ഈ തിരക്കുപിടിച്ച ദൈനംദിന ജീവിതം നമ്മളെ പലതരത്തില്‍ വീര്‍പ്പുമുട്ടിക്കാം. അത് ശാരീരികമായും മാനസികമായും നമ്മളെ സമ്മര്‍ദത്തിലേക്ക് നയിക്കും. അമിതമായ ക്ഷീണം, ജീവിതത്തോട് മടുപ്പ്, ഊര്‍ജമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഒരു പക്ഷെ ഈ ദൈനംദിന വീര്‍പ്പുമുട്ടലുകളുടെ സൈഡ് ഇഫക്ടസ് ആകാം. ഈ സമ്മര്‍ദങ്ങളെയും വീര്‍പ്പുമുട്ടലുകളെയും കൈകാര്യം ചെയ്യുന്നതിന് അല്‍പം വിശ്രമം എല്ലാവര്‍ക്കും ആവശ്യമാണ്. നന്നായി വിശ്രമിക്കുന്നത് നിങ്ങളെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരും സംതൃപ്തരുമാക്കും. എന്നാല്‍ ഉറക്കം മാത്രമാണ് വിശ്രമമെന്ന് തെറ്റുദ്ധരിക്കരുത്. വിശ്രമങ്ങള്‍ ഏഴ് തരത്തിലുണ്ട്, ഏതൊക്കെയെന്ന് നോക്കാം.
ശാരീരിക അധ്വാനം നിറഞ്ഞ നീണ്ട ഒരു ദിവസം നിങ്ങളുടെ ഊര്‍ജം മുഴുവന്‍ ചോര്‍ത്തിയെടുക്കും. ഇത്തരം സാഹചര്യങ്ങളില്‍ നന്നായി ഉറങ്ങുന്നത് അടുത്ത ദിവസം നിങ്ങളുടെ ശാരീരിക ഊർജം വീണ്ടെടുക്കാൻ സഹായിക്കും. ഉറക്കം നിങ്ങളുടെ പേശികൾക്ക് വിശ്രമവം നൽകുന്നു.
ഒന്നിനു പിന്നാലെ ഒരോന്നായി ഏറ്റെടുക്കേണ്ടി വരുന്ന ഉത്തരവാദിത്വങ്ങൾ, തീരുമാനമെടുക്കൽ പോലുള്ള വൈജ്ഞാനിക ആവശ്യങ്ങൾ പതിവാകുമ്പോള്‍ മാനസിക വീര്‍പ്പുമുട്ടലുണ്ടാക്കാം. തുടർച്ചയായ പരീക്ഷകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ മടുപ്പിച്ചു തുടങ്ങുമ്പോൾ ജോലിയിൽ നിന്ന് അല്ലെങ്കിൽ നീണ്ട പഠന സെഷൻ താത്കാലികമായി നിർത്തി ഒന്നോ രണ്ടോ ദിവസം അവധിയെടുക്കുക. ഇത് നിങ്ങളുടെ തലച്ചോറിന് വിവരങ്ങൾ തുടർച്ചയായി പ്രോസസ് ചെയ്യുന്നതിൽ നിന്നും ഇടവേള നൽകും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതും, യാത്ര പോകുന്നതുമൊക്കെ മാനസികമായി വിശ്രമം നൽകാൻ സഹായിക്കും.
അതിലുപരി ആഴത്തിലുള്ള ശ്വസന വ്യായാമം, മെഡിറ്റേഷൻ എന്നിവ നിങ്ങളെ നിങ്ങളുമായി തന്നെ ബന്ധപ്പെടാൻ സഹായിക്കുന്നു. ഇത് ശീലമാക്കുന്നത് ദൈനംദിന മാനസിക സമ്മർദം കൈകാര്യം ചെയ്യാന്‍ സഹായിക്കും.
വ്യക്തിബന്ധങ്ങൾ വികാരങ്ങളുടെ ഒരു നീണ്ട തെരുവുപോലെയാണ്. ഇവയ്ക്കിടയിലെ നിരന്തര ഉന്തുതള്ളും വൈകാരികമായി ഭാരം ഉണ്ടാക്കാം. അടുത്ത സുഹൃത്തുക്കളുമായുള്ള വഴക്ക്, ദാമ്പത്യബന്ധത്തിലെ വിള്ളൽ ഇവയൊക്കെ അതിനുദാഹരണങ്ങളാണ്. ഓരേ പോലെ ബന്ധങ്ങൾ കൊണ്ടു പോവുക പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. വൈകാരിക വിശ്രമം ഇത്തരം അസ്വസ്ഥതകളെ കൈകാര്യം ചെയ്യാൻ സഹായിക്കും.
വികാരങ്ങൾ എത്ര മങ്ങിയതാണെങ്കിലും അവ അവഗണിക്കരുത്. ആരെങ്കിലുമായി സംസാരിച്ച് അല്ലെങ്കിൽ അതിനെക്കുറിച്ച് എഴുതി കൊണ്ട് ആ വികാരങ്ങൾ പ്രകടിപ്പിക്കുക. വികാരങ്ങളുടെ അമിതസമ്മര്‍ദത്തില്‍ നിന്ന് സ്വയം സംരക്ഷിക്കുന്നതിന് സ്വയം പരിചരണത്തിന് മുൻതൂക്കം നൽകുക. ചർമ സംരക്ഷണം, വായന അല്ലെങ്കിൽ പ്രിയപ്പെട്ട പോഡ്കാസ്റ്റ് കേൾക്കുക. വൈകാരികമായ വിശ്രമത്തിന് മൊത്തത്തിലുള്ള വൈകാരിക ബുദ്ധി മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്.
നിരന്തരമായ ജോലി സമ്മര്‍ദം, മടുപ്പ് എന്നിവ കൂടുമ്പോള്‍ സർഗ്ഗാത്മകതയുമായി സമ്പർക്കം പുലർത്താനോ, നിങ്ങളുടെ പാഷന്‍ കണ്ടെത്തി അതില്‍ ഒരല്‍പം സമയം ചെലവഴിക്കാനോ ശ്രമിക്കുക. ഇത് ജീവിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ സഹായിക്കും. ക്രിയേറ്റീവ് റെസ്റ്റ് നിങ്ങള്‍ക്കുള്ളിലെ നിങ്ങളെ കണ്ടെത്താനും ഉല്ലാസഭരിതമായ ജീവിത നയിക്കാനും സഹായിക്കും.
ഒത്തുചേരലുകളും കൂട്ടായ്മയും മാനസികമായ സന്തോഷമുണ്ടാക്കുമെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ അതും പലപ്പോഴും സമ്മര്‍ദത്തിനുള്ള വഴിയാകാം. സോഷ്യല്‍ ബാറ്ററി റീചാർജ് ചെയ്യുന്നതിന് സോഷ്യൽ റെസ്റ്റ് ആവശ്യമാണ്. സാമൂഹികവൽക്കരണം സെന്‍സറി ഓവര്‍ലോഡിങ്ങിന് കാരണമായേക്കാം. ഇത് സാമൂഹിക ഉത്കണ്ഠ വർധിപ്പിക്കും.
സാമൂഹികവൽക്കരണം ഒഴിവാക്കി സോളോ ട്രിപ്പ് പോവുക, നിങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കളുമായി ഹാംഗ് ഔട്ട് ചെയ്യുക. സാമൂഹികവൽക്കരണത്തിന് പരിധി കല്‍പിക്കുന്നതും ഏകാന്തത പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇത്തരം സമ്മര്‍ദം ഒഴിവാക്കാന്‍ സഹായിക്കും.
ശാരീരിക-മാനസികമായ സമ്മര്‍ദങ്ങള്‍ കൂടിവരുമ്പോള്‍ ആദ്യം മടുപ്പും പിന്നീട് ജീവിതം സ്തംഭിച്ചതുമായി തോന്നാം. ലക്ഷ്യബോധവും ദിശാബോധവും വീണ്ടെടുക്കുന്നതിന് ആത്മീയമായ വിശ്രമം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തിൻ്റെ ദിശ കണ്ടെത്തുന്നതിൽ നിങ്ങളെത്തന്നെ മനസ്സിലാക്കുക എന്നതാണ് മുൻഗണന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ