രക്തം കട്ടപിടിക്കും. അഞ്ചാം ദിനം മുതൽ ലക്ഷണങ്ങൾ; കോവിഡ് രോ​ഗികൾക്ക് ഹൃദയാഘാതം അടക്കം സംഭവിക്കാൻ കാരണമിത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2021 10:48 AM  |  

Last Updated: 08th May 2021 10:48 AM  |   A+A-   |  

blood_clot_in_covid

ചിത്രം: ട്വിറ്റർ

 

കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പലതരം ആരോഗ്യപ്രശ്‌നങ്ങളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽതന്നെ അടുത്തിടെയായി അധികമായി കണ്ടുവരുന്ന ഒന്നാണ് രക്തം കട്ടപിടിക്കുക അഥവാ ത്രോംബോസിസ്. കോവിഡ് അണുബാധ ശരാശരിയോ ഗുരുതരമോ ആയ രോഗികളുടെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ കാണുന്നതായി വിദഗ്ധർ പറയുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ഹൃദയാഘാതം അടക്കമുള്ള ഗുരുതരാവസ്ഥയ്ക്ക് കാരണമാകും. 

ഡൽഹിയിലെ ശ്രി ഗംഗാ റാം ആശുപത്രിയിലെ ഡോ. അമ്പരീഷ് സാത്വിക് കഴിഞ്ഞദിവസം ട്വിറ്ററിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്ത രക്തക്കട്ടയുടെ ചിത്രമായിരുന്നു ഇത്. ' കോവിഡ് ക്ലോട്ടുകൾ ഇങ്ങനെയാണ് കാണപ്പെടുന്നത്. കോവിഡ് രക്തംകട്ടപിടിക്കാൻ കാരണമാകുന്നു. ഹൃദയാഘാതം, സ്‌ട്രോക്ക്, കൈയോ കാലോ തളർന്നുപോകുക തുടങ്ങിയ അവസ്ഥകൾ രണ്ട് മുതൽ അഞ്ച് ശതമാനം വരെ സംഭവിക്കാറുണ്ട്. ഈ ബ്ലഡ് ക്ലോട്ട് ഞങ്ങൾ ഒരു കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്തതാണ്. അയാളെ രക്ഷപെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു', ചിത്രത്തോടൊപ്പം ഡോക്ടർ കുറിച്ചതിങ്ങനെ.

രോഗപ്രതിരോധത്തിന്റെ ഭാഗമായി പുറത്തുവരുന്ന 'സൈറ്റോകൈൻ' എന്ന പ്രോട്ടീൻ ആണ് രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നത്. കോവിഡ് രോഗിയിൽ ആദ്യ അഞ്ച് മുതൽ ഏഴ് ദിവസം വരെ വൈറസുകൾ പെരുകുന്ന സാഹചര്യമാണുണ്ടാകുന്നത്.  അതിന് ശേഷം ശരീരം അഥവ പ്രതിരോധ വ്യവസ്ഥ രോഗകാരിയെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാൻ തുടങ്ങുന്നു. ഈ ഘട്ടത്തിലാണ് 'സൈറ്റോകൈൻ' പുറത്തുവരുന്നത്. ഇത് ചില രോഗികളിൽ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ഇത്തരം സമയങ്ങളിലാണ് പ്രധാനമായും കോവിഡ് രോഗിയിൽ ഹൃദയാഘാത സാധ്യതയുണ്ടാകുന്നത്. ഇങ്ങനെയുള്ള നിരവധി കേസുകൾ ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഡോക്ടർമാർ പറയുന്നു. 

പ്രായമായവരിൽ മാത്രമല്ല മറിച്ച് മുപ്പത് മുതൽ 92 വയസ്സ് വരെയുള്ളവരിൽ ഈ അവസ്ഥ കാണുന്നുണ്ട്. ആദ്യഘട്ടത്തിൽ തന്നെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടാം തരംഗത്തിൽ സമാനമായ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.