ആ ഒന്നിനെ സൂക്ഷിക്കണം; ഇന്ത്യന്‍ വേരിയന്റുകളില്‍ ഒന്ന് അപകടകരം; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th May 2021 03:35 PM |
Last Updated: 07th May 2021 03:35 PM | A+A A- |

പ്രതീകാത്മക ചിത്രം
ഇന്ത്യയിൽ കണ്ടുവരുന്ന മൂന്ന് കോവിഡ് 19 വേരിയന്റുകളിൽ ഒന്നിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടൻ ആരോഗ്യ വിദഗ്ധർ. കഴിഞ്ഞ മാസം മുതൽ നിരീക്ഷിച്ചുവരുന്ന കോവിഡ് വകഭേദങ്ങളിൽ ഒന്നിനെക്കുറിച്ചാണ് വിദഗ്ധ സംഘം ഭീതി അറിയിച്ചത്. ബി .1.617.2 എന്ന വകഭേദം മറ്റു വേരിയന്റുകളെക്കാൾ വേഗത്തിൽ പടരുന്നതാണെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണ്ടെത്തൽ.
ബിബിസി പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ഈ വകഭേദത്തെ 'വേരിയൻറ് ഓഫ് കൺസേൺ' (വിഒസി) എന്ന് തരംതിരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ B.1.617, B.1.617.3 വേരിയന്റുകൾക്കൊപ്പം ഇതിനെ' വേരിയൻറ് അണ്ടർ ഇൻവെസ്റ്റിഗേഷൻ' (വിയൂഐ) എന്നാണ് തരംതിരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം അവസാനം കണ്ടെത്തിയ കെന്റ് എന്ന വകഭേദത്തെ പോലെ വ്യാപിക്കുന്നതാണ് B.1.617.2 വേരിയന്റ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഇതാണ് ഇംഗ്ലണ്ടിൽ രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് കരുതുന്നത്.
ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങൾക്കെതിരെ വാക്സിനുകൾ ഫലപ്രദമാകുമെന്നതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മ്യൂട്ടേഷൻ സംഭവിച്ച് പുതിയ വകഭേദങ്ങളായി മാറുന്നത് വൈറസുകളുടെ സവിശേഷതയാണ്. ഇവയിൽ പലതും അപ്രധാനമാണെങ്കിലും ചിലത് പ്രതിരോധിക്കാൻ പ്രയാസമുള്ളതാണ്. രാജ്യത്തെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം കൂടാൻ കാരണം ഈ ഇന്ത്യൻ വേരിയന്റ് ആണെന്നാണ് കരുതുന്നത്.