ഒആര്‍എസ് ലായനിയുടെ പിതാവ് ഡോ. ദിലീപ് മഹലനാബിസ് അന്തരിച്ചു 

1971-ല്‍ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഡോ. ദിലിപിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്
ഡോ. ദിലീപ് മഹലനാബിസ്
ഡോ. ദിലീപ് മഹലനാബിസ്

കൊല്‍ക്കത്ത: വൈദ്യശാസ്ത്രത്തിലെ നിര്‍ണായക കണ്ടുപിടുത്തുങ്ങളില്‍ ഒന്നായ ഒആര്‍എസ് ലായനി (ORS) വികസിപ്പിച്ച ഡോ. ദിലിപ് മഹലനാബിസ്(88) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

1971-ല്‍ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഡോ. ദിലിപിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഈ സമയത്ത് പടര്‍ന്ന് പിടിച്ച കോളറയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായ ഒആര്‍എസ് ലായനി ഏറെ സഹായിച്ചിട്ടുണ്ട്. നിര്‍ജലീകരണം തടയുന്നതിന് വായിലൂടെ കഴിക്കാന്‍ കഴിയുന്ന സംയുക്തം എന്ന നിലയ്ക്കാണ് ഒആര്‍എസ് ഖ്യാതി നേടിയത്. പശ്ചിമബംഗാളിലെ ബംഗാവ് മേഖലയിലുള്ള അഭയാര്‍ഥി കേന്ദ്രത്തില്‍ സേവനം അനുഷ്ഠിക്കുമ്പോഴായിരുന്നു അദ്ദേഹം ഒആര്‍എസ് ലായനി കണ്ടുപിടിച്ചത്. 

പീഡിയാട്രീഷ്യനായിട്ടായിരുന്നു ഡോ. ദിലിപിന്റെ തുടക്കം. കൊല്‍ക്കത്തയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചില്‍ ഗവേഷണം നടത്തുന്നതിനിടെ 1966-ലാണ് ഒആര്‍എസിന് വേണ്ടിയുള്ള ഗവേഷണം ആരംഭിച്ചത്. ഡോ. ഡേവിഡ് ആര്‍ നളിന്‍, ഡോ. റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്കൊപ്പം നടത്തിയ ഗവേഷണമാണ് ഒആര്‍എസ്. ലായനിയുടെ പിറവിയിലേക്ക് നയിച്ചത്.

'വൈദ്യശാസ്ത്രത്തിലെ വലിയൊരു കണ്ടുപിടിത്തമാണ് ഒ.ആര്‍.എസ്. ഇതിന്റെ കണ്ടുപിടിത്തത്തിന് ഡോ. ദിലിപ് നല്‍കിയ സംഭാവനകളും പ്രചാരവും വിലമതിക്കാന്‍ ആവാത്തതാണ്. ബംഗ്ലാദേശിലെ വിമോചന യുദ്ധകാലത്ത് പൊട്ടിപ്പുറപ്പെട്ട കോളറ ശമിപ്പിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഒആര്‍എസ് നല്‍കിയ സംഭാവനകള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു'-ഐസിഎംആര്‍-എന്‍ഐസിഇഡി ഡയറക്ടര്‍ ശാന്ത ദത്ത പറഞ്ഞു.

വിമോചന യുദ്ധകാലത്ത് ബംഗ്ലാദേശിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഒരു കോടിയിലേറെപ്പേരാണ് ഇന്ത്യയിലേക്ക് എത്തിയത്. തുടര്‍ന്ന് പശ്ചിമബംഗാളില്‍ തുടങ്ങിയ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കോളറ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ഡോ. ദിലിപിന്റെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒആര്‍എസ് ലായിനി വിതരണം ചെയ്തു. അന്ന് ചികിത്സയുടെ ഭാഗമായി ഒആര്‍എസ് നല്‍കി തുടങ്ങിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com