സമയത്തോളം വില ജീവിത്തതിൽ മറ്റൊന്നിനുമില്ലെന്നാണ് പറഞ്ഞു കേട്ടിട്ടില്ലേ? കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് തന്റെ ജീവിത്തിൽ അവശേഷിക്കുന്ന സമയം മിനിറ്റുകളാക്കി തിരിച്ച് ലേലം ചെയ്യുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള 31കാരിയായ എമിലി ലാഹേ. സമയത്തിന്റെ മൂല്യത്തെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എമിലി പറയുന്നു. വളരെ ആരോഗ്യവതിയായി ജീവിച്ചിരുന്ന എമിലിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കാൻസർ എത്തിയത്.
തലവേദന, ഗുരുതരമായ സൈനസൈറ്റിസ്, കാഴ്ചസംബന്ധമായ തകരാറുകൾ തുടങ്ങിയവയായിരുന്നു പ്രാരംഭഘട്ടത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് എമിലിയുടെ തലയോട്ടിയിലും സൈനസുകളിലും ക്രിക്കറ്റ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമർ കണ്ടെത്തിയത്. 27-ാം വയസിൽ രോഗം സ്ഥിരീകരിക്കുന്നതുവരെയും ദിവസവും അഞ്ചു മുതൽ 10 കിലോമീറ്ററോളം ഓടിയിരുന്ന വ്യക്തിയാണ് താൻ. വ്യായാമത്തിലും മറ്റ് ആരോഗ്യ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതിരുന്നതുകൊണ്ട് തന്നെ തനിക്ക് കാൻസർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എമിലി പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവശേഷിക്കുന്ന സമയം എത്രയാണെന്ന് അറിയില്ലെന്നും ഉള്ള അത്രയും സമയം കാൻസർ ഗവേഷണത്തെ കുറിച്ചും സമയത്തിന്റെ വിലയെ കുറിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുമായി ഉപയോഗിക്കണമെന്നാണ് തീരുമാനമെന്നും എമിലി പറയുന്നു. എൻയുടി കാർസിനോമ എന്ന അപൂർവവും അപകടകാരവുമായ കാൻസർ ബാധിച്ച് ചികിത്സയിലാണ് എമിലി. രോഗം സ്ഥിരീകരിച്ചാൽ ആറുമാസംമുതൽ ഒമ്പതുമാസത്തിനുള്ളിൽ മരണപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെയാണ് കാൻസർ ഗവേഷണത്തിനുവേണ്ടിയും രോഗം സംബന്ധിച്ച അവബോധം പകരാനും വ്യത്യസ്തമാർഗം സ്വീകരിക്കാൻ എമിലി തീരുമാനിച്ചത്.
'ടൈം ടു ലിവ്' എന്ന പേരിട്ടിരിക്കുന്ന തത്സമയ കലാരൂപത്തിലൂടെ തന്റെ അവശേഷിക്കുന്ന സമയം മിനിറ്റുകളാക്കി അപരിചിതർക്ക് ലേലം ചെയ്യുകയാണ് രീതി. സിഡ്നിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ എമിലിയോടൊപ്പം മൂന്ന് മിനിറ്റ് ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. എമിലിയോട് സംസാരിക്കുകയോ, അവൾക്കൊപ്പം നടക്കുകയോ, ഒന്നും സംസാരിക്കാതെയോ നിശബ്ദം കൂടെയിരുന്നോ കടന്നുപോകാം. ഓരോ മൂന്നുമിനിറ്റും അളക്കാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. ക്യാന്‍സര്‍ രോഗനിര്‍ണയം നടത്തിയ ഒരാളുമായി സമയം ചെലവിട്ടതിനു ശേഷം ആ വ്യക്തികള്‍ക്ക് ഉണ്ടാകുന്ന വൈകാരികവും മാനസികവുമായ വ്യത്യാസങ്ങളെക്കുറിച്ച് മനസിലാക്കാനും കാന്‍സര്‍ ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇതിലൂടെ ശേഖരിക്കുന്ന പണം കാൻസർ ഗവേഷണത്തിന് നൽകാനാണ് എമിലിയുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ