കോവിഡിനെ സ്വയം ചികിത്സിക്കുന്നവര്‍ ബ്ലാക്ക് ഫംഗസ് വിളിച്ചുവരുത്തും, വിദഗ്ധര്‍ 

 രോഗാവസ്ഥ മനസിലാക്കാതെ സ്വയം മരുന്ന് വാങ്ങി ചികിത്സിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് രോഗികള്‍ വിദഗ്ധനിര്‍ദേശം സ്വീകരിക്കാതെ വീടുകളില്‍ സ്വയം ചികിത്സ നടത്തുന്നത് ബ്ലാക്ക് ഫംഗസിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍. നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ വീടുകളില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും രോഗാവസ്ഥ ശരിയായി മനസിലാക്കാതെ പലരും സ്വയം മരുന്ന് വാങ്ങി ചികിത്സിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

സാധാരണയായി ഉപയോഗിക്കുന്ന ടൊസിലിസുമാബ് പോലുള്ള മരുന്നുകളും മറ്റു സ്റ്റിറോയിഡുകളും രോഗികളുടെ പ്രതിരോധശേഷി കുറയ്ക്കുമെന്നും ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ മേല്‍നോട്ടത്തിലല്ലാതെ ഉപയോഗിക്കുന്നത് കോവിഡ്-അനുബന്ധ മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിക്കാന്‍ കാരണമാകും. 'ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ പല ആളുകളും മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം മൂന്ന് നാല് ദിവസത്തേക്ക് സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നവര്‍ പോലുമുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണ്', ഐഎംഎ മേധാവി ഡോ. ആര്‍ സി ശ്രീകുമാര്‍ പറഞ്ഞു. 

ഇത്തരം മരുന്നുകള്‍ക്ക് പ്രിസ്‌ക്രിപ്ഷന്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കും. പക്ഷെ സ്റ്റിറോയിഡുകളുടെ ഉപയോഗം രോഗിയുടെ രക്തത്തിലെ ഷുഗര്‍ ലെവലിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് പ്രതിരോധശേഷി കുറയ്ക്കുകയും ബ്ലാക്ക്ഫംഗസ് പിടിപെടാന്‍ കാരണമാകുകയും ചെയ്യും. സ്റ്റിറോയിഡുകള്‍ ശരിയായ രോഗിയില്‍ ശരിയായ സമയത്ത് കൃത്യം അളവില്‍ ഉപയോഗിക്കേണ്ടവയാണ്. ഈ സമയം ബ്ലഡ് ഷുഗര്‍ കൃത്യമായി പരിശോധിക്കേണ്ടതുമുണ്ട്. സ്റ്റിറോയിഡ് ഉപയോഗിക്കുന്ന പല ആളുകള്‍ക്കും രക്തത്തിലെ ഷുഗര്‍ ലെവലിനെക്കുറിച്ച് ധാരണയില്ലെന്നും അവര്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുകയാണെന്നും ഡോ ശ്രീകുമാര്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഇതുവരെ 20 ബ്ലാക്ക് ഫംഗസ് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. കടുത്ത പ്രമേഹമുള്ളവരിലാണ് രോഗബാധ ഗുരുതരമായി കണ്ടുവരുന്നത്. ദീര്‍ഘനാള്‍ ഐസിയുവില്‍ കിടന്ന് സ്റ്റിറോയിഡ് എടുത്തവര്‍, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗികള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞ് മരുന്നു കഴിക്കുന്നവര്‍, എച്ച്‌ഐവി രോഗ ബാധിതര്‍ തുടങ്ങിയവരാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. പ്രമേഹം അനിയന്ത്രിതമാകുന്ന സാഹചര്യങ്ങളിലാണ് ഫംഗസ് ശരീരത്തിനുള്ളില്‍ കയറിപ്പറ്റുന്നത്, അതിനാല്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിതമായിത്തന്നെ നിര്‍ത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com