അമിതമായി ചൂടായ 'നോണ്‍-സ്റ്റിക്ക്' ടെഫ്‌ലോണ്‍ പൂശിയ പാത്രങ്ങളില്‍ നിന്നുള്ള വിഷ പുക 'ടെഫ്‌ലോണ്‍ ഫ്‌ലു' എന്ന രോഗത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും ഈ രോഗം കൃത്യമായി നിര്‍ണയിക്കപ്പെടുന്നില്ലെന്നും വിദഗ്ധര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
രോഗത്തെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകുന്നില്ലെന്നും അതിനാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരം പാത്രങ്ങളില്‍ നിന്നു വരുന്ന വിഷ പുകയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും 'സ്റ്റെയിന്‍ലെസ് സ്റ്റീല്‍' അല്ലെങ്കില്‍ 'കാസ്റ്റ് അയേണ്‍' എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങള്‍ ഉപയോഗിക്കാനുമാണ് വിദഗ്ധരുടെ നിര്‍ദേശം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെഫ്‌ലോണ്‍ പൂശിയ പാത്രങ്ങളിലെ ഒരു പോറല്‍ പോലും ആയിരക്കണക്കിന് കണങ്ങളെ പുറത്തുവിടാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി, പോറലുകളോ പഴകിയതോ ആയ പാത്രങ്ങള്‍ ഉപയോഗിക്കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
കേടുപാടുകളോട പോറലുകളോ ഉള്ള നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ ഉപേക്ഷിക്കണം. ഇവയില്‍ നിന്നുള്ള രാസവസ്തുക്കള്‍ ശരീരത്തില്‍ നിലനില്‍ക്കുകയും വൃക്ക, വൃഷണ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കിടയാക്കുമെന്നുമാണ് മുന്നറിയിപ്പ്.
അമിതമായി ചൂടായ ടെഫ്‌ലോണ്‍ പൂശിയ പാത്രങ്ങളില്‍ നിന്നുള്ള പുക ശ്വസിക്കുന്നത് 'ടെഫ്‌ലോണ്‍ ഫ്‌ലൂ' പിടിപെടുമെന്ന് ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി എഡ്വിന രാജ് പറഞ്ഞു. ഉയര്‍ന്ന താപനിലയില്‍ ടെഫ്‌ലോണ്‍ കോട്ടിങ് നഷ്ടപ്പെടുമ്പോള്‍ വിഷ കണങ്ങളും വാതകങ്ങളും പുറത്തുവിടുകയും തലവേദന, വിറയല്‍, പനി, നെഞ്ചുവേദന, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുമെന്നും എഡ്വിന പറഞ്ഞു.
'ടെഫ്‌ലോണ്‍ പനി' പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ തെറ്റായി രോഗനിര്‍ണയം നടത്തുകയോ ചെയ്‌തേക്കാം, കാരണം അതിന്റെ ലക്ഷണങ്ങള്‍ സാധാരണ ശ്വാസകോശ സംബന്ധമായ അണുബാധകളുമായി സാമ്യമുള്ളതാണ്, പ്രത്യേകിച്ച് പനി സീസണില്‍, ഗ്ലെനെഗിള്‍സ് ബിജിഎസ് ഹോസ്പിറ്റലിലെ പള്‍മണോളജിസ്റ്റ് ഡോ. മഞ്ജുനാഥ് പിഎച്ച് പറഞ്ഞു.
പാചകം ചെയ്യുമ്പോള്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക, പാത്രങ്ങള്‍ അമിതമായി ചൂടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. പാചകം ചെയ്തതിന് ശേഷം വ്യക്തികള്‍ക്ക് പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ