ്പിക്കുന്നത്. മനുഷ്യനിൽ അതിമാരകമായേക്കാവുന്ന അപകടകാരിയായ ഫം​ഗസാണ് സൂപ്പർബ​ഗ്. 

12 വർഷങ്ങൾക്ക് മുൻപ് ജപ്പാനിലെ ഒരു ആശുപത്രിയിലാണ് ഈ ഫംഗസിനെ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഇതു മൂന്ന് ഭൂഖണ്ഡങ്ങളിലെ വിവിധ മേഖലകളിലും കാണപ്പെട്ടു. കൂടുതൽ തവണയും കണ്ടെത്തിയത് ആശുപത്രികളിൽ നിന്നായതിനാൽ ഹോസ്പിറ്റൽ ഫംഗസ് എന്നും ഇതിനു വിളിപ്പേരുണ്ടായിരുന്നു. പെട്ടെന്നു പടരാനുള്ള കരുത്ത് ഇവയെ അപകടകാരികളാക്കുന്നു. ആശുപത്രികളിലും മറ്റും ഇവയെ കണ്ടെത്തി കഴിഞ്ഞാൽ നിയന്ത്രണം പാടുള്ള കാര്യമാണെന്ന് രാജ്യാന്തര ആരോഗ്യ വിദഗ്ധൻ ഡോ. ആർട്യൂറോ കാസഡെവാൽ പറയുന്നു. 2019ൽ പൊതുജനാരോഗ്യത്തിനു മേലുള്ള ഒരു വലിയ ഭീഷണിയായി ഓറിസ് ഫംഗസിനെ യുഎസിലെ സെന്‌റർ ഫോർ ഡിസീസ് കൺട്രോൾ വിശേഷിപ്പിച്ചിരുന്നു.

കത്തീറ്ററുകൾ, ശ്വസനസഹായികൾ, ഫീഡിങ് ട്യൂബുകൾ എന്നിവ ഉപയോഗിക്കുന്ന രോഗികളുടെ രക്തത്തിലാണ് ഭയങ്കരമായ അണുബാധ സൃഷ്ടിച്ച് ഇവ മാരകമാകുന്നത്. മരുന്നുകൾ ഫലിക്കാതെ വരുന്നതിനാൽ ഇതു ചികിൽസിക്കാനും ബു​ദ്ധിമുട്ടാണ്. രോഗികളിൽ നിന്ന് പുറത്തുചാടി അന്തരീക്ഷത്തിലും കെട്ടിട ഉപരിതലങ്ങളിലുമൊക്കെ നിലനിൽക്കാനും ഇതിനു ശേഷിയുണ്ട്. 

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ മൈക്കോളജിസ്റ്റായ ഡോ. ആനുരാധ ചക്രവർത്തിയും സംഘവുമാണ് ആൻഡമാനിൽ നിന്നു ഫംഗസിനെ കണ്ടെത്തിയത്. ആൻഡമാനിലെ രണ്ട് മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ തീരങ്ങളിൽ നിന്നു ആളുകൾ പോകുന്ന ഒരു ബീച്ചിൽ നിന്നുമുള്ള മണൽത്തരികൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടന്നത്. ഇതാദ്യമായാണ് ഈ ഫംഗസിനെ പ്രകൃതിയിൽ കണ്ടെത്തിയത്.

ബീച്ചിൽ നിന്നുമുള്ള സാംപിളുകളിൽ അടങ്ങിയിട്ടുള്ള ഫംഗസ് നേരത്തെ ലോകത്തു പല സ്ഥലങ്ങളിലും കണ്ടെത്തിയ ഫംഗസിന്റെ അതേ വകഭേദമാണ്. എന്നാൽ മനുഷ്യവാസമില്ലാത്ത തീരങ്ങളിൽ നിന്നു കണ്ടെത്തിയവയ്ക്ക് വ്യത്യാസമുണ്ട്. ഈ ഫംഗസിനെപ്പറ്റി ഒരുപാട് ഗവേഷണം നടത്തിയിട്ടുള്ള ഡോ. ആർട്യൂറോ കാസഡെവാൽ പൊടുന്നനെ ഇവ എങ്ങനെ മനുഷ്യരിൽ പ്രത്യക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് ഒരു സിദ്ധാന്തം മുന്നോട്ടുവച്ചിട്ടുണ്ട്. ആഗോളതാപനമാണ് ഡോ. കാസഡെവാൽ ഇതിനു കാരണമായി പറയുന്നത്. ആദ്യകാലത്ത് ഈ ഫംഗസിനു മനുഷ്യശരീരത്തിൽ സ്ഥിതി ചെയ്യുക പ്രയാസമായിരുന്നു. 

മനുഷ്യശരീരത്തിന്റെ ഉയർന്ന താപനില ചെറുക്കാൻ കഴിവില്ലാത്തതായിരുന്നു പ്രശ്‌നം. എന്നാൽ ആഗോളതാപനത്തിന്റെ ഭാഗമായി പ്രകൃതിയിൽ ഉയർന്ന താപനിലയ്ക്ക് അനുസൃതമായി ഫംഗസും സ്വയം മാറി. ഇതോടെ മനുഷ്യ ശരീര താപനില ഇതിന് സാധാരണമായി മാറി. തുടർന്നാണ് ഈ ഫംഗസ് മനുഷ്യരിലേക്ക് എത്താൻ തുടങ്ങിയതെന്ന് ഡോ. കാസഡെവാൽ പറയുന്നു. 

എന്നാൽ ആൻഡമാൻ ദ്വീപുകളിൽ ഇവ എങ്ങനെയെത്തിയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമായിട്ടില്ല. ബീച്ചിൽ നിന്നു കണ്ടെത്തിയ ഫംഗസ് സ്‌ട്രെയിനുകൾ അവിടെ സന്ദർശിച്ച വിനോദസഞ്ചാരികളിൽ നിന്നു എത്തിയതാകാമെന്നും മനുഷ്യവാസമില്ലാത്ത തീരത്ത് കണ്ടെത്തിയവ ബീച്ചിൽ നിന്ന് കടൽവെള്ളത്തിൽ ഒഴുകി അവിടെയെത്തിയതാകാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com