ഷിലോങ്: മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിൽ രണ്ടു വയസുകാരന് പോളിയോ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യം വീണ്ടും ജാഗ്രതയില്‍. എന്നാൽ ഇത് വൈൽഡ് പോളിയോ കേസ് അല്ലെന്നും പ്രതിരോധശേഷി കുറഞ്ഞവരിൽ അണുബാധയുണ്ടാകുന്ന വാക്‌സിൻ ഉപയോഗിച്ചുള്ള പോളിയോ (വാക്സിൻ ഡെറൈവ്ഡ് പോളിയോ) ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എന്താണ് വാക്സിന്‍ ഡെറൈവ്ഡ് പോളിയോ
ഓറൽ പോളിയോ വാക്‌സിനുകളിൽ (OPV) കാണപ്പെടുന്ന ദുർബലമായ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് വാക്സിന്‍ ഡെറൈവ്ഡ് പോളിയോ എന്ന് വിളിക്കുന്നത്. 2011-ൽ അവസാനമായി രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം 2014-ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈല്‍ഡ് പോളിയോ കേസുകള്‍ കുറഞ്ഞെങ്കിലും ആഗോള തലത്തില്‍ വാക്സിന്‍ ഡെറൈവ്ഡ് പോളിയോ കേസുകള്‍ വര്‍ധിച്ചു വരികയാണ്.
അപൂർവം കേസുകളിൽ ഒപിവിയിൽ ഉപയോഗിക്കുന്ന ദുർബലമായ വൈറസ് പരിവർത്തനം ചെയ്യുകയും രോഗമുണ്ടാക്കാനുള്ള കഴിവ് വീണ്ടെടുക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍, വാക്സിന്‍ കവറേജ് കുറഞ്ഞ പ്രദേശങ്ങളിലാണ് വാക്സിന്‍ ഡെറൈവ്ഡ് പോളിയോ വ്യാപിക്കാന്‍ സാധ്യത.
എന്താണ് പോളിയോ
പോളിയോമൈലിറ്റിസ് വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് പോളിയോമൈലിറ്റിസ് അല്ലെങ്കിൽ പോളിയോ. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെ മനുഷ്യരില്‍ ഉണ്ടാകുന്ന വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാം. ക്ഷീണം, പനി, തലവേദന, ഛർദ്ദി, വയറിളക്കം, മലബന്ധം, തലവേദന, പ്രകാശത്തോടുള്ള സംവേദനക്ഷമത തുടങ്ങിയവയാണ് പോളിയോ വൈറസിൻ്റെ ലക്ഷണങ്ങള്‍.
പോളിയോ വൈറസ് ടൈപ്പ് 1 (WPV1), വൈൽഡ് പോളിയോവൈറസ് ടൈപ്പ് 2 (WPV2), വൈൽഡ് പോളിയോവൈറസ് ടൈപ്പ് 3 (WPV3) എന്നിങ്ങനെ മൂന്ന് തരം പോളിയോ വൈറസ് ഉണ്ട്. ഇവയെ വൈല്‍ഡ് പോളിയോ എന്നാണ് അറിയപ്പെടുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ട് തരം പോളിയോ വാക്സിനുകള്‍
ഇന്ത്യയില്‍ രണ്ട് തരത്തില്‍ പോളിയോ വാക്സിനുകള്‍ നല്‍കുന്നുണ്ട്.
ഓറൽ പോളിയോ വാക്സിൻ (OPV): ഇന്ത്യയിൽ ഏറ്റവും സാധാരണയായി നൽകപ്പെടുന്ന വാക്സിൻ ആണ് ഓറൽ പോളിയോ വാക്സിൻ. ഇതില്‍ പോളിയോ വൈറസിൻ്റെ ദുർബലമായ രൂപം അടങ്ങിയിരിക്കുന്നു. ഇത് രോഗം ഉണ്ടാക്കാതെ രോഗപ്രതിരോധ പ്രതികരണത്തെ പ്രോത്സാഹിപ്പിക്കും. തുള്ളി മരുന്നായാണ് ഇത് സാധാരണയായി നല്‍കുന്നത്.
ഇൻആക്ടിവേറ്റഡ് പോളിയോ വാക്സിൻ (IPV): നിഷ്ക്രിയ പോളിയോ വാക്സിനില്‍ പോളിയോ വൈറസിൻ്റെ ഒരു നിർജ്ജീവ രൂപം അടങ്ങിയിരിക്കുന്നു. ഇത് കുത്തിവെപ്പിലൂടെയാണ് സാധാരണ നല്‍കുന്നത്.
വാക്സിന്‍ ഡെറൈവ്ഡ് പോളിയോ തടയാന്‍
ഒപിവിയില്‍ നിന്ന് ഐപിവിയിലേക്ക് മാറാം: വാക്സിൻ-ഡെറൈവ്ഡ് പോളിയോയുടെ അപകടസാധ്യത ഇല്ലാതാക്കാന്‍ ഐപിവി ഉപയോഗിക്കുന്നതാണ് മികച്ചത്. ഇതില്‍ വാക്സിന്‍റെ നിർജ്ജീവ രൂപമാണ് അടങ്ങിയിരിക്കുന്നതിനാല്‍ വാക്സിന്‍ ഡെറൈവ്ഡ് പോളിയോ സാധ്യത ഉണ്ടാകില്ല.
മെച്ചപ്പെടുത്തിയ നിരീക്ഷണം: വാക്‌സിൻ ഡെറൈവ്ഡ് പോളിയോ തിരിച്ചറിയാനും പ്രതികരിക്കാനും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താം.
വാക്സിനേഷൻ കവറേജ്: രാജ്യത്ത് ഉയർന്ന വാക്സിനേഷൻ കവറേജ് ഉറപ്പാക്കുന്നത് നിർണായകമാണ്. കൂടുതൽ ആളുകൾ വാക്സിനേഷൻ എടുക്കുമ്പോൾ വൈറസ് പരിവർത്തനം ചെയ്യാനും പടരാനും സാധ്യത കുറയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ