ശരീര താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമാണ് വിയര്‍ക്കുക എന്നത്. ചൂടുള്ള കാലാവസ്ഥയില്‍, വ്യായാമം ചെയ്യുമ്പോഴോ അല്ലെങ്കില്‍ ശാരീരിക അധ്വാനം ചെയ്യുമ്പോഴോ ശരീരത്തില്‍ ആന്തരിക താപനില ഉയരാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ ചര്‍മത്തിന് ഉപരിതലത്തേക്ക് വിയര്‍പ്പ് ഒഴുക്കുകയും ഇത് ബാഷ്പീകരിക്കുമ്പോള്‍ ശരീരം തണുക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൻ്റെ ആന്തരിക താപനില കുറയ്ക്കാന്‍ സഹായിക്കും.
എന്നാല്‍ അമിതമായി വിയര്‍ക്കുന്ന അവസ്ഥയെ ഹൈപ്പർഹൈഡ്രോസിസ് എന്നാണ് വിളിക്കുന്നത്. ഉത്കണ്ഠ, സമ്മര്‍ദം കൂടാതെ പ്രമേഹം, ഹോര്‍മോണ്‍ വ്യതിയാനം, ഹൈപ്പർതൈറോയിഡിസം, അണുബാധ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ഉൾപ്പെടെയുള്ള ചില ആരോഗ്യപ്രശ്നങ്ങളും ചിലര്‍ അമിതമായി വിയര്‍ക്കാന്‍ കാരണമാകുന്നു.
അമിതമായി വിയര്‍ക്കുന്നത് എങ്ങനെ ചെറുക്കാം
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആന്തരിക താപനില നിയന്ത്രിക്കാനും സഹായിക്കും. അമിതമായി വിയര്‍ക്കുക എന്ന അവസ്ഥ ഒരു പരിധിവരെ ഇതിലൂടെ ഒഴിവാക്കാം.
അമിത ശരീരഭാരം ഹൈപ്പർഹൈഡ്രോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ശരീരഭാരം വര്‍ധിക്കുന്നത് ആന്തരിക താപനില നിയന്ത്രിക്കാന്‍ ശരീരം ഇരട്ടി പ്രവര്‍ത്തിക്കേണ്ടി വരുന്നു. ശരീരഭാരം കുറയുന്നത് വിയര്‍പ്പിന്‍റെ അളവു കുറയ്ക്കും.
എരിവുള്ള ഭക്ഷണവും കഫീൻ അടങ്ങിയ പാനീയങ്ങളും മദ്യവും വിയർപ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. ഇത് അമിതമായി വിയർക്കുന്നതിലേക്ക് നയിക്കും. ഇവ നിയന്ത്രിക്കുന്നത് അമിതമായി വിയർക്കുന്നതിൽ നിന്ന് മറികടക്കാൻ സഹായിക്കും.
അമിത ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ അമിതമായി വിയർക്കാൻ കാരണമാകും. പ്രത്യേകിച്ച് കൈവെള്ളകളിലും കക്ഷങ്ങളിലും. ഇത് ഒഴിവാക്കാൻ യോഗ, മെഡിറ്റേഷൻ പോലുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്‌നിക്കുകൾ പരിശീലിക്കാവുന്നതാണ്.
അമിതമായുള്ള വിയർപ്പ് ഒഴിവാക്കാൻ ഡോക്ടർമാരുടെ നിർദേശപ്രകാരം ആൻ്റിപെർസ്പിറൻ്റുകൾ സ്വീകരിക്കാവുന്നതാണ്. വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ തടയുന്ന സജീവ ഘടകങ്ങളുടെയോ മറ്റ് സംയുക്തങ്ങളുടെയോ ഉയർന്ന അളവിൽ അടങ്ങിയതാണ് ആൻ്റിപെർസ്പിറൻ്റുകൾ. അതിനാൽ കൃത്യമായ വൈദ്യസഹായത്തോടെ മാത്രം ആൻ്റിപെർസ്പിറൻ്റുകൾ ഉപയോഗിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ