ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉപ്പ്, പഞ്ചസാര, ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ നിന്നും പ്രാദേശിക ചന്തകളില്‍ നിന്നും വാങ്ങിയ പത്ത് തരം ഉപ്പും അഞ്ച് തരം പഞ്ചസാരയും പരിശോധിച്ച് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിക്സ് ലിങ്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പഠനത്തില്‍ എല്ലാത്തരം ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. ടേബിള്‍ സാള്‍ട്ട്, റോക്ക് സാള്‍ട്ട്, കടല്‍ ഉപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുള്‍പ്പെടെ ഉപ്പിന്റെയും പഞ്ചസാരയുടെയും സാമ്പിളുകളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. ഫൈബര്‍, പെല്ലെറ്റ്‌സ്, ഫിലിംസ്, തുടങ്ങി വിവിധ രൂപങ്ങളിലാണ് ഇവ കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്‌സിന്റെ വലിപ്പം 0.1 മില്ലിമീറ്റര്‍ മുതല്‍ 5 മില്ലിമീറ്റര്‍ വരെയാണ്. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും കൂടുതല്‍ മൈക്രോപ്ലാസ്റ്റിക്‌സ് കണ്ടെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മൈക്രോപ്ലാസ്റ്റിക്സിന്റെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും പഠനം ആവശ്യപ്പെട്ടു.
ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ദോഷം ചെയ്യുന്നതിനാല്‍ മൈക്രോപ്ലാസ്റ്റിക് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ആശങ്കയാണ്. ഈ ചെറിയ പ്ലാസ്റ്റിക് കണികകള്‍ക്ക് ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും. സമീപകാല ഗവേഷണങ്ങളില്‍ ശ്വാസകോശം, ഹൃദയം തുടങ്ങിയ മനുഷ്യാവയവങ്ങളിലും മുലപ്പാലിലും ഗര്‍ഭസ്ഥ ശിശുക്കളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.
മൈക്രോപ്ലാസ്റ്റിക്‌സിനെക്കുറിച്ചുള്ള നിലവിലുള്ള ശാസ്ത്രീയ വിവരങ്ങളിലേക്ക് കൂടുതല്‍ കണ്ടെത്തലുകള്‍ നല്‍കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടോക്സിക്സ് ലിങ്ക് സ്ഥാപക-സംവിധായകന്‍ രവി അഗര്‍വാള്‍ പറഞ്ഞു.
മൈക്രോപ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ തുടര്‍ന്നുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ഇടപെടലുകള്‍ നടത്താനും ഗവേഷകരുടെ ശ്രദ്ധ ആകര്‍ഷിക്കാനുമാണ് പഠനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടോക്സിക്സ് ലിങ്ക് അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് സിന്‍ഹ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ