ഉറക്കം എന്നത് ഒരു ജൈവികമായ ആവശ്യകതയാണ്. നമ്മുടെ ജീവിതത്തിൻ്റെ ഏകദേശം മൂന്നിലൊന്ന് ഭാഗം നമ്മള്‍ ഉറക്കത്തിനായി ചെലവഴിക്കുന്നു. ഉറങ്ങുമ്പോള്‍ ശരീരം ചലനത്തിനും ദഹനത്തിനുമായി എടുക്കുന്ന ഊര്‍ജം കോശങ്ങളുടെ തകര്‍ച്ച നന്നാക്കാനും വീണ്ടെടുക്കാനും നിര്‍മിക്കാനുമായി തിരിച്ചുവിടാം. ചുരുക്കം പറഞ്ഞാല്‍ ശരീരം സ്വയം നന്നാക്കാനെടുക്കുന്ന സമയമാണിത്.
ആറ് മണിക്കൂർ ഉറക്കം മതിയോ?
ഏഴ് മണിക്കൂര്‍ വരെയാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ആരോഗ്യകരമായ ഉറക്കസമയം. എന്നാല്‍ മുതിർന്നവർക്കിടയിലും കുട്ടികൾക്കിടയിലും രാത്രി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ശീലം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. അത് മതിയെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ ഉറക്കക്കുറവ് ക്ഷീണം ഉണ്ടാക്കുക മാത്രമല്ല, ന്യൂറോളജിക്കൽ പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം. ശ്രദ്ധ, മെമ്മറി, ജാഗ്രത, തീരുമാനമെടുക്കൽ, പ്രതികരണ സമയം എന്നിവയെ തടസ്സപ്പെടുത്തുന്നു.
കാലക്രമേണ ഈ ഉറക്കക്കുറവ് ശരീരത്തിൻ്റെ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിയേക്കാം. മുറിവ് ഉണങ്ങാൻ പ്രയാസം, ഗട്ട് മൈക്രോബയോമിലെ മാറ്റങ്ങൾ, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, പ്രതിരോധശേഷി കുറയ്ക്കൽ എന്നിവയിലേക്ക് ഇത് നയിക്കാം. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ഡ്രൈവർമാർക്ക് വാഹനാപകടം ഉണ്ടാകാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഉറക്കക്കുറവ് ഹൃദ്രോഗം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, മാനസിക വൈകല്യങ്ങൾ, വിഷാദം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ ഉയർന്ന സാധ്യതയ്ക്ക് കാരണമാകുന്നു.
ഉറക്കം ശരീരഘടനയെ ബാധിക്കും
മതിയായ ഉറക്കം ശരീരഘടനയെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഉറക്കക്കുറവ്, പേശികളുടെ അളവു കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വര്‍ധിക്കാനും കാരണമാകുന്നു. കൂടാതെ തലച്ചോറിനുമുണ്ട് ഉറക്കം കൊണ്ട് ഗുണങ്ങള്‍. പകല്‍ സമയത്ത് അലട്ടുന്ന പ്രശ്നങ്ങള്‍ രാത്രി ഒരു നല്ല ഉറക്കത്തിന് ശേഷം ചിന്തിച്ചാല്‍ ആ പ്രശ്നം കുറച്ചു കൂടി വ്യക്തതയോടെയും പരിഹാരം കണ്ടെത്താനും സാധിക്കുന്നതായി ശ്രദ്ധിച്ചിട്ടില്ലേ?
ഉറക്കത്തിൽ മസ്തിഷ്കം, അത് ശേഖരിക്കുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്യുകയും മെമ്മറി രൂപീകരണത്തിനും പുതിയ കഴിവുകൾ പഠിക്കുന്നതിനും പ്രശ്നപരിഹാരത്തിനും സഹായിക്കുന്നു. കൂടാതെ ഉറക്കം മസ്തിഷകത്തിന് വിശ്രമം നൽകുന്നു. നന്നായി വിശ്രമിക്കുന്ന ആളുകൾക്ക് വ്യക്തമായി ചിന്തിക്കാനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാനും സാധിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കത്തിന് സാധിക്കും. ഉറക്കക്കുറവ് ഹോർമോൺ ബാലൻസ് തടസപ്പെടുത്തും, പ്രത്യേകിച്ച് ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ വിശപ്പ് ഹോർമോണുകളെ ഇത് ബാധിക്കുന്നു. ഉറങ്ങാതെയിരിക്കുമ്പോൾ വിശപ്പു ഉണ്ടാവുകയും അധിക കലോറി എടുക്കുന്നതിനും ഇത് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഗുണനിലവാരമുള്ള ഉറക്കം നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തവും ആരോഗ്യകരവുമാക്കാൻ സഹായിക്കും. കൗമാരക്കാർക്കിടയിൽ രാത്രി പതിവായി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുലാണെന്ന് ഗവേഷണങ്ങൾ പറയുന്നു.
ഉറക്കം മെച്ചപ്പെടുത്താന്‍ ചില പൊടികൈകള്‍
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടത്ര ഉറക്കം ലഭിക്കേണ്ട പ്രധാനമാണ്. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാൻ ചില പൊടിക്കൈകൾ
ഉണരാൻ ഒരു അലാറം സെറ്റ് ചെയ്യുന്നതു പോലെ കൃത്യസമയത്ത് ഉറങ്ങാനും ഒരു അലാറം സജ്ജമാക്കാം.
ഉറക്ക സമയം ക്രമേണ വർധിപ്പിക്കുക. ആറ് മണിക്കൂർ ഉറക്കം ശീലമായെങ്കിൽ ശുപാർശ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഏഴ് മണിക്കൂറിൽ എത്തുന്നതു വരെ ഓരോ രാത്രിയിലും ഉറക്കസമയം 5 മുതൽ 10 മിനിറ്റ് വരെ കൂട്ടുക.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ, ടിവി തുടങ്ങിയവ മാറ്റിവെക്കുക
ഉറങ്ങാൻ കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ ശ്രമിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ