താന്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ അര്‍ജുന്‍ കപൂര്‍. തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥയായ ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ് സ്ഥിരീകരിച്ചതായി താരം തുറന്നു പറഞ്ഞു. അതിനൊപ്പം വിഷാദ രോഗവും തന്നെ അലട്ടുന്നുണ്ടെന്നും അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തി.
സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ കരാറില്‍ ഒപ്പിടുമ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുന്ന സമയമായിരുന്നു. കുട്ടിക്കാലം മുതല്‍ അമിതവണ്ണമുണ്ടായിരുന്നത് തനിക്കൊരു ട്രോമ പോലെയായിരുന്നു. അടുത്തിടെ ഉണ്ടായ മാനസിക സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ വന്നതോടെ തെറാപ്പി സ്വീകരിച്ചു. തന്നെ സംബന്ധിച്ചിടത്തോളം സിനിമയാണ് ജീവിതം. അത് ആസ്വദിച്ച് കാണാന്‍ കഴിയാതെ വന്നതോട് നിരാശയായെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
സ്ക്രീനില്‍ മറ്റുള്ളവരുടെ മികച്ച പ്രകടനങ്ങള്‍ കാണുകയും തനിക്ക് അത്തരം അവസരം ലഭിക്കാത്തതില്‍ ആശങ്കപ്പെടുകയും ചെയ്തിരുന്നു. നെഗറ്റീവ് ചിന്തകള്‍ വര്‍ധിച്ചതോടെയാണ് തെറാപ്പിസ്റ്റിനെ സമീപിച്ചത്. പിന്നാലെ തനിക്ക് വിഷാദ രോഗം സ്ഥിരീകരിച്ചതായും അര്‍ജുന്‍ തുറന്നു പറയുന്നു. ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥയായ ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ് സ്ഥിരീകരിച്ചതിനെ കുറിച്ചും താരം ആദ്യമായി തുറന്നു പറഞ്ഞു. തൈറോയ്ഡ് തകരാറിന്റെ കുറച്ചു കൂടി ഗൗരവകരമായ അവസ്ഥയാണിത്. സ്വന്തം ആന്റിബോഡീസ് അവനവനെ തന്നെ ആക്രമിക്കുന്ന അവസ്ഥയാണിതെന്നും അര്‍ജുന്‍ പറഞ്ഞു.
എന്താണ് ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ്
ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് ഡിസീസ്. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഇത് ഉണ്ടാവുക. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് ഇടയാക്കുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം പോരാടും. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു.
തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസത്തിന് കാരണം. ചില സന്ദര്‍ഭങ്ങളില്‍ ഹാഷിമോട്ടോസ് ഡിസീസ് ഹൈപ്പർതൈറോയ്ഡിസത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
ലക്ഷണങ്ങള്‍
പൊണ്ണത്തടി, അമിതക്ഷീണം, പേശികളിലും സന്ധികളിലും വേദന, മലബന്ധം, വരണ്ട മുടിയും ചർമവും, മുടികൊഴിച്ചിൽ, ആർത്തവക്രമക്കേടുകൾ, ഹൃദയമിടിപ്പ് കുറയുക, വിഷാദം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക