27-ാം വയസ്സിൽ തൈറോയ്ഡ് കാൻസർ; ശരീരം കാണിച്ച ലക്ഷണങ്ങൾ കണ്ടില്ലെന്നുവച്ചു, തുറന്നുപറഞ്ഞ് യുവതി 

തൈറോയ്ഡ് കാൻസറിനോടു പടവെട്ടി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ 27 കാരിയായ ക്രിസ്റ്റീന കാൻസർ സ്ഥിരീകരിക്കുന്നതിനു മുൻപ് ശരീരത്തിൽ കണ്ട ലക്ഷണങ്ങൾ തുറന്നു പറയുന്നു
ക്രിസ്റ്റീന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
ക്രിസ്റ്റീന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം

യുഎസ് സ്വദേശിയായ ക്രിസ്റ്റീന തൈറോയ്ഡ് കാൻസറിനോടു പടവെട്ടിയാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. 27-ാം വയസ്സിൽ രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ച ക്രിസ്റ്റീനയ്ക്ക് മുന്നോട്ടുള്ള വഴി എഴുപ്പമായിരുന്നില്ല. കുടുംബത്തിൽ മറ്റാർക്കും കാൻസർ ഇല്ലാതിരുന്നിട്ടും തനിക്ക് തൈറോയ്ഡ് കാൻസർ ബാധിച്ചത് എങ്ങനെയെന്ന് യുവതിയ്ക്ക് വ്യക്തമായിട്ടില്ല. എന്നാൽ തനിക്ക് ഡോക്ടർമാർ പരിശോധനയിലൂടെ കാൻസർ സ്ഥിരീകരിക്കുന്നതിനു മുൻപ് ശരീരത്തിൽ കണ്ട ലക്ഷണങ്ങൾ തുറന്നു പറയുകയാണ് ക്രിസ്റ്റീന മക്നൈറ്റ്.

ആഴ്ചകളോളം ലക്ഷണങ്ങൾ കണ്ടെങ്കിലും ഭർത്താവ് നിർബന്ധിച്ചതു കൊണ്ടു മാത്രമാണ് ആശുപത്രിയിൽ പോകാൻ തയ്യാറായതെന്നാണ് ക്രിസ്റ്റീന പറയുന്നത്. ജോലിയുടെ സമ്മർദ്ദമായിരിക്കും ശരീരത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് താൻ കരുതിയതെന്ന് ക്രിസ്റ്റീന ഇൻസ്റ്റഗ്രാം റീലിലൂടെ വ്യക്തമാക്കി. 

കടുത്ത ക്ഷീണവും ശ്രദ്ധക്കുറവും

2014ലായിരുന്നു ക്രിസ്റ്റീനയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. അടുത്തിടെ ജോലിയിൽ ഒരു സ്ഥാനക്കയറ്റം ലഭിച്ചതിനാൽ അതുമൂലമുണ്ടായ പ്രശ്നങ്ങളായിരിക്കും ശരീരത്തിലെ അവശതയ്ക്ക് കാരണം എന്നാണ് യുവതി കരുതിയിരുന്നത്. ആഴ്ചകളായി കടുത്ത ക്ഷീണവും ശ്രദ്ധക്കുറവും തന്നെ അലട്ടിയിരുന്നു. കൂടാതെ ത്വക്കിലെ ജലാംശം നഷ്ടപ്പെടുകയും മുടിയുടെ ബലം കുറഞ്ഞ് പൊട്ടാൻ തുടങ്ങുകയും ചെയ്തു. ഇതൊക്കെ തൻ്റെ ശരീരത്തിലുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ക്രിസ്റ്റീന പറഞ്ഞു. ഒരു ഹാഫ് മാരത്തോൺ വരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്ന താൻ ആരോഗ്യവതിയായിരുന്നുവെന്നും ചെറുപ്പമായിരുന്നു എന്നും യുവതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷമായി ക്രോസ് ഫിറ്റ് വ്യായാമവും ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ കുടുംബത്തിൽ ആർക്കും തൈറോയ്ഡ് കാൻസർ പാരമ്പര്യവും ഉണ്ടായിരുന്നില്ല. പെട്ടെന്ന് വലിയ ക്ഷീണവും ശ്രദ്ധക്കുറവും തോന്നിത്തുടങ്ങുകയായിരുന്നു എന്ന് യുവതി പറയുന്നു. 

ബയോപ്സി നടത്തി, ഒടുവിൽ സ്ഥിരീകരിച്ചു

ജീവിതത്തിൽ പല കാര്യങ്ങളോടും ശ്രദ്ധ കുറയുന്നതും ക്ഷീണം അനുഭവപ്പെടുന്നതും കണ്ട ഭർത്താവ് ഡോക്ടറെ കാണാൻ നിർബന്ധിച്ചു. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെ ജോലി തീർക്കാൻ ഞായറാഴ്ച പോലും ഓഫീസിലെത്തേണ്ട സാഹചര്യമായിരുന്നു എന്നും ക്രിസ്റ്റീന പറഞ്ഞു. എന്നാൽ ലക്ഷണങ്ങൾ മനസ്സിലാക്കിയ ഡോക്ടർ തൈറോയ്ഡ് കാൻസറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിൽ രൂപപ്പെട്ട ചെറിയ മുഴ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല എന്നും യുവതി പറയുന്നു. അൾട്രാസൗണ്ട് പരിശോധനയും ബയോപ്സിയും നടത്തിയാണ് രോ​ഗം ഒടുവിൽ സ്ഥിരീകരിച്ചത്.

തുടക്കത്തിൽ രോ​ഗം ഉണ്ടെന്ന് അം​ഗീകരിക്കാൻ വിസമ്മതിച്ചെങ്കിലും തൈറോയഡ് ​ഗ്രന്ഥി നീക്കം ചെയ്യുകയാണ് പ്രതിവിധിയെന്ന ഡോക്ട‍ർമാരുടെ നി‍ർദേശം ക്രിസ്റ്റീന അനുസരിച്ചു. കൂടാതെ റേഡിയേഷൻ ചികിത്സയും നടത്തിയതോടെ രോ​ഗം അപ്രത്യക്ഷമായി. നിലവിൽ ക്രിസ്റ്റീനയുടെ ശരീരത്തിൽ കാൻസ‍ർ രോ​ഗമില്ലെങ്കിലും തൈറോയ്ഡിൻ്റെ അഭാവത്തിൽ ഇടയ്ക്കിടെ ഹോ‍ർമോൺ ഇൻജെക്ഷൻ ആവശ്യമായി വരുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com