ഗുരുതര ശ്വാസകോശ രോഗം; എന്താണ് സാക്കിര്‍ ഹുസൈന്റെ മരണത്തിനിടയാക്കിയ ഇഡിയൊപതിക് പള്‍മണറി ഫൈബ്രോസിസ്?
തബല വിദ്വാന്‍ സാക്കിര്‍ ഹുസൈന്റെ മരണം ഇഡിയൊപതിക് പള്‍മണറി ഫൈബ്രോസിസ്(ഐപിഎഫ്) എന്ന രോഗം ബാധിച്ചായിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗമാണിത്. ശ്വാസകോശം മാറ്റിവയ്ക്കല്‍ മാത്രമാണ് രോഗത്തിന് കൃത്യമായ ചികിത്സ, അതും ശരിയായ സമയത്ത് ചെയ്താല്‍ മാത്രം.
ഓക്‌സിജന്റെയും ആന്റി-ഫൈബ്രോട്ടിക് മരുന്നുകളുടെയും സഹായത്തോടെ ഏഴ് മുതല്‍ എട്ട് വര്‍ഷം വരെ രോഗം ഗൂരുതരമാകുന്നത് തടയാനാകുമെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. സാധാരണ നിലയില്‍ ഇഡിയൊപതിക് പള്‍മണറി ഫൈബ്രോസിസിന് ചികിത്സയില്ല. എന്നാല്‍ രോഗത്തിന്റെ തീവ്രത, പ്രായം, മറ്റ് ആരോഗ്യ ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്ത് ശരിയായ സമയത്ത് ശ്വാസകോശം മാറ്റിവെയ്ക്കാം. ഇന്ത്യയിലെ രോഗികള്‍ക്ക് രോഗം ആരംഭിച്ച് കുറഞ്ഞത് 10 മുതല്‍ 12 വര്‍ഷം വരെ ജീവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
50 ശതമാനം രോഗികളിലും ഈ രോഗം ഉണ്ടായതിന്റെ കാരണം കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടാണ് ഇഡിയൊപതിക് എന്ന പദം ഉപയോഗിക്കുന്നത്. എന്നാല്‍ 50 ശതമാനം കേസുകളില്‍, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സിസ്റ്റമിക് സ്‌ക്ലിറോസിസ് അല്ലെങ്കില്‍ ല്യൂപ്പസ് എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ഇഡിയൊപതിക് പള്‍മണറി ഫൈബ്രോസിസ് (ഐപിഎഫ്) ഉണ്ടാകാം.
ഐപിഎഫില്‍ ശ്വാസകോശത്തിലെ സാധാരണ ടിഷ്യു ഫൈബ്രോട്ടിക് ടിഷ്യുകളാല്‍ മാറ്റിസ്ഥാപിക്കപ്പെടുന്നു, ഇത് ശ്വാസകോശത്തില്‍ നിന്ന് രക്തത്തിലേക്ക് ഓക്‌സിജന്‍ കടന്നുപോകുന്നതിനെ തടയുന്നു. ശ്വാസകോശം ചുരുങ്ങാന്‍ തുടങ്ങും. ഇത് ശ്വസിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. രോഗം സാധാരണയായി 50 വയസ്സിനിടയിലാണ് കാണപ്പെടുന്നത്. എന്നാല്‍ ഏത് പ്രായക്കാര്‍ക്കും രോഗം വരാം.
ശ്വാസതടസം, വിട്ടുമാറാത്ത വരണ്ട ചുമ, നെഞ്ചിലെ അസ്വസ്ഥത, നെഞ്ച് വേദന, നഖങ്ങളുടെ ആകൃതിയില്‍ വരുന്ന വ്യത്യാസം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം വേഗത്തില്‍ കുറയുന്നത് എന്നിവയാണ്. പ്രായമാകുന്നതിനു പുറമേ, പുകവലി ഐപിഎഫിനുള്ള പ്രാഥമിക അപകട ഘടകങ്ങളിലൊന്നാണ്.' കൂടാതെ, ഒരാളുടെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഐപിഎഫ് ഉണ്ടെങ്കില്‍, അവര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി, പൊടി, പുക അല്ലെങ്കില്‍ രാസവസ്തുക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് എന്നിവ ഒഴിവാക്കുന്നത് രോഗം അകറ്റാനുള്ള മാര്‍ഗങ്ങളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക