കേരളത്തിൽ ഏറ്റവും ഭീഷണിയുയർത്തുന്നത് ഹൃദയസ്തംഭനം; രോഗികളുടെ എണ്ണം വർധിക്കുന്നെന്ന് പഠനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2022 10:44 AM |
Last Updated: 07th February 2022 10:44 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കേരളത്തിൽ വ്യാപകമായ ഹൃദ്രോഗങ്ങളിൽ ഏറ്റവും ഭീഷണിയുയർത്തുന്നത് അക്യൂട്ട് ഹാര്‍ട്ട് ഫെയ്ലിയര്‍ ആണെന്ന് പഠനം. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളും ഹൃദയസ്തംഭന കേസുകളും ആശങ്കാജനകമാണെന്നും പഠനം ചൂണ്ടിക്കാട്ടി. കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ (സി എസ് ഐ) കേരള ചാപ്റ്ററിന്റെ പഠനത്തിലാണ് അക്യൂട്ട് ഹാർട്ട് ഫെയിലർ രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ലോകത്തിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കിൽ, കേരളത്തിൽ 60 വയസ്സിനു മുകളിൽ തന്നെ ധാരാളം രോഗികൾ ഇതേ കാരണത്താൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. ഹൃദയസ്തംഭനം എന്താണെന്നും അത് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും ശരിയായ അവബോധം നൽകേണ്ടതുണ്ടെന്നും ഗവേഷകർ പറഞ്ഞു.
എന്താണ് ഹൃദയസ്തംഭനം?
ഹൃദയപേശികൾക്ക് രക്തം നൽകുന്ന ധമനികളിൽ രൂപപ്പെടുന്ന തടസ്സം മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ശരീര കോശങ്ങളെ പോഷിപ്പിക്കുന്നതിനായി ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യാനുള്ള പേശികൾ ബലഹീനമായി ആവശ്യമായ രക്തം പമ്പ് ചെയ്യാതിരിക്കുക മൂലം രക്തചംക്രമണം ദുർബലമാകുന്നതാണ് ഹൃദയസ്തംഭനം.
ഹാർട്ട് ഫെയിലിയർ സംഭവിക്കുന്നതിന്റെ ഒരു കാരണം മാത്രമാണ് ഹൃദയാഘാതം എന്നും കേരളത്തിൽ മൂന്നിൽ രണ്ട് രോഗികൾക്കും കൊറോണറി ആർട്ടറി ഡിസീസ് (ഹാർട്ട് അറ്റാക്ക്) മൂലമുള്ള ഹാർട്ട് ഫെയിലിയർ ആണെന്നും പഠനത്തിൽ പറയുന്നു. ഈ രോഗികളിൽ ഭൂരിഭാഗവും പ്രമേഹവും രക്താധിസമ്മർദവും ഉള്ളവരാണ്.
ഏഴ് ശതമാനം രോഗികളും ആശുപത്രിയിൽ തന്നെ മരിക്കും
ഹൃദയസ്തംഭനവുമായി അഡ്മിറ്റ് ചെയ്യപ്പെടുന്ന ഏഴ് ശതമാനം രോഗികളും ആശുപത്രിയിൽ വച്ചുതന്നെ മരിക്കുകയും 11 ശതമാനം രോഗികളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ മരിക്കുകയും ചെയ്യുന്നതായി ഗവേഷണം കണ്ടെത്തി. രോഗനിർണ്ണയത്തിനു ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ 11 ശതമാനം രോഗികളും ഹൃദയസ്തംഭന രോഗത്തിന്റെ അനന്തരഫലങ്ങളോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. ബോധവത്കരണത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും കുറവാണ് ചികിത്സക്കുള്ള പ്രധാന തടസ്സമെന്ന് ഗവേഷകർ പറഞ്ഞു.
പഠനത്തിൽ സംസ്ഥാനത്തെ 50 ഹൃദ്രോഗ ആശുപത്രികളിൽനിന്ന് അക്യൂട്ട് ഹാർട്ട് ഫെയിലർ ഉള്ള 7500ൽഅധികം രോഗികൾ പങ്കെടുത്തു. ഇതു സംബന്ധിച്ച റിപ്പോർട്ട് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. സ്റ്റിജി ജോസഫ്, പ്രഫ. ഡോ. എസ്. ഹരികൃഷ്ണൻ (തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്), ഡോ. പി. ജീമോൻ (അച്യുതമേനോൻ സൻെറർ ഓഫ് എസ്.സി.ടി) ഉൾപ്പെടെ കേരളത്തിലെ 50 കാർഡിയോളജിസ്റ്റുകൾ അടങ്ങുന്നതാണ് ഗവേഷക സംഘം.