ശരീരചര്‍മത്തില്‍ 21 മണിക്കൂര്‍ വരെ, പ്ലാസ്റ്റിക്കില്‍ എട്ടു ദിവസത്തിലേറെ; ഒമൈക്രോണിന്റെ അതിജീവനശേഷി മറ്റുവകഭേദങ്ങളേക്കാള്‍ കൂടുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2022 02:30 PM  |  

Last Updated: 27th January 2022 02:30 PM  |   A+A-   |  

coronavirus_PTI123

ഫയല്‍ ചിത്രം

 

ന്യൂയോര്‍ക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണാണ് ലോകത്ത് ആശങ്ക പരത്തി അതിവേഗം വ്യാപിക്കുന്നത്. ലോകരാജ്യങ്ങളിലെ പുതിയ കോവിഡ് തരംഗത്തിന് പിന്നില്‍ ഒമൈക്രോണ്‍ ആണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. കൊറോണ വൈറസിന്റെ ഏറ്റവുമധികം വ്യാപനശേഷിയുള്ള വകഭേദം കൂടിയാണ് ഒമൈക്രോണ്‍. 

കോവിഡിന്റെ മറ്റു വകഭേദങ്ങളേക്കാള്‍ ഒമൈക്രോണ്‍ പരത്തുന്ന വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാവുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരത്തിലെ ചര്‍മത്തില്‍ 21 മണിക്കൂര്‍ വരെ വൈറസിന് ജീവനോടെ നിലനില്‍ക്കാനാകും. പ്ലാസ്റ്റിക് പ്രതലങ്ങളില്‍ എട്ടു ദിവസത്തിലേറെയും വൈറസ് നിലനില്‍ക്കും. 

ഇത് മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതാണ് ഒമൈക്രോണിന്റെ അതിവ്യാപനത്തിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു. ജപ്പാനിലെ ക്യോട്ടോ പ്രെഫെക്ചറല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. 

വുഹാനില്‍ ആദ്യം കണ്ടെത്തിയ കൊറോണ വൈറസ് മുതല്‍ ഇതുവരെയുണ്ടായ വൈറസ് വകഭേദങ്ങളുടെ പാരിസ്ഥിതിക സ്ഥിരത ഗവേഷകര്‍ വിശകലനം ചെയ്തു. ആദ്യ വൈറസിനേക്കാള്‍, ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ക്കെല്ലാം രണ്ടു മടങ്ങ് അധികം ചര്‍മ്മത്തിലും പ്ലാസ്റ്റിക് പ്രതലത്തിലും തങ്ങാന്‍ കഴിയുന്നുണ്ട്. 

വകഭേദങ്ങളുടെ ഈ അതിജീവനശേഷിയാണ് കൂടുതല്‍ അപകടകാരിയാക്കുന്നതും, അതിവേഗ വ്യാപനത്തിന് കാരണമാകുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വകഭേദങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക സ്ഥിരത ഒമൈക്രോണിനാണ്. അതാണ് ഡെല്‍റ്റയെയും മറികടന്ന് അതിവേഗം വൈറസ് ബാധ പടരാന്‍ ഇടയാക്കുന്നത്. 

പ്ലാസ്റ്റിക് പ്രതലത്തില്‍ ആദ്യ വൈറസിന് 56 മണിക്കൂറാണ് അതിജീവിക്കാന്‍ കഴിയുകയെങ്കില്‍, ആല്‍ഫയ്ക്ക് 191.3 മണിക്കൂറും, ബീറ്റയ്ക്ക് 156.6 മണിക്കൂറും ഗാമയ്ക്ക് 59.3 മണിക്കൂറും ഡെല്‍റ്റയ്ക്ക് 114 മണിക്കൂറുമാണ് അതിജീവിക്കാനാവുക. എന്നാല്‍ ഒമൈക്രോണിന് 193.5 മണിക്കൂര്‍ നിലനില്‍ക്കാന്‍ കഴിയും. 

ചര്‍മ്മസാംപിളിന് പുറത്ത് ആദ്യ വൈറസിന് 8.6 മണിക്കൂര്‍ നിലനില്‍ക്കാന്‍ കഴിയുമെങ്കില്‍ആല്‍ഫയ്ക്ക് 19.6 മണിക്കൂര്‍, ബീറ്റയ്ക്ക് 19.1 മണിക്കൂര്‍, ഗാമയ്ക്ക് 11 മണിക്കൂര്‍, ഡെല്‍റ്റയ്ക്ക് 16.8 മണിക്കൂര്‍ എന്നിങ്ങനെയാണ് ്തിജീവന സമയം. ഒമൈക്രോണിനാകട്ടെ 21.1 മണിക്കൂര്‍ വരെ അതിജീവിക്കാനാകുമെന്നും പഠനം വ്യക്തമാക്കുന്നു.