പ്രായം അമ്പതു കടക്കുമ്പോള്‍ മാത്രം ഉണര്‍ന്നിരുന്ന ആരോഗ്യബോധം ഇപ്പോള്‍ മുപ്പതുകളിലേക്ക് ഇറങ്ങി തുടങ്ങിയിരിക്കുന്നു. ദൈനംദിന ജീവിതത്തില്‍ ആരോഗ്യം, ഭക്ഷണം എന്നിവ പ്രധാന മുന്‍ഗണനകളായി മാറി. 'ശുദ്ധമായത്' അല്ലെങ്കില്‍ 'പ്രകൃതിദത്തം' എന്ന ടാഗുകളില്‍ നിന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ട ഉല്‍പ്പന്നങ്ങളിലേക്കുള്ള ചുവടുമാറ്റമായിരുന്നു 2024 ലെ ഒരു പ്രധാന ട്രെന്‍ഡ്.
പ്രമേഹം വന്നാല്‍ മാത്രം പഞ്ചസാരയും മധുരവും ഉപേക്ഷിക്കുക എന്ന രീതി മാറി പ്രീ ഡയബറ്റീസ് കണ്ടീഷനെതിരെ മുന്‍കരുതലായി ഷുഗര്‍ കട്ട് ഡയറ്റ് എന്ന മാറ്റത്തിന് പ്രചാരം കൂടിയതും 2024-ല്‍ ചര്‍ച്ചയായി. മൊത്തത്തിലുള്ള ആരോഗ്യത്തിന് (മാനസിക-ശാരീരിക-സാമൂഹിക ക്ഷേമം) പ്രാധാന്യം നല്‍കികൊണ്ടായിരുന്നു 2024-ലെ ആരോഗ്യ ട്രെന്‍ഡുകള്‍. എഐ അടക്കുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യരംഗത്ത് നിരവധി നല്ലമാറ്റങ്ങളും ഉണ്ടായി.
ഷുഗര്‍ കട്ട് ഡയറ്റ്
പഞ്ചസാരയെന്ന വില്ലനെ ഒരു കൈ അകലത്തില്‍ നിര്‍ത്തുന്ന നയമാണ് ഷുഗര്‍ കട്ട് ഡയറ്റില്‍ പയറ്റിയത്. യുവാക്കളായിരുന്നു ഈ ട്രെന്‍ഡ് ഏറ്റെടുത്തതും. പഞ്ചസാരയ്ക്ക് പകരക്കാരായി ശര്‍ക്കരയും തേനുമൊക്കെ ഡയറ്റിന്‍റെ ഭാഗമായി. പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തില്‍ കലോറി കൂട്ടുകയും ശരീരഭാരം വര്‍ധിക്കാനും ഇടയാക്കും. ഇത് പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. കൂടാതെ പഞ്ചസാരയുടെ ഉപയോഗം വെട്ടിച്ചുരുക്കുന്നത് രോഗങ്ങളെ തടയാന്‍ മാത്രമല്ല, ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മത്തെ അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും ഷുഗര്‍ കട്ട് ഡയറ്റ് പരിഹാരമായി. കൂടാതെ വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടി കുടവയര്‍ ചാടുന്നതും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരം ഫിറ്റായിരിക്കാനും ഈ ഷുഗര്‍ കട്ട് ഡയറ്റ് ആളുകളെ വലിയ രീതിയില്‍ സ്വാധീനിച്ചു.
ഡിജിറ്റല്‍ ഡീടോക്‌സ്
ഡിജിറ്റല്‍ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് സ്ക്രീന്‍ പൂര്‍ണമായും ഒഴിവാക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ ഊണിലും ഉറക്കത്തിലുമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ശാരീരികമായി മാത്രമല്ല മാനസികമായും ബാധിച്ചു തുടങ്ങിയിരുന്നു. ഘട്ടം ഘട്ടമായി ഇത് കുറയ്ക്കുന്ന രീതിയാണ് ഡിജിറ്റല്‍ ഡീടോക്സ്.
യുവാക്കള്‍ക്കിടയിലെ ഗെയിമിങ് ആസക്തി, അമിതമായ സ്ക്രീന്‍ ടൈം എന്നിവയെ തടയിടാന്‍ ഡിജിറ്റല്‍ ഡീടോക്‌സിങ് ട്രെന്‍ഡ് ഫലപ്രദമായിട്ടുണ്ട്. ആപ്പ് ടൈമര്‍, ബെഡ് ടൈം മോഡ്, ഹെഡ്സ് ആപ്പ് തുടങ്ങിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ ഡീടോക്സ് ടെക്നിക്കുകള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നത് 2024-ല്‍ ഈ ട്രെന്‍ഡിന്‍റെ പ്രചാരം കൂട്ടി.
സ്ലീപ് ഒപ്റ്റിമൈസിങ് അഥവ സ്ലീപ് മാക്‌സിമൈസിങ്
മാനസിക സമ്മർദവും ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗവും യുവതലമുറയുടെ ഉറക്കത്തിന്റെ നിലവാരം കെടുത്തി. ഉറക്കമില്ലായ്മ മൊത്തത്തിലുള്ള ആരോഗ്യത്തെയും അതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഉറക്കമില്ലായ്മ പരിഹരിക്കുന്നതിന് സ്ലീപ് ഒപ്റ്റിമൈസേഷൻ വലിയൊരു പരിധിവരെ ഫലപ്രദമായി. നമ്മുടെ ശരീരത്തിന്റെ സർക്കാഡിയൻ താളം അനുസരിച്ചുള്ള ഉറക്കമാണ് മികച്ചത്. അതായത് രാത്രി ഉറക്കം. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കാണ്. തൊഴിലിന്റെ സ്വഭാവം, സ്മാർട്ട് ഫോണുകളുടെ ഉപയോഗം എന്നിവ പലപ്പോഴും നല്ല ഉറക്കം തടസപ്പെടുത്തും. 2024-ല്‍ സ്മാര്‍ട്ട് മെത്തകള്‍, സ്ലീപ് ട്രാക്കറുകള്‍, ഉറക്കത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്ന ആപ്പുകള്‍ അടക്കമുള്ളവ സ്ലീപ് ഒപ്റ്റിമൈസേഷന്‍ എളുപ്പമാക്കി.
വ്യക്തിഗത പോഷകാഹാരം
സാങ്കേതിക വിദ്യയും ന്യൂട്രീഷണല്‍ സയന്‍സിന്‍റെ മുന്നേറ്റവും വ്യക്തിഗത പോഷകാഹാര ഡയറ്റുകള്‍ക്ക് വഴിയൊരുക്കി. ജനിതക ഘടന, ജീവിതശൈലി, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതാണ് വ്യക്തിഗത പോഷകാഹാര ഡയറ്റുകൾ. ബയോ മാര്‍ക്കറുകള്‍ വിശകലനം ചെയ്തും ജനിതക പരിശോധന, മുന്‍ഗണനകള്‍ എന്നിവ മനസിലാക്കിയുമാണ് വ്യക്തിഗത പോഷകാഹാര ഡയറ്റുകൾ നിശ്ചയിക്കുക.
സ്മൂത്തി ട്രെന്‍ഡ്
നമുക്കിടയിൽ ആരോഗ്യത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽമീഡിയയിലൂടെ കയറിക്കൂടിയ മറ്റൊരു ട്രെൻഡ് ആയിരുന്നു സ്മൂത്തികൾ. മെഡിറ്ററേറിയൻ ഡയറ്റിൽ നിന്ന് ചില രൂപ മാറ്റങ്ങളോടെ എത്തി സ്മൂത്തി 2024-ൽ കൂടുതൽ സ്വീകാര്യമായി. പഴങ്ങളും പാലും ഓട്സും ഡ്രൈഫ്രൂട്സും റാഗിയും അങ്ങനെ സ്മൂത്തിയെ ആരോഗ്യപ്രദമാക്കുന്ന ചേരുവകൾ നിരവധിയാണ്. എളുപ്പത്തിൽ ഉണ്ടാക്കമെന്നതു കൊണ്ട് തന്നെ യുവതലമുറക്കാർക്കിടയിൽ 2024-ൽ സ്മൂത്തി ഒരു ഹെൽത്തി ഓപ്ഷൻ ആയി മാറി.
മാനസികാരോഗ്യത്തിന് മുന്‍ഗണന
മാനസികാരോഗ്യ ക്ഷേമത്തിന് ഏറെ പ്രാധാന്യം നല്‍കിയ വര്‍ഷമാണ് 2024. തൊഴിലിടങ്ങളിലെ മാനസികാരോഗ്യ അവബോധം ഗണ്യമായി മെച്ചപ്പെട്ടു എന്നതാണ് ഏറ്റവും മികച്ച നേട്ടം. മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ജീവനക്കാരെ പിന്തുണയ്ക്കുന്നതിനും നിരവധി സ്ഥാപനങ്ങള്‍ മുന്‍നിരയിലേക്ക് വന്നു. മൈന്‍ഡ്ഫുള്‍നൈസ്, മെഡിറ്റേഷന്‍, ഡിജിറ്റല്‍ ഡീടോക്‌സ് തുടങ്ങിയ രീതികള്‍ ആളുകള്‍ പരിശീലിക്കുന്നത് വര്‍ധിച്ചു. കൂടാതെ മാനസികാരോഗ്യ ക്ഷേമ ആപ്പുകളും ടെലിതെറാപ്പി സേവനങ്ങളും വര്‍ധിച്ചു. ഇത് മാനസികാരോഗ്യ പിന്തുണ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതാക്കി.
ഫിറ്റ്നസ് ട്രാക്കറുകൾ
ഫിറ്റ്നസ് ട്രാക്കറുകൾ ദൈനംദിന ആരോഗ്യ പരിപാലനവും നിരീക്ഷണവും എളുപ്പമാക്കുന്നു. സ്മാർട്ട് വാച്ചുകൾ പോലുള്ളവയിൽ നിന്ന് സ്മാർട്ട് റിംഗുകളിലേക്ക് 2024 ചുവടുവെച്ചു. ഫിറ്റ്നസ് ട്രാക്കറുകളുടെ ഈ രൂപമാറ്റം ആളുകൾക്കിടയിൽ കൗതുകമായി. ആലിയ ഭട്ട്, ജെന്നിഫർ ആനിസ്റ്റൺ പോലുള്ള താരങ്ങൾ ഈ ട്രെൻഡ് ഏറ്റെടുത്തതോടെ സ്മാർട്ട് റിംഗ് കൂടുതൽ ജനപ്രീയമായി. ഇത്തരം മോതിരങ്ങൾക്ക് മാനസിക സമ്മർദം, ഉറക്കത്തിന്റെ ഗുണനിലവാരം, ഹൃദയമിടിപ്പ് എന്നിവ സൂക്ഷമമായി ട്രാക്ക് ചെയ്യാം. ഇത് ആരോഗ്യ മുൻകരുതൽ സ്വീകരിക്കാൻ നമ്മെ സഹായിക്കും.
ഹൈബ്രിഡ് വർക്ക്ഔട്ടുകൾ
2024-ലെ മറ്റൊരു ട്രെൻഡ് ആയിരുന്നു ഹൈബ്രിഡ് വർക്ക്ഔട്ടുകൾ. പേരു പോലെ ഒന്നിലധികം തരത്തിലുള്ള വ്യായാമങ്ങൾ സംയോജിപ്പിച്ച് ചെയ്യുന്ന വർക്ക്ഔട്ട് ആണ് ഹൈബ്രിഡ് വർക്ക്ഔട്ട്. മൊബിലിറ്റി, ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് സംയുക്ത ആരോഗ്യവും പേശികളുടെ സന്തുലിതാവസ്ഥയും നിലനിർത്താനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക