മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയോ? പ്രചാരണത്തില്‍ വാസ്തവം എത്രത്തോളം? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2021 11:51 AM  |  

Last Updated: 25th May 2021 11:51 AM  |   A+A-   |  

COVID CASES IN CHILDREN

പ്രതീകാത്മക ചിത്രം

 

കോവിഡിന്റെ മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടിളെയാണോ? ഇത്തരത്തില്‍ പല മുന്നറിയിപ്പുകളും വിവിധ കേന്ദ്രങ്ങളില്‍നിന്നും വരുന്നുണ്ട്. മാതാപിതാക്കളെ ഇത് ഏറെ ആശങ്കയില്‍ ആക്കിയിട്ടുമുണ്ട്. കോവിഡ് വ്യാപനത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം തന്നെ താറുമാറായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പ്രചാരണത്തില്‍ വസ്തുതയുണ്ടോ? ഇതുവരെയുള്ള വിവരങ്ങള്‍ വച്ച്, മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നു പറയുന്നതിന് വസ്തുതാപരമായ പിന്‍ബലമൊന്നുമില്ലെന്ന് വിശദീകരിക്കുകയാണ് രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ.

കോവിഡ് വ്യാപനത്തില്‍ വരുന്ന ആഴ്ചകളിലോ മാസങ്ങളിലോ അല്ലെങ്കില്‍ മൂന്നാം രംഗത്തിലോ കുട്ടികളെ കൂടുതലായി ബാധിക്കും എന്നു പറയുന്നതില്‍ ഒരു കഴമ്പുമില്ല. ഇത്തരത്തില്‍ നിഗമനത്തില്‍ എത്തുന്നതിന് ഒരു വസ്തുതയും ഇതുവരെ നമ്മുടെ മുന്നില്‍ ഇല്ല. അതേസമയം കേസുകള്‍ കൂടുമ്പോള്‍ സ്വാഭാവികമായും എല്ലാ പ്രായക്കാരെയും ബാധിക്കുമെന്ന് അറോറ പറഞ്ഞു.

കോവിഡിന് രാജ്യത്ത് ഒരു മൂന്നാം തരംഗം ഉണ്ടാവും എന്നൊന്നും ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല. അഥവാ അങ്ങനെയൊരു തരംഗമുണ്ടായാല്‍ അതു കൂട്ടികളെ കൂടുതലായി ബാധിക്കും എന്നും പറയാനാവില്ല. രാജ്യത്ത് ഇതുവരെയുള്ള വിവരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്താല്‍ ഇത്തരമൊരു നിഗമനത്തിലേ എത്താനാവൂ. 

അതേസമയം കുട്ടികളുടെ കോവിഡ് കെയറില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട് എന്നതു ശരിയാണ്. നവജാത ശിശുക്കളുടെയും ഗര്‍ഭിണികളുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇതിനുള്ള ചികിത്സാ പ്രോട്ടോക്കോളുകള്‍ തയാറാക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാനാവുന്നത്. 

കോവിഡ് ബാധിതരായ കുട്ടികളെ ചികിത്സിക്കാന്‍ ഇപ്പോള്‍ തന്നെ ആശുപത്രികളില്‍ സംവിധാനമുണ്ട്. എന്നാല്‍ ഇതിനായി സ്‌പെഷലിസ്റ്റ് ആശുപത്രികള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.