മുടി ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ മസ്റ്റാണ്. എന്നാൽ മുടിക്കനുയോജ്യമായ കണ്ടീഷണർ ഏതാണെന്നോ, എങ്ങനെ ഉപയോഗിക്കണമെന്നോ പലർക്കും അറിയില്ല. പലർക്കും ഇതൊരു ചടങ്ങ് മാത്രമാണ്. കണ്ടീഷണറുകൾ മുടിക്ക് വേണ്ട അവശ്യ പോഷകങ്ങളും ഈർപ്പവും നിലനിർത്തുന്നു. ഇത് മുടിയെ കൂടുതൽ മൃദുലവും ആരോഗ്യമുള്ളതുമാക്കാന്‍ സഹായിക്കും.
മുടി വരണ്ടതോ എണ്ണമയമുള്ളതോ, ഉരുളനോ, നീളനോ ആകട്ടെ, ശരിയായ ഹെയർ കണ്ടീഷണർ തെരഞ്ഞെടുക്കുന്നത് മുടിയുടെ രൂപത്തെയും ഘടനയെയും നല്ലരീതിയിൽ സ്വാധീനിക്കും. ഇത് പരിസ്ഥിതിക ഘടകങ്ങൾ, കെമിക്കൽ ട്രീറ്റ്മെന്റ്, ഹീറ്റ് സ്റ്റൈലിങ് എന്നിവയെ തുടർന്നുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു.
നിങ്ങളുടെ ഹെയർ കണ്ടീഷണറിൽ ഈ ചേരുവകൾ ഉണ്ടോ?
ശരിയായ ചേരുവകൾ അടങ്ങിയ ഒരു ഹെയർ കണ്ടീഷണർ തെരഞ്ഞെടുക്കുന്നത് മുടിയുടെ ആരോഗ്യത്തിലും ഘടനയിലും വലിയ രീതിയിൽ മാറ്റം വരുത്തും.
പ്രകൃതിദത്ത എണ്ണകൾ: ആർഗൻ ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ തുടങ്ങിയ ചേരുവകൾ മുടിക്ക് ആഴത്തിലുള്ള ഈർപ്പവും പോഷണവും നൽകുന്നു. ഇത് മുടിയിൽ ഈർപ്പം നിലനിർത്താനും പ്രോട്ടീൻ നഷ്ടം പരിഹരിക്കാനും സഹായിക്കും.
പ്രോട്ടീനുകൾ: കെരാറ്റിൻ, സിൽക്ക് പ്രോട്ടീൻ, വീറ്റ് പ്രോട്ടീൻ എന്നീ ചേരുവകൾ അടങ്ങിയ കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിയിഴകൾ കരുത്തുള്ളതും പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും. കൂടാതെ മുടി കൂടുതൽ തിളക്കവും മൃദുവുമാകാൻ ഇവ നല്ലതാണ്. കൂടാതെ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും സ്റ്റൈലിങ് ഉപകരണങ്ങളിൽ നിന്നുള്ള കേടുപാടുകൾ തടയുകയും ചെയ്യും.
ഷിയ ബട്ടർ: വിറ്റാമിൻ എ, ഇ എന്നിവ അടങ്ങിയ ഷിയ ബട്ടർ ചേരുവ മുടിയുടെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും. വരണ്ടതും പരുക്കനുമായി ചുരുണ്ട മുടിക്ക് ഷിയ ബട്ടർ അടങ്ങിയ കണ്ടീഷണർ വളരെ നല്ലതാണ്.
പാന്തീനോൾ (വിറ്റാമിൻ ബി5): പാന്തീനോൾ അടങ്ങിയ കണ്ടീഷണർ മുടിക്ക് കനവും പൊലിമയും വർധിപ്പിക്കും. കൂടാതെ ഈർപ്പം നിലനിർത്താനും മികച്ചതാണ്.
ഗ്ലിസറിൻ: മുടിയിൽ ഈർപ്പം നിലനിർത്താൻ ഗ്ലിസറിൽ മികച്ച ചേരുവയാണ്. വരണ്ട മുടിയിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.
എന്നാല്‍ സൾഫേറ്റുകൾ, സിലിക്കണുകൾ, പാരബെനുകൾ തുടങ്ങിയ ചേരുവകൾ അടങ്ങിയ കണ്ടീഷണരുകൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവ മുടിയിൽ നിന്ന് പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്ത് മുടി കൂടുതൽ ഡ്രൈ ആവാൻ കാരണമാകും. കൂടാതെ ആൽക്കഹോൾ അടങ്ങിയ ഉൽപ്പന്നങ്ങളും ഒഴിവാക്കുക. ഇതും മുടി വരണ്ടതും പെട്ടെന്ന് പൊട്ടിപോകുന്നതിനും കാരണമാകാം.
കണ്ടീഷണർ എത്രതരം
കഴുകിക്കളയാവുന്ന കണ്ടീഷണറുകൾ: ഇത്തരം കണ്ടീഷണറുകൾ ഷാംപൂ ചെയ്തതിന് ശേഷമാണ് കഴുകി കളയാവുന്നതാണ്. ഇത് മുടി മൃദുവും ഈർപ്പമുള്ളതുമാക്കാൻ സഹായിക്കും. മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഇത്തരം കണ്ടീഷണറുകൾ നല്ലതാണ്.
ലീവ്-ഇൻ കണ്ടീഷണറുകൾ: മുടി കഴുകേണ്ട ആവശ്യമില്ലാതെ തന്നെ അവയ്ക്ക് ഈർപ്പവും സംരക്ഷണവും നൽകാൻ ഇത്തരം കണ്ടീഷണറുകൾക്ക് കഴിയും. വരണ്ടതും കേടായതുമായ മുടിക്ക് ഇത്തരം കണ്ടീഷണറുകൾ അനുയോജ്യമാണ്.
ഡീപ്പ് കണ്ടീഷണറുകൾ: വരണ്ടതും കളർ ചെയ്ത മുടിയിലുമാണ് ഡീപ്പ് കണ്ടീഷണറുകൾ ഉപയോഗിക്കുന്നത്. ഇത് അഞ്ച് മുതൽ 15 മിനിറ്റ് വരെ പുരട്ടി വെച്ച ശേഷം കഴുകി കളയുകയാണ് ചെയ്യുന്നത്. ഇത് മുടിയിൽ ഈർപ്പം പുനഃസ്ഥാപിക്കാൻ സഹായിക്കും.
വോള്യൂമൈസിങ് കണ്ടീഷണറുകൾ: മുടിക്ക് കനവും നിറവും നൽകുന്നതിനും രൂപപ്പെടുത്തിയിരിക്കുന്നതാണ് വോള്യൂമൈസിംഗ് കണ്ടീഷണറുകൾ.
നിറം സംരക്ഷിക്കുന്ന കണ്ടീഷണറുകൾ: കളർ ചെയ്ത മുടിയുടെ നിറം നിലനിർത്താൻ സഹായിക്കും, അതിലൂടെ മുടിയുടെ നിറം മങ്ങുന്നത് തടയാൻ സഹായിക്കും.
വ്യത്യസ്ത മുടി തരങ്ങൾക്ക് അനുയോജ്യമായ കണ്ടീഷണറുകൾ എങ്ങനെ തെരഞ്ഞെടുക്കാം?
വരണ്ട മുടി
വരണ്ട മുടിക്ക് ഷിയ ബട്ടർ, വെളിച്ചെണ്ണ അല്ലെങ്കിൽ ആർഗൻ ഓയിൽ പോലുള്ള പോഷക ഘടകങ്ങൾ അടങ്ങിയ മോയ്‌സ്ചറൈസിംഗ് കണ്ടീഷണറുകള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ചുരുണ്ട മുടി
ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ ഗ്ലിസറിൻ പോലുള്ള ചേരുവകൾ അടങ്ങിയ ലീവ്-ഇൻ കണ്ടീഷണർ അല്ലെങ്കിൽ ഡീപ് കണ്ടീഷണറുകളാണ് ചുരുണ്ട മുടിക്ക അനുയോജ്യം. കാരണം അവ ഈർപ്പം നിലനിർത്തുകയും മൃദുലമാക്കുകയും ചെയ്യും.
വേവി ഹെയര്‍
ഇത്തരം മുടിക്ക് കറ്റാർ വാഴയോ പ്രകൃതിദത്ത എണ്ണകളോ അടങ്ങിയ കണ്ടീഷണറുകളാണ് അനുയോജ്യം.
നീളന്‍ മുടി
എണ്ണമയം കുറഞ്ഞ നേര്‍ത്ത കണ്ടീഷണർ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
കണ്ടീഷണർ എങ്ങനെ ഉപയോഗിക്കാം?
ഷാമ്പൂ ചെയ്തതിനു ശേഷം മുടി നന്നായി കഴുകുക, അധിക വെള്ളം നീക്കിയ ശേഷം. കണ്ടീഷണര്‍ പുരട്ടാം
മുടിയുടെ മധ്യഭാഗം മുതല്‍ അറ്റം വരെ തുല്യമായി കണ്ടീഷണര്‍ കൈകൊണ്ട് പുരട്ടുക. തലയോട്ടിയിൽ എണ്ണമയമുള്ളതാണെങ്കിൽ കണ്ടീഷണർ ആ ഭാഗത്ത് പുരട്ടരുത്.
കണ്ടീഷണർ 1-3 മിനിറ്റ് നേരം ഇരിക്കാൻ അനുവദിക്കുക. കൂടുതൽ നേരം വയ്ക്കുമ്പോൾ മുടി കൂടുതൽ കണ്ടീഷനാകാന്‍ സഹായിക്കും.
ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകി കളയാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക