കുട്ടികളിലെ അതിവികൃതി വളരുമ്പോൾ വെല്ലുവിളിയാകുന്നതെങ്ങനെ?; എന്താണ് ഫഹദ് ഫാസിൽ നേരിടുന്ന എഡിഎച്ച്ഡി?

ഈ രോഗമുള്ള ഭൂരിഭാഗം പേരും തങ്ങൾക്ക് എഡിഎച്ച്ഡി യാണെന്ന് മനസ്സിലാകുന്നില്ല
Fahadh Faasil
എന്താണ് ഫഹദ് ഫാസിൽ നേരിടുന്ന എഡിഎച്ച്ഡി?

'ഒരു നേരം അടങ്ങിയിരിക്കില്ല, കുരുത്തംകെട്ട പിള്ളേർ, ഏത് നേരവും ഓടിക്കൊണ്ടിരിക്കും' - ഇങ്ങനെ പരിഭവപ്പെടുന്ന മാതാപിതാക്കൾ നമുക്ക് ചുറ്റും എത്ര പേരുണ്ടെന്നറിയാമോ? എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ്/ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ എന്ന അവസ്ഥയെ ആണ് അവർ വിവരിക്കുന്നത്. അടുത്തിടെ സിനിമാതാരം ഫഹദ് ഫാസിൽ തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയതോടെയാണ് ഈ രോഗം മലയാളികൾ കൂടുതലായി ചർച്ച ചെയ്തു തുടങ്ങിയത്. തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കുന്ന ഒരു രോഗമാണിത്.

ഈ രോഗമുള്ള ഭൂരിഭാഗം പേരും തങ്ങൾക്ക് എഡിഎച്ച്ഡി യാണെന്ന് മനസ്സിലാകുന്നില്ല. അതുകൊണ്ടു തന്നെ അവരതിന് ചികിത്സ തേടുന്നുമില്ല. ചെറുപ്പത്തിലേ ചികിത്സ കിട്ടാത്തതിനാൽ ഈ രോഗാവസ്ഥ വളരുമ്പോഴും കൂടെക്കൂടുകയും ആ വ്യക്തിക്ക് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ദൈനംദിന ജോലികളെ പോലും അത് ബാധിക്കുന്നു.

കുട്ടികളിൽ ഏറ്റവുമധികം കണ്ടുവരുന്ന മാനസികപ്രശ്നമാണ് എഡിഎച്ച്ഡി ഏതെങ്കിലുമൊരു കാര്യത്തിൽ തുടർച്ചയായി ശ്രദ്ധിക്കാൻ കഴിയാതിരിക്കുക, ഹൈപ്പർആക്ടിവിറ്റി, എടുത്തുചാട്ടം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ക്ലാസ്റൂമുകളിലെ പെരുമാറ്റത്തിൽ നിന്നും അധ്യാപകരാണ് ഇതേറ്റവുമാദ്യം തിരിച്ചറിയുന്നത്. പലരും മുതിർന്നു കഴിയുമ്പോഴും കുട്ടികളിൽ ഏറ്റവുമധികം കണ്ടുവരുന്ന മാനസികപ്രശ്നമായ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ നേരിടേണ്ടി വരുന്നു. വളരുമ്പോൾ മാറുമെന്ന് പലരും പ്രതീക്ഷിക്കുന്ന ഒരു സാധാരണ വികൃതിസ്വഭാവം മാത്രമല്ല എഡിഎച്ച്ഡി.

എന്താണ് എഡിഎച്ച്ഡിക്ക് കാരണം?

എഡിഎച്ച്ഡിക്ക് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടാകാം. പാരമ്പര്യം ഒരു വലിയ ഘടകമാണ്. ഗർഭകാലത്തെ പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, ഗർഭകാലത്തെ അമ്മമാരുടെ മദ്യപാനവും പുകവലിയും, ഗർഭധാരണത്തിലെ സങ്കീർണതകൾ, കുട്ടിക്കാലത്ത് നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ പെട്ടെന്നുണ്ടാകുന്ന വലിയ മാറ്റങ്ങൾ എന്നിവയെല്ലാം എഡിഎച്ച്ഡിയിലേക്ക് നയിച്ചേക്കാം.

ആദ്യകാല ലക്ഷണങ്ങൾ

കുട്ടികളിൽ പലരൂപത്തിൽ എഡിഎച്ച്ഡി പ്രത്യക്ഷപ്പെടാറുണ്ട്. ഹൈപ്പർ ആക്ടിവിറ്റി- അടങ്ങിയിരിക്കാൻ കഴിയാത്ത അവസ്ഥ, ചിന്തിക്കാതെയുള്ള എടുത്തുചാട്ടം, ഒരാൾ സംസാരിക്കുമ്പോൾ ഇടക്കുകയറി സംസാരിക്കുക, അവരുടെ ഊഴം എത്തുന്നത് വരെ കാത്തിരിക്കാൻ കഴിയാതിരിക്കുക, അധികമായ ഊർജസ്വലത എന്നിവ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാവാം. വേണ്ടവിധം ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ പഠനത്തിലെ പ്രകടനവും മോശമാകാം. ഇത്തരം ലക്ഷണങ്ങൾ വീടുകളിലും സ്‌കൂളിലും പുറത്തുമുള്ള കുട്ടികളുടെ പെരുമാറ്റത്തിൽ വലിയ പ്രശ്നങ്ങൾക്കിടയാകാറുണ്ട്. ഇവ പരിഹരിക്കണമെങ്കിൽ എഡിഎച്ച്ഡി നേരത്തെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്.

മുതിർന്നവരിലെ എഡിഎച്ച്ഡി

ചെറുപ്പത്തിൽ എഡിഎച്ച്ഡി കണ്ടുപിടിച്ച് ചികിൽസിച്ചില്ലെങ്കിൽ വളരുമ്പോൾ വ്യത്യസ്തമായ പ്രശ്നങ്ങളായിരിക്കും അത് സൃഷ്ടിക്കുന്നത്. ഏതു കാര്യവും പിന്നീട് ചെയ്യാനായി മാറ്റിവെയ്ക്കുക, മാനസികനില അടിക്കടി മാറുക, അക്ഷമ, ദൈനംദിനവിഷയങ്ങൾ കൈകാര്യം ചെയ്യാനും ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാനുമുള്ള ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ്, അടിക്കടി ജോലി മാറുക, പുതിയ അറിവുകൾ നേടാനും കഴിവുകൾ സ്വായത്തമാക്കാനും കഴിയാതിരിക്കുക എന്നിവയാണ് അവയിൽ ചിലത്. എടുത്തുചാട്ടവും ശ്രദ്ധക്കുറവും ഉദ്യമങ്ങൾ ഏറ്റെടുക്കാനുള്ള മടിയും കാരണം ഇവരുടെ വ്യക്തിബന്ധങ്ങളിലും വിള്ളലുകൾ സംഭവിക്കാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പലപ്പോഴും പൊതുവെയുള്ള മടി, അലസത എന്നിവയായിട്ടൊക്കെ ആയിരിക്കും നമുക്ക് ഇവ തോന്നുക. വിദഗ്ധരുടെ പരിശോധനകളും ചികിത്സയും ലഭിച്ചാല്‍ മാത്രമേ ഈ രോഗം സ്ഥിരീകരിക്കാനും ചികിത്സിക്കാനും കഴിയൂ. ഈ പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർ തങ്ങൾക്ക് എഡിഎച്ച്ഡി ആയിരിക്കാം എന്ന് സംശയിക്കാറുണ്ട്. എന്നാൽ നമ്മുടെ നിത്യജീവിതത്തിലെ സാധാരണകാര്യങ്ങളെ പോലും കാര്യമായി ബാധിക്കുന്ന തരത്തിലേക്ക് ഈ പ്രശ്നങ്ങൾ എത്തുമ്പോൾ മാത്രമാണ് അത് ക്ലിനിക്കൽ എഡിഎച്ച്ഡി ആയി മാറുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കിൽ അത് എഡിഎച്ച്ഡി അല്ല.

Fahadh Faasil
പനിയുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്, ചികിത്സ ഉറപ്പാക്കണം; എലിപ്പനി, ഡെങ്കിപ്പനി പ്രതിരോധത്തിന് നിര്‍ദേശങ്ങള്‍

എഡിഎച്ച്ഡിയെ നേരിടേണ്ടതെങ്ങനെ?

പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരവസ്ഥയല്ലിത്. എന്നാൽ കൃത്യമായ ചില തന്ത്രങ്ങൾ ഉപയോഗിച്ചും ഉറ്റവരുടെ പിന്തുണയുടെ സഹായത്താലും ഫലപ്രദമായി എഡിഎച്ച്ഡിയെ നേരിടാൻ സാധിക്കും. വിദഗ്ധരുടെ സഹായം, മരുന്നുകൾ, ബിഹേവിയറൽ തെറാപ്പി എന്നിവയാണ് അതിനുള്ള പോംവഴികൾ. എത്രയും വേഗം രോഗം തിരിച്ചറിഞ്ഞ്, തുടർച്ചയായി അതിനെ മാനേജ് ചെയ്യുന്നതാണ് ഏറ്റവും പ്രധാനം. എങ്കിൽ മേല്പറഞ്ഞ ലക്ഷണങ്ങളെ പ്രതിരോധിച്ച് എഡിഎച്ച്ഡി ഉള്ളവർക്കും സാധാരണ ജീവിതം നയിക്കാൻ കഴിയും.

dr lisha p balan about ADHD disorder
ഡോ. ലിഷ പി ബാലൻ

തയ്യാറാക്കിയത്: ഡോ. ലിഷ പി ബാലൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ്, കൊച്ചി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com