നല്ല ഉറക്കം നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നല്ല ഉറക്കമെന്ന് പറഞ്ഞാൽ ഗുണനിലവാരമുള്ള ഉറക്കം എന്നാണ് അർഥമാക്കുന്നത്. പലർക്കും പല രീതിയിലാണ് ഉറക്കശീലങ്ങൾ. ചിലർക്ക് ലൈറ്റ് ഇട്ടാൽ ഉറക്കം പോകുമെങ്കിൽ, മറ്റ് ചിലർക്ക് മുറിയിൽ വെളിച്ചമില്ലാതെ ഉറങ്ങാൻ കഴിയില്ല. എന്നാൽ രാത്രി ഇത്തരത്തിൽ ലൈറ്റിട്ട് ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുറത്തു വന്ന പുതിയ പഠനത്തിൽ പറയുന്നത്.
വളരെ എളുപ്പത്തില്‍ പരിഷ്ക്കരിക്കാവുന്ന പാരിസ്ഥിതിക ഘടകമാണ് പ്രകാശം. അത് നമ്മുടെ ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. മെറ്റബോളിസം ഉൾപ്പെടെയുള്ള ശരീരത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നതിന് ശരീരത്തില്‍ ഒരു സർക്കാഡിയൻ റിഥം ഉണ്ട്. നമുക്കെല്ലാം അറിയാവുന്ന പോലെ ശരീരത്തിൻ്റെ കേന്ദ്ര സർക്കാഡിയൻ ക്ലോക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സമയ സൂചകമാണ് പ്രകാശം. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളുടെയും താളങ്ങളെ ഏകോപിപ്പിക്കുന്നു.
എന്നാല്‍ രാത്രിയിൽ പ്രകാശം ഏൽക്കുന്നതിലൂടെ ഈ സർക്കാഡിയൻ റിഥം തടസ്സപ്പെടുത്തുകയും ഉപാപചയ പ്രവർത്തന വൈകല്യത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യതയും വർധിപ്പിക്കുമെന്ന് ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് സര്‍വകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
85,000 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരോരുത്തരും തങ്ങളുടെ കൈത്തണ്ടയില്‍ ഒരു ലൈറ്റ് സെന്‍സര്‍ ധരിച്ചിരുന്നു. അത് പകലും രാത്രിയും അവര്‍ക്കുണ്ടാകുന്ന ലൈറ്റ് എക്സ്പോഷന് രേഖപ്പെടുത്തി. ഒൻപതു വർഷം നടത്തിയ പഠനത്തിൽ രാത്രി 12.30 മുതല്‍ രാവിലെ ആറ് മണി വരെ ലൈറ്റിന്റെ വെളിച്ചത്തില്‍ കിടന്നുറങ്ങിയവര്‍ക്ക് ടൈപ്പ് 2 പ്രമേഹം സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി.
രാത്രിയിൽ ലൈറ്റ് എക്സ്പോഷൻ കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നും ദി ലാന്‍സെറ്റ് റീജിണല്‍ ഹെല്‍ത്ത്- യൂറോപ്പ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. എന്നിരുന്നാലും ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിനും വെളിച്ചവും പ്രമേഹവും തമ്മിലുള്ള ബന്ധം കൂടുതൽ മനസിലാക്കുന്നതിനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ