കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോബയോട്ടിക്സിന്റെ മികച്ച ഉറവിടമാണ് തൈര്. കൂടാതെ കാല്‍സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ് തുടങ്ങിയ നിരവധി പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്രയധികം പോഷകങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ടെങ്കിലും തണുപ്പ് കാലത്ത് തൈര് കഴിക്കാന്‍ പലര്‍ക്കും പേടിയാണ്.
തൈര് തണുപ്പായതു കൊണ്ട് ശൈത്യകാലത്ത് ഇത് കഴിക്കരുതെന്ന് ആയുവേദത്തില്‍ പറയുന്നു, പ്രത്യേകിച്ച് രാത്രി സമയത്ത്. തണുത്ത ഭക്ഷണം ശൈത്യകാലത്ത് ശരീരത്തില്‍ കഫം രൂപപ്പെടാന്‍ കാരണമാകുമെന്നും ആയുര്‍വേദത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ശൈത്യകാലത്തും തൈര് ഡയറ്റില്‍ ചേര്‍ക്കുന്നതില്‍ ദോഷമില്ലെന്നാണ് ന്യൂട്രിഷനിസ്റ്റുകളുടെ വാദം.
പ്രോബയോടിക്‌സ്, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ നിരവധി മൈക്രോന്യുട്രിയന്റുകളാല്‍ സമ്പന്നമായ തൈര് ശൈത്യകാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ന്യൂട്രിഷനിസ്റ്റായ ഭാരതി കുമാര്‍, ഫോര്‍ട്ടീസ് ഹോസ്പിറ്റല്‍, ബെംഗളൂരു പറയുന്നു. തണുപ്പുള്ള സമയത്ത് ചൂടുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനാണ് മിക്കയാളുകളും ശ്രമിക്കുക. എന്നാല്‍ ശൈത്യകാലത്ത് തൈരിനെ അത്ര പേടിക്കേണ്ട കാര്യമില്ലെന്ന് ഇദ്ദേഹം പറയുന്നു.
തണുപ്പുകാലത്ത് തൈരിനെ ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്താം
സ്മൂത്തി: തണുത്ത കാലത്ത് സീസണൽ പഴങ്ങൾ, തേൻ, കറുവപ്പട്ട അല്ലെങ്കിൽ ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം തൈരും ചേര്‍ത്ത് സ്മൂത്തി ഉണ്ടാക്കാം. ഇത് വളരെ പോഷകഗുണമുള്ളതും രുചികരവുമാണ്.
സൂപ്പ്: തണുപ്പ് കാലത്ത് സൂപ്പിന് നല്ല ഡിമാന്‍ഡ് ആണ്. തക്കാളി സൂപ്പ് അല്ലെങ്കിൽ ലെൻ്റിൽ സൂപ്പ് പോലുള്ള സൂപ്പുകളില്‍ തൈര് ചേര്‍ക്കുന്ന രുചി വര്‍ധിപ്പിക്കാനും ഭക്ഷണത്തിന് പ്രോബയോട്ടിക്സിൻ്റെ ഗുണങ്ങൾ കിട്ടാനും സഹായിക്കും.
കേഡ് റൈസ്: ജീരകം, കടുക് തുടങ്ങിയവ താളിച്ചുണ്ടാക്കുന്ന കേഡ് റൈസ് തണുപ്പു കാലത്ത് മികച്ച ഒരു ചോയിസ് ആണ്.
ഡിപ്സ്: തൈര്, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേര്‍ത്ത് ക്രീം ഡിപ്പുകൾ തയ്യാറാക്കാം.
മസാല ലസ്സി: തൈര്, മഞ്ഞൾ, ഇഞ്ചി, തേൻ എന്നിവ ചേർത്ത് മസാല ലസ്സി തയ്യാറാക്കാം. തണുപ്പ് കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാന്‍ ഇത് വളരെ നല്ലതാണ്.
തണുപ്പ് കാലത്ത് തൈര് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
പ്രോബയോടിക്‌സ്
കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രോഷകഗുണം
കാല്‍സ്യം, പ്രോട്ടിന്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം, പേശികളുടെ പ്രവര്‍ത്തനം തുടങ്ങി മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും.
പ്രതിരോധശേഷി
പ്രോബയോട്ടിക്‌സ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലൂടെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച ശൈത്യകാലത്ത് സാധാരണമായ ജലദോഷവും പനിയും വരുന്നത് തടയും.
ദഹനം
തൈരിലെ പ്രോബയോട്ടിക്സ് കുടൽ മൈക്രോഫ്ലോറയുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താനും ദഹനക്കേട്, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കും
തൈരിലെ പ്രോട്ടീൻ പൂർണ്ണതയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ചർമത്തിന്‍റെ ആരോഗ്യം
തൈരിലെ വിറ്റാമിൻ ബി 12 ഉൾപ്പെടെയുള്ള പോഷകങ്ങൾ ശൈത്യകാലത്ത് ചർമം വരളുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക